ഛത്തീസ്ഗഡിനെതിരെ മഹാരാഷ്ട്രക്കായി പൃഥ്വി ഷാ തകർപ്പൻ സെഞ്ചുറി നേടി. 122 പന്തിൽ 14 ഫോറും ഒരു സിക്സും പറത്തിയാണ് പൃഥ്വി ഷാ സെഞ്ചുറി തികച്ചത്.

ചെന്നൈ: ബുച്ചി ബാബു ക്രിക്കറ്റില്‍ ഛത്തീസ്ഗഡിനെതിരെ മഹാരാഷ്ട്രക്കായി തകര്‍പ്പന്‍ സെഞ്ചുറിയുമായി തിളങ്ങി യുവതാരം പൃഥ്വി ഷാ. 122 പന്തില്‍ 14 ഫോറും ഒരു സിക്സും പറത്തിയാണ് പൃഥ്വി ഷാ സെഞ്ചുറി തികച്ചത്. 71 റണ്‍സിന്‍റെ ഓപ്പണിംഗ് കൂട്ടുകെട്ടിനുശേഷം 16 റണ്‍സെടുക്കുന്നതിനിടെ നാലു വിക്കറ്റ് നഷ്ടമായി പതറിയ മഹാരാഷ്ട്രയെ പൃഥ്വി ഷായുടെ സെഞ്ചറിയാണ് കരകയറ്റിയത്. ചെന്നൈ സൂപ്പര്‍ കിംഗ്സ് നായകന്‍ റുതുരാജ് ഗെയ്ക്‌വാദ്(1), മഹാരാഷ്ട്ര നായകന്‍ അങ്കീത് ബവാനെ എന്നിവരെ രണ്ടോവറിനിടെ നഷ്ടമായശേഷം സിദ്ധാര്‍ത്ഥ് മാത്രെയെ കൂട്ടുപിടിച്ച് പൃഥ്വി ഷാ 57 റണ്‍സ് കൂട്ടിച്ചേര്‍ത്ത് മഹാരാഷ്ട്രയെ കൂട്ടത്തകര്‍ച്ചയില്‍ നിന്ന് കരകയറ്റി. നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഛത്തീസ്‌ഗഡ് ആദ്യ ദിനം 252 റണ്‍സെടുത്തിരുന്നു.

ആഭ്യന്തര ക്രിക്കറ്റില്‍ കഴിഞ്ഞ സീസണൊടുവിലാണ് പൃഥ്വി ഷാ മുംബൈ ടീം വിട്ട് മഹാരാഷ്ട്രയിലെത്തിയത്. കഴിഞ്ഞ സീസണില്‍ മുഷ്താഖ് അലി ടി20യില്‍ കിരീടം നേടിയ മുംബൈ ടീമിലുണ്ടായിരുന്ന പൃഥ്വി ഷായെ ഐപിഎല്ലില്‍ ആരും ടീമിലെടുത്തിരുന്നില്ല. 2021ല്‍ അവസാനമായി ഇന്ത്യൻ കുപ്പായത്തില്‍ കളിച്ച പൃഥ്വി ഷാക്ക് മഹാരാഷ്ട്രയിലേക്കുള്ള കൂടുമാറ്റം കൂടുതല്‍ അവസരങ്ങള്‍ കൊണ്ടുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Scroll to load tweet…

അച്ചടക്കമില്ലായ്മയുടെയും ശാരീരികക്ഷമതയില്ലാത്തതിന്‍റെയും പേരില്‍ കഴിഞ്ഞ വര്‍ഷം രഞ്ജി ട്രോഫി ടീമില്‍ നിന്ന് പൃഥ്വി ഷായെ മുംബൈ ഒഴിവാക്കിയിരുന്നു. പൃഥ്വി ഷായെ മുംബൈ ക്രിക്കറ്റ് അസോസിയേഷന്‍റെ പരിശീലകര്‍ക്ക് കീഴില്‍ രണ്ടാഴ്ച ഫിറ്റ്‌നെസ് വീണ്ടെടുക്കാനുള്ള പരിശീലനത്തിന് വിടുകയും ചെയ്തിരുന്നു. പൃഥ്വി ഷായുടെ ശരീത്തില്‍ 35 ശതമാനം അധിക കൊഴുപ്പാണെന്ന് പരിശീലകര്‍ റിപ്പോര്‍ട്ട് നല്‍കി. ശരീരഭാരവും കൊഴുപ്പും കുറക്കാന്‍ കഠിന പരിശീലനവും പരിശീലകര്‍ നിര്‍ദേശിച്ചിരുന്നു. മുംബൈക്കായി വീണ്ടും കളിക്കണമെങ്കില്‍ ഫിറ്റ്‌നെസ് വീണ്ടെടുക്കണമെന്നും മുംബൈ ക്രിക്കറ്റ് അസോസിയേഷന്‍ നിര്‍ദേശിച്ചിരുന്നു. എന്നാല്‍ പിന്നീടും ഫിറ്റ്‌നെസ് വീണ്ടെടുക്കാന്‍ കഴിയാത്തതിനെ തുടര്‍ന്ന് പൃഥ്വി ഷായെ ഡിസംബറില്‍ നടന്ന വിജയ് ഹസാരെ ട്രോഫിക്കുള്ള മുംബൈ ടീമിലേക്കും പരിഗണിച്ചിരുന്നില്ല. തുടര്‍ന്നാണ് പൃഥ്വി ഷാ ടീം മാറാന്‍ മുംബൈ ക്രിക്കറ്റ് അസോസിയേഷന് അപേക്ഷ നല്‍കിയത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക