മുംബൈ: ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഭാഗമായി ടെസ്റ്റ് ക്രിക്കറ്റില്‍ കളിക്കാര്‍ ധരിക്കുന്ന വെളുത്ത ജേഴ്സിയിലും പേരും ജേഴ്സി നമ്പറും അടയാളപ്പെടുത്തിക്കൊണ്ടുള്ള പരിഷ്കാരം നടപ്പിലാവുമ്പോള്‍ ഇന്ത്യന്‍ ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഒരു ചോദ്യമുണ്ട്. ഏകദിന ക്രിക്കറ്റില്‍ എം എസ് ധോണി അണിയുന്ന ഏഴാം നമ്പര്‍ ജേഴ്സി ടെസ്റ്റില്‍ ആരായിരിക്കും ധരിക്കുക എന്നത്.

ധോണിയോടുള്ള ആദരസൂചകമായി ഏഴാം നമ്പര്‍ ജേഴ്സി പിന്‍വലിക്കണമെന്ന അഭിപ്രായം ഇപ്പോഴെ ഉയര്‍ന്നുകഴിഞ്ഞു. 2014ല്‍ ടെസ്റ്റില്‍ നിന്ന് വിരമിച്ച ധോണി ഏകദിനത്തിലും ടി20യിലും മാത്രമാണ് ഇപ്പോള്‍ ഇന്ത്യക്കായി കളിക്കുന്നത്. ഇന്ത്യന്‍ നായകന്‍ വിരാട് കോലി ടെസ്റ്റിലും 18-ാം നമ്പര്‍ ജേഴ്സി ധരിച്ചുതന്നെയാവും ഇറങ്ങുക. വെസ്റ്റ് ഇന്‍ഡീസിനെതിരെ അടുത്തമാസം നടക്കുന്ന ഇന്ത്യയുടെ ടെസ്റ്റ് പരമ്പരയിലാവും കളിക്കാരുടെ പേരും ജേഴ്സി നമ്പറുമുള്ള ജേഴ്സികള്‍ ഇന്ത്യന്‍ കളിക്കാര്‍ ആദ്യമായി ധരിക്കുക.

ധോണി ടെസ്റ്റില്‍ കളിക്കാത്തതിനാല്‍ ഏഴാം നമ്പര്‍ ജേഴ്സിയും ഉണ്ടാവുമെങ്കിലും ഇതാരെങ്കിലും എടുക്കാനുള്ള സാധ്യത കുറവാണെന്നാണ് ബിസിസിഐ പ്രതിനിധി പിടിഐയോട് പറഞ്ഞത്. മുമ്പ് സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ വിരമിച്ചപ്പോള്‍ സച്ചിന്‍ ധരിച്ചിരുന്ന പത്താം നമ്പര്‍ ജേഴ്സിയും പിന്‍വലിക്കണമെന്ന് ആവശ്യമുയര്‍ന്നിരുന്നു. എന്നാല്‍ അപ്പോള്‍ അത് പിന്‍വലിക്കാതിരുന്ന ബിസിസിഐ പിന്നീട് ശര്‍ദ്ദൂല്‍ ഠാക്കൂര്‍ പത്താം നമ്പര്‍ ജേഴ്സി ധരിച്ച് കളിക്കാനിറങ്ങിയപ്പോള്‍ ആരാധകര്‍ പ്രതിഷേധിച്ചതിനെത്തുടര്‍ന്ന് പത്താം നമ്പര്‍ ജേഴ്സി പിന്‍വലിച്ചു.

ജേഴ്സികള്‍ ഔദ്യോഗികമായി പിന്‍വലിക്കുക സാധ്യമല്ലെങ്കിലും കളിക്കാരോടുള്ള ആദരസൂചകമായി അവ ആരും ധരിക്കാതിരിക്കാനുള്ള മുന്‍കരുതല്‍ പല ബോര്‍ഡുകളും സ്വീകരിക്കാറുണ്ട്.ഓസ്ട്രേലിയയും ഇംഗ്ലണ്ടും തമ്മില്‍ ഓഗസ്റ്റ് ഒന്നിന് ആരംഭിക്കുന്ന ആഷസ് പരമ്പരയിലാകും പേരും ജേഴ്സി നമ്പറും ധരിച്ചുള്ള ജേഴ്സികള്‍ ധരിച്ചുകൊണ്ട് കളിക്കാര്‍ ആദ്യമായി ഗ്രൗണ്ടിലിറങ്ങുക. കൗണ്ടി ക്രിക്കറ്റിലാണ് ഈ പരിഷ്കാരം ആദ്യമായി കൊണ്ടുവന്നത്.