1948ൽ ആഷസിനായി ഓസ്ട്രേലിയയിലേക്ക് പോകും വഴി കപ്പൽ നിര്‍ത്തി കൊളംബോയിലിറങ്ങിയ ഡോൺ ബ്രാഡ്മാന്‍റെ ബാറ്റിംഗ് കണ്ടാണ് പേഴ്സിക്ക്ക്രിക്കറ്റില്‍ കമ്പം കയറുന്നത്. കടൽ കടന്ന് കളി കാണാന്‍ ആദ്യം പോയത് 1979ലെ ലോകകപ്പിൽ.
മുംബൈ: ലോകകപ്പില്‍ ഇന്ത്യക്കെതിരായ നിര്‍ണായ പോരാട്ടത്തില്‍ ശ്രീലങ്കന്‍ താരങ്ങള്‍ ഗ്രൗണ്ടിലിറങ്ങിയത് കറുത്ത ആം ബാന്‍ഡ് കൈയില്‍ ധരിച്ച്. കഴിഞ്ഞ ദിവസം അന്തരിച്ച ശ്രീലങ്കന്‍ ടീമിന്‍റെ സൂപ്പര്‍ ഫാനായ അങ്കിള്‍ പേഴ്സിയെന്നെ പേഴ്സി അബേയ്സേക്കേറയോടുള്ള ആദരസൂചകമായാണ് ശ്രീലങ്കന്‍ താരങ്ങള്‍ കറുത്ത ആംബാന്‍ഡ് കൈയില്‍ ധരിച്ച് ഇറങ്ങിയത്. 1979 മുതല്‍ ശ്രീലങ്കയുടെ എല്ലാ മത്സരങ്ങള്‍ക്കും സ്റ്റേഡിയങ്ങളിലെ സ്ഥിര സാന്നിധ്യമായ അങ്കിള്‍ പേഴ്സി 1996ലെ ലോകകപ്പ് മുതലാണ് ശ്രദ്ധേയനായത്. ശ്രീലയങ്കയുടെ വലിയ പതാകയും കൈയിലേന്തി മത്സരങ്ങള്‍ കാണാനെത്തുന്ന അങ്കില്‍ പേഴ്സി താരങ്ങളുടെയും പ്രിയപ്പെട്ട ആരാധകനായിരുന്നു.
അനാരോഗ്യം മൂലം ഇത്തവണ ലോകകപ്പിന് എത്താതിരുന്ന അങ്കിള്‍ പേഴ്സി 87-ാം വയസിലാണ് അന്തരിച്ചത്. 1948ൽ ആഷസിനായി ഓസ്ട്രേലിയയിലേക്ക് പോകും വഴി കപ്പൽ നിര്‍ത്തി കൊളംബോയിലിറങ്ങിയ ഡോൺ ബ്രാഡ്മാന്‍റെ ബാറ്റിംഗ് കണ്ടാണ് പേഴ്സിക്ക് ക്രിക്കറ്റില്‍ കമ്പം കയറുന്നത്. കടൽ കടന്ന് കളി കാണാന്‍ ആദ്യം പോയത് 1979ലെ ലോകകപ്പായിരുന്നു.
അന്ന് മുതൽ ശ്രീലങ്കൻ പതാകയുമായി ദേശീയ ടീമിന്റെ മത്സരവേദികളിലെല്ലാം പേഴ്സിയെത്തി. 1996ലെ ലോകകപ്പിൽ ശ്രീലങ്ക ജയിച്ചതോടെ സൂപ്പര്‍ ഫാനായി അങ്കിൾ പേഴ്സി. പ്രായാധിക്യം കാരണം വിശ്രമത്തിലായിരുന്ന പേഴ്സിക്ക് ആശംസകളുമായി ഏഷ്യാ കപ്പിനിടെ രോഹിത് ശര്‍മ്മ വീട്ടിലെത്തിയത് ഇന്ത്യൻ ക്രിക്കറ്റ് നൽകുന്ന ആദരവിന് തെളിവായി. അങ്കിള്‍ പേഴ്സിയുമായി കൂടിക്കാഴ്ച നടത്താനായത് വലിയ ഭാഗ്യമാണെന്നായിരുന്നു രോഹിത് അന്ന് പ്രതികരിച്ചത്. 2008ല്‍ സീനിയര്‍ ടീമിനൊപ്പം ആദ്യമായി ശ്രീലങ്കന്‍ പര്യടനത്തിന് പോയപ്പോള്‍ അങ്കിള്‍ പേഴ്സിയെ കണ്ടകാര്യവും രോഹിത് ഓര്‍ത്തെടുത്തിരുന്നു.
രോഹിത് വിശ്വകിരീടം ഉയര്‍ത്തുമെന്ന പ്രവചനം യാഥാര്‍ത്ഥ്യമാകുമോയെന്നറിയാതെയാണ് അങ്കിള്‍ പേഴ്സി വിടവാങ്ങിയത്. 2012ലെ ട്വന്‍റി 20 ലോകകപ്പ് റിപ്പോര്‍ട്ടിംഗിനായി കൊളംബോയിൽ പോയപ്പോള്‍ , ഏഷ്യാനെറ്റ് ന്യൂസ് സംഘം പേഴ്സിയുമായി സംസാരിച്ചിരുന്നു.
