രഞ്ജി സീസണില്‍ 13.23 ശരാശരിയിലാണ് ഉനദ്ഘട്ട് 67 വിക്കറ്റ് വീഴ്ത്തിയത്. സെമിയിലും ഫൈനലിലും ഉനദ്ഘട്ട് നിര്‍ണായക വിക്കറ്റുകള്‍ വീഴ്ത്തി കളി സൗരാഷ്ട്രക്ക് അനുകൂലമാക്കുകയും ചെയ്തിരുന്നു.

രാജ്കോട്ട്: സൗരാഷ്ട്രക്ക് ആദ്യ രഞ്ജി ട്രോഫി കിരീടം സമ്മാനിച്ച നായകന്‍ ജയദേവ് ഉനദ്ഘട്ടിനെ പ്രശംസകൊണ്ട് മൂടി ഇന്ത്യന്‍ താരം ചേതേശ്വര്‍ പൂജാര. 67 വിക്കറ്റ് വീഴ്ത്തി രഞ്ജി സീസണില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് വീഴ്ത്തുന്ന രണ്ടാമത്തെ ബൗളറെന്ന നേട്ടം സ്വന്തമാക്കിയ ഉനദ്ഘട്ടിനെ ഇന്ത്യന്‍ ടീമിലേക്ക് പരിഗണിക്കുന്നില്ലെങ്കില്‍ അത് വലിയ അത്ഭുതമായിരിക്കുമെന്ന് പൂജാര പറഞ്ഞു.

രഞ്ജി സീസണില്‍ 13.23 ശരാശരിയിലാണ് ഉനദ്ഘട്ട് 67 വിക്കറ്റ് വീഴ്ത്തിയത്. സെമിയിലും ഫൈനലിലും ഉനദ്ഘട്ട് നിര്‍ണായക വിക്കറ്റുകള്‍ വീഴ്ത്തി കളി സൗരാഷ്ട്രക്ക് അനുകൂലമാക്കുകയും ചെയ്തിരുന്നു. സീസണില്‍ മുഴുവന്‍ ഉനദ്ഘട്ട് ഉജ്ജ്വലമായാണ് പന്തെറിഞ്ഞത്. ഒരു രഞ്ജി സീസണില്‍ 67 വിക്കറ്റെടുക്കുക എന്നതിനേക്കാള്‍ മികച്ച രീതിയില്‍ പന്തെറിയാന്‍ ആര്‍ക്കെങ്കിലും കഴിയുമെന്ന് കരുതുന്നില്ല.

28കാരനായ ഉനദ്ഘട്ട് 2018ല്‍ ബംഗ്ലാദേശിനെതിരായ ടി20യിലാണ് ഉനദ്ഘട്ട് ഇന്ത്യക്കായി അവസാനമായി കളിച്ചത്. 2019ല്‍ ഇന്ത്യക്കായി ഒരു ടെസ്റ്റിലും 2013ല്‍ ഏഴ് ഏകദിനങ്ങളിലും ഉനദ്ഘട്ട് കളിച്ചിട്ടുണ്ട്.