വരും വര്‍ഷം വരാനിരിക്കുന്ന ട്വന്‍റി 20 ലോകകപ്പിനായി കൃത്യമായ പദ്ധതികളുണ്ട് എന്ന് തെളിയിക്കുകയാണ് വിന്‍ഡീസ് ക്രിക്കറ്റ്

ബാര്‍ബഡോസ്: ഇക്കഴിഞ്ഞ ഏകദിന ലോകകപ്പ് ക്രിക്കറ്റിന് യോഗ്യത നേടാന്‍ കഴിയാതിരുന്നത് വെസ്റ്റ് ഇന്‍ഡീസ് ടീമിനെ ചെറിയ നാണക്കേടിലേക്കൊന്നുമല്ല തള്ളിവിട്ടത്. രണ്ടുവട്ടം ഏകദിന ലോക ചാമ്പ്യന്‍മാരായ ടീം പ്രതാപത്തിന്‍റെ നിഴലില്‍ പോലുമില്ലെങ്കിലും ഇത്ര ദയനീയമായ വിധി വിമര്‍ശകര്‍ പോലും പ്രതീക്ഷിച്ചുകാണില്ല. എന്നാല്‍ ഏകദിന ലോകകപ്പ് കഴിഞ്ഞയുടന്‍ ഇംഗ്ലണ്ടിനെ ഏകദിന പരമ്പരയില്‍ 2-1ന് മലര്‍ത്തിയടിച്ച് വിന്‍ഡീസ് തിരിച്ചുവരവിന്‍റെ സൂചന കാട്ടി. ഇപ്പോള്‍ ഓള്‍റൗണ്ടര്‍ ആന്ദ്രേ റസലിനെ തിരിച്ചുകൊണ്ടുവന്ന് ട്വന്‍റി 20യിലും കരുത്ത് വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ് വിന്‍ഡീസ്. 

വരും വര്‍ഷം വരാനിരിക്കുന്ന ട്വന്‍റി 20 ലോകകപ്പിനായി കൃത്യമായ പദ്ധതികളുണ്ട് എന്ന് തെളിയിക്കുകയാണ് വിന്‍ഡീസ് ക്രിക്കറ്റ്. ഏകദിന പരമ്പരയ്‌ക്ക് പിന്നാലെ ഇംഗ്ലണ്ടിനെതിരെ ബാര്‍ബഡോസില്‍ നടന്ന ആദ്യ ട്വന്‍റി 20യിലും വിന്‍ഡീസ് തകര്‍പ്പന്‍ ജയം സ്വന്തമാക്കി. ഇംഗ്ലണ്ടിനെതിരായ പരമ്പരയ്‌ക്കുള്ള ട്വന്‍റി 20 ടീമിനെ പ്രഖ്യാപിച്ചപ്പോള്‍ സെലക്‌ടര്‍മാര്‍ കരുതിവച്ച സര്‍പ്രൈസ് വിജയിച്ചതാണ് കരീബിയന്‍ ടീമിന് നാല് വിക്കറ്റിന്‍റെ ജയമൊരുക്കിയത്. രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ആന്ദ്രേ റസലിനെ വിന്‍ഡീസ് ടി20 സ്ക്വാഡിലേക്ക് മടക്കിവിളിച്ചപ്പോഴേ കാര്യങ്ങള്‍ വ്യക്തമായിരുന്നു. ഇംഗ്ലണ്ടിനെതിരെ തിളങ്ങിയാല്‍ റസല്‍ 2024ലെ ടി20 ലോകകപ്പ് കളിക്കും എന്ന് അന്നേ ഉറപ്പായി. ആ കണക്കുകൂട്ടല്‍ ഇംഗ്ലണ്ടിനെതിരായ ആദ്യ മത്സരം കൊണ്ടുതന്നെ ശരിയായി എന്നുവേണം കരുതാന്‍. 

ബാര്‍ബഡോസിലെ ആദ്യ ട്വന്‍റി 20യില്‍ ബൗളിംഗില്‍ 4 ഓവറില്‍ വെറും 19 റണ്‍സിന് മൂന്ന് വിക്കറ്റും ബാറ്റിംഗില്‍ 14 പന്തില്‍ രണ്ട് വീതം ഫോറും സിക്‌സും സഹിതം പുറത്താവാതെ 29* റണ്‍സും റസല്‍ പേരിലാക്കി. രാജകീയം എന്നുതന്നെ വിശേഷിപ്പിക്കേണ്ട തിരിച്ചുവരവ്. മത്സരത്തില്‍ ഇരു ടീമുകളിലും വച്ച് ഏറ്റവും മികച്ച ഇക്കോണമിയില്‍ പന്തെറിഞ്ഞ ബൗളര്‍ ആന്ദ്രേ റസലാണ്. 6.1 ഓവറില്‍ 77 റണ്‍സ് ചേര്‍ന്ന ഇംഗ്ലീഷ് ഓപ്പണിംഗ് കൂട്ടുകെട്ട് പൊളിച്ചാണ് റസല്‍ തിരിച്ചുവരവില്‍ ആഘോഷം തുടങ്ങിയതുതന്നെ. ഫ്രാഞ്ചൈസി ലീഗുകളിലെയും രാജ്യാന്തര ക്രിക്കറ്റിലേയും വലിയ പരിചയസമ്പത്തും മടങ്ങിവരവില്‍ റസലിനെ തുണച്ചു എന്ന് വ്യക്തം. 

ഇംഗ്ലണ്ടിനെതിരെ അവശേഷിക്കുന്ന രണ്ട് ടി20കളില്‍ കൂടി മികവ് കാട്ടിയാല്‍ രണ്ടുവട്ടം ആലോചിക്കാതെ 35കാരനായ റസലിനെ വിന്‍ഡീസ് സെലക്ടര്‍മാര്‍ ലോകകപ്പ് ടീമില്‍ ഉള്‍പ്പെടുത്തും എന്നുറപ്പ്. ലോകകപ്പിന് മുമ്പ് നടക്കുന്ന ഐപിഎല്ലും മികവ് കാട്ടാനുള്ള അവസരമായി റസലിന് മുന്നിലുണ്ട്. രണ്ട് ട്വന്‍റി 20 ലോകകപ്പ് (2012 & 2016) കിരീടങ്ങളുടെ പകിട്ടുള്ള ടീമാണ് വിന്‍ഡീസ്. പുരുഷ ട്വന്‍റി 20 ലോകകപ്പില്‍ രണ്ട് കിരീടങ്ങളുള്ള ഏക ടീമും വെസ്റ്റ് ഇന്‍ഡീസാണ്. 2022ലെ ടി20 ലോകകപ്പിന്‍റെ സൂപ്പര്‍ 12 ഘട്ടത്തിലേക്ക് യോഗ്യത നേടാന്‍ വെസ്റ്റ് ഇന്‍ഡീസിന് സാധിച്ചിരുന്നില്ല. ഇതിന് പിന്നാലെയാണ് 2023ലെ ഏകദിന ലോകകപ്പ് യോഗ്യതയും നഷ്‌ടമായത്. 

Read more: റസല്‍ ഈസ് ബാക്ക്, ഇംഗ്ലണ്ടിനെ ഔള്‍റൗണ്ട് പഞ്ഞിക്കിടല്‍; ആദ്യ ട്വന്‍റി 20യില്‍ മലര്‍ത്തിയടിച്ച് വിന്‍ഡീസ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം