തിരുവനന്തപുരം: കഴിവിന്‍റെ പരമാവധി കളത്തില്‍ പ്രകടമാക്കണമെന്നുള്ള ആഗ്രഹമുണ്ടായിരുന്നു കാര്യവട്ടത്ത് കളിക്കുമ്പോഴെന്ന് മനസ് തുറന്ന് സഞ്ജു വി സാംസണ്‍. സ്വന്തം നാട്ടില്‍ കളിക്കുമ്പോള്‍ ലഭിക്കുന്ന ഗ്രൗണ്ട് സപ്പോര്‍ട്ട് മികച്ചതാണ്. അതുകൊണ്ട് തന്നെ അവരെ നിരാശപ്പെടുത്തരുതെന്ന് ആഗ്രഹമുണ്ടായിരുന്നു. 

മൂന്നാമതായി ഇറങ്ങേണ്ടി വരുമെന്ന് മത്സരത്തലേന്ന് ടീം മീറ്റിങ് സമയത്ത് അറിയിച്ചികുന്നു. അതുകൊണ്ട് ഒന്ന് തയ്യാറെടുക്കാന്‍ സാധിച്ചു. സിക്സര്‍, ഫോര്‍ ഇവ മാത്രം ലക്ഷ്യമിട്ടല്ലായിരുന്നു ഗ്രൗണ്ടിലിറങ്ങിയത്. മാക്സിമം റണ്‍സ് എടുക്കാനുള്ള ശ്രമം ആയിരുന്നു.  സ്വന്തം നാട്ടിലെ മത്സരമാണ് അതില്‍ മോശമാകരുതെന്ന് നിര്‍ബന്ധമുണ്ടായിരുന്നു. 

ഇന്ത്യന്‍ ടീമിലേക്ക് എപ്പോള്‍ വിളിച്ചാലും  തയ്യാറായിരിക്കാനാണ് ശ്രമമെന്ന് സഞ്ജു പറഞ്ഞു. തന്‍റെ സമയം വരുമെന്ന് ഉറപ്പാണെന്നും സഞ്ജു കൂട്ടിച്ചേര്‍ത്തു. സഹതാരങ്ങളുടെ അഭിനന്ദനം എന്നും പ്രചോദനമെന്നും സഞ്ജു വി സാംസൺ പറഞ്ഞു.