മൂന്ന് ഫോര്‍മാറ്റിനു ഒരു ക്യാപ്റ്റനെന്ന നയം നടപ്പാക്കുന്നതിന് മുന്നോടിയായി കൂടിയാണ് ഗില്ലിനെ ടി20 ടീമിന്‍റെ വൈസ് ക്യാപ്റ്റനാക്കിയിരിക്കുന്നത്.
മുംബൈ: ഏഷ്യാ കപ്പിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചപ്പോള്‍ ശുഭ്മാന്‍ ഗില്‍ വൈസ് ക്യാപ്റ്റനായി ഇന്ത്യൻ ടീമിലെത്തിയത് അപ്രതീക്ഷിതമായി. ഗില്ലിനെ ഏഷ്യാ കപ്പ് ടീമിലെടുക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകൾ വന്നിരുന്നെങ്കിലും യശസ്വി ജയ്സ്വാളിനെ മൂന്നാം ഓപ്പണറായി പരിഗണിച്ചേക്കുമെന്നായിരുന്നു അവസാനം പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ മിന്നിയ ഗില്ലിനെ ടി20 ടീമിന്‍റെ വൈസ് ക്യാപ്റ്റനാക്കിയതിലൂടെ സെലക്ടര്‍മാര്‍ നല്‍കുന്ന സന്ദേശം വ്യക്തമാണ്. മൂന്ന് ഫോര്‍മാറ്റിലും ഒരു ക്യാപ്റ്റനെന്ന നയം നടപ്പാക്കുന്നതിന് മുന്നോടിയായി കൂടിയാണ് ഗില്ലിനെ ടി20 ടീമിന്‍റെ വൈസ് ക്യാപ്റ്റനാക്കിയിരിക്കുന്നത്. അടുത്ത വര്‍ഷം ഇന്ത്യയിലും ശ്രീലങ്കയിലുമായി നടക്കുന്ന ടി20 ലോകകപ്പില്‍ ഗില്‍ ഇന്ത്യയെ നയിക്കുമെന്നതിന്‍റെ വ്യക്തമായ സൂചന കൂടിയാണിത്. അക്സര്‍ പട്ടേലിനെ മാറ്റിയാണ് ഗില്ലിനെ സെലക്ടര്‍മാര്‍ വൈസ് ക്യാപ്റ്റനാക്കിയിരിക്കുന്നത്.
ഇതിന് പുറമെ മലയാളി താരം സഞ്ജു സാംസണെ ഏഷ്യാ കപ്പ് ടീമില്‍ ഓപ്പണറായി നിലനിര്‍ത്തിയെങ്കിലും ഗില്‍ ടീമിലെത്തിയതോടെ മൂന്നാം ഓപ്പണറായി മാത്രമെ പരിഗണിക്കൂവെന്നതിന്‍റെ സൂചനകളും അഗാര്‍ക്കര്‍ ഇന്ന് വാര്‍ത്താ സമ്മേളനത്തില്‍ നല്‍കി. ഗില്ലുും സഞ്ജുവും ടീമിലുള്ളപ്പോള്‍ ആര് ഓപ്പണ്‍ ചെയ്യുമെന്ന ചോദ്യത്തിന് ഇരുവരും മികച്ച ഓപ്പണര്‍മാരാണെന്നും ദുബായിലെ സാഹചര്യങ്ങള്‍ക്ക് അനുസരിച്ച് കോച്ച് ഗൗതം ഗംഭീറും ക്യാപ്റ്റൻ സൂര്യകുമാര്‍ യാദവും ചേര്‍ന്ന് ഇക്കാര്യത്തില്‍ അന്തിമ തിരുമാനമെടുക്കുമെന്നുമായിരുന്നു അഗാര്‍ക്കറുടെ മറുപടി.
അഭിഷേക് ശര്‍മ ഓപ്പണര്‍ സ്ഥാനം ഉറപ്പിച്ചതിനാല്‍ രണ്ടാം ഓപ്പണറായി വൈസ് ക്യാപ്റ്റനാണെന്നതിനാല്‍ ഗില്‍ സ്വാഭാവികമായും ടീമിലെത്തും. സഞ്ജുവിനെ പ്രധാന വിക്കറ്റ് കീപ്പറായി പരിഗണിക്കുന്നില്ലെന്നതിന്‍റെ സൂചനയും അഗാര്‍ക്കര്‍ നല്‍കിയിട്ടുണ്ട്. ടീം പ്രഖ്യാപനത്തില്‍ സഞ്ജുവിന്‍റെ പേര് ജിതേഷ് ശര്‍മക്കും ശേഷമാണ് അഗാര്‍ക്കര്‍ പ്രഖ്യാപിച്ചത്. ശുഭ്മാന്‍ ഗില്ലും അഭിഷേക് ശര്‍മയും ഓപ്പണര്‍മാരായി ടീമിലെത്തിയാല്‍ ഫിനിഷറും വിക്കറ്റ് കീപ്പറുമായി ജിതേഷ് ശര്‍മയെയാകും പ്ലേയിംഗ് ഇലവനിലേക്ക് ആദ്യം പരിഗണിക്കുക. സഞ്ജുവിനെ ടോപ് ഓര്‍ഡറിലോ ഓപ്പണറായോ മാത്രമെ പരിഗണിക്കാനിടയുള്ളു. ഫിനിഷര്‍മാരായി റിങ്കു സിംഗ്, ശിവം ദുബെ എന്നിവരും ടീമിലുള്ളതിനാല്‍ സഞ്ജുവിനെ മധ്യനിരയിലേക്ക് പരിഗണിക്കാനിടയില്ല. മൂന്നാം നമ്പറില്‍ തിലക് വര്‍മയും നാലാം നമ്പറില്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവും അഞ്ചാമത് ഹാര്‍ദ്ദിക് പാണ്ഡ്യയും ഇറങ്ങുമ്പോള്‍ സഞ്ജുവിന് ഓപ്പണറായി മാത്രമെ ഇറങ്ങാന്‍ ഇടമുണ്ടകു എന്നാണ് കരുതുന്നത്.


