ഇന്നലെ നടന്ന മൂന്നാം മത്സരത്തില്‍ ഓപ്പണറായി ഇറങ്ങിയ സഞ്ജു 42 പന്തില്‍ സെഞ്ചുറി നേടി. 51 പന്തില്‍ 121 റണ്‍സെടുത്ത സഞ്ജുവിന്‍റെ ബാറ്റിംഗ് കരുത്തില്‍ ബ്ലൂ ടൈഗേഴ്സ് അവസാന പന്തില്‍ ആവേശജയം സ്വന്തമാക്കി.
തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗില്‍ തുടര്‍ വിജയങ്ങളുമായി കൊച്ചി ബ്ലൂ ടൈഗേഴ്സ് മുന്നേറുമ്പോള്‍ ആരാധകര്‍ ആദ്യം കണ്ടപ്പോൾ അമ്പരന്നൊരു കാര്യമുണ്ട്. കൊച്ചി ടീമിന്‍റെ ജേഴ്സിയുടെ മുന്നിലും പിന്നിലും എഴുതിയിരിക്കുന്ന ധോണിയെന്ന പേര്. എന്തുകൊണ്ടാണ് കൊച്ചി താരങ്ങള്‍ ധോണിയുടെ പേരെഴുതിയ ജേഴ്സി ധരിക്കുന്നത് എന്നായിരുന്നു ആരാധകരുടെ ആദ്യ സംശയം.
എന്നാല്‍ സൂക്ഷിച്ചുനോക്കിയാല്‍ ആരാധകര്‍ക്ക് കാര്യം മനസിലാവും. കൊച്ചി ടീമിന്‍റെ സ്പോൺസര്‍മാരായ ധോണി ആപ്പിന്‍റെ പരസ്യമാണ് ടീം അംഗങ്ങളുടെ ജേഴ്സിയില്‍ എഴുതിയിരിക്കുന്നത്. ധോണി എന്ന് വലിയ അക്ഷരത്തിലും ആപ്പ് എന്ന് ചെറിയ അക്ഷരത്തിലും എഴുതിയിരിക്കുന്നതാണ് ആരാധകരെ ആദ്യം ആശയക്കുഴപ്പത്തിലാക്കിയത്. ധോണി ആപ്പ് പുറത്തിറക്കുമ്പോള്‍ കൊച്ചി ടീം വൈസ് ക്യാപ്റ്റനായ സഞ്ജു സാംസണും ആ ചടങ്ങില്‍ ധോണിക്കൊപ്പമുണ്ടായിരുന്നു.
ആരാധകരുമായി ആശയവിനിമയം നടത്തുന്നതിനായും ആരാധക കൂട്ടായ്മയെന്ന നിലയിലുമാണ് ധോണി ആപ്പ് പുറത്തിറക്കിയത്. ധോണിയുടെ കരിയര്‍, ജീവിതം, പുരസ്കാരങ്ങള്‍ എന്നിവയെക്കുറിച്ച് അറിയാനും ധോണി കൈയൊപ്പിട്ട ജേഴ്സി അടക്കം ആരാധകര്‍ക്ക് പണം നല്‍കി വാങ്ങുന്നതിനും ആപ്പില്‍ സൗകര്യമുണ്ട്. രാജ്യത്തെ വിവിധ കച്ചവടസ്ഥാപനങ്ങളുമായി സഹകരിച്ച് റിവാര്‍ഡ് പോയന്‍റുകള്‍ നേടാനും റെഡീം ചെയ്യാനും ആപ്പില്‍ സൗകര്യമുണ്ട്.
ഏഷ്യാ കപ്പിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചതിന് പിന്നാലെ കേരള ക്രിക്കറ്റ് ലീഗ് രണ്ടാം സീസണ് തുടക്കമായപ്പോള്‍ സഞ്ജു സാംസണിന്‍റെ ബാറ്റിംഗ് പ്രകടനത്തിലേക്കായിരുന്നു ആരാധകരും ദേശീയ മാധ്യമങ്ങളും അടക്കം ഉറ്റുനോക്കിയത്. എന്നാല്‍ കെസിഎല്‍ രണ്ടാം സീസണിലെ ആദ്യ മത്സരത്തില്‍ ബാറ്റിംഗിനിറങ്ങാതിരുന്ന സഞ്ജു രണ്ടാം മത്സരത്തില്‍ ഫിനിഷറായി ഇറങ്ങി 22 പന്തില്‍ 13 റണ്‍സെടുത്ത് പുറത്തായിരുന്നു. എന്നാല്‍ ഇന്നലെ നടന്ന മൂന്നാം മത്സരത്തില്‍ ഓപ്പണറായി ഇറങ്ങിയ സഞ്ജു 42 പന്തില്‍ സെഞ്ചുറി നേടി. 51 പന്തില്‍ 121 റണ്‍സെടുത്ത സഞ്ജുവിന്‍റെ ബാറ്റിംഗ് കരുത്തില്‍ ബ്ലൂ ടൈഗേഴ്സ് അവസാന പന്തില്‍ ആവേശജയം സ്വന്തമാക്കി.


