വനിതാ ലോകകപ്പ് കമന്‍ററിക്കിടെ പാക് താരം നതാലിയ പർവേസിനെ 'ആസാദ് കശ്മീരിൽ' നിന്നുള്ള താരമെന്ന് മുൻ ക്യാപ്റ്റൻ സന മിർ വിശേഷിപ്പിച്ചത് വലിയ വിവാദമായി. സനയെ കമന്ററി പാനലിൽ നിന്ന് നീക്കം ചെയ്യണമെന്ന് ആവശ്യം ശക്തമായി. 

മുംബൈ: ഇന്ത്യയിലും ശ്രീലങ്കയിലുമായി നടക്കുന്ന വനിതാ ലോകകപ്പിൽ പാകിസ്ഥാൻ മുൻ ക്യാപ്റ്റൻ സന മിർ കമന്‍ററിക്കിടെ നടത്തിയ പരാമര്‍ശം വിവാദത്തിൽ. പാകിസ്ഥാൻ-ബംഗ്ലാദേശ് മത്സരത്തിനിടെയാണ് സംഭവം. പാക് താരം നതാലിയ പർവേസിനെ ആസാദ് കശ്മീരിൽ നിന്നുള്ള താരം എന്ന് സന മിർ വിശേഷിപ്പിച്ചതാണ് വിവാദത്തിന് തിരികൊളുത്തിയിട്ടുള്ളത്. രാഷ്ട്രീയവും കായികരംഗവും കൂട്ടിക്കലർത്തുന്നതിനെതിരെ ഐസിസി കർശനമായി വിലക്കേർപ്പെടുത്തിയിട്ടുള്ള സാഹചര്യത്തിൽ, സന മിറിന്‍റെ പരാമർശം ചട്ടലംഘനമാണെന്നാണ് വിമര്‍ശനങ്ങൾ ഉയരുന്നത്.

സന മിർ ക്രിക്കറ്റിലേക്ക് ഭൂമിശാസ്ത്രപരമായ രാഷ്ട്രീയം വലിച്ചിഴച്ചതിനും ഇന്ത്യയുടെ അവകാശവാദത്തെ ചോദ്യം ചെയ്യാൻ ശ്രമിച്ചതിനും എതിരെ ആയിരക്കണക്കിന് ആരാധകരാണ് സോഷ്യൽ മീഡിയയിൽ പ്രതിഷേധിച്ചത്. ഐസിസിയേയും ബിസിസിഐയേയും ടാഗ് ചെയ്തുകൊണ്ട്, കമന്‍ററി പാനലിൽ നിന്ന് സന മിറിനെ നീക്കം ചെയ്യണമെന്ന് ആരാധകർ ശക്തമായി ആവശ്യപ്പെട്ടു.

നേരത്തെ, ഏഷ്യാ കപ്പ് 2025ലും സമാനമായ സംഭവങ്ങൾ അരങ്ങേറിയിരുന്നു. ഇന്ത്യക്കെതിരെയുള്ള മത്സരത്തിൽ പാക് പേസർ ഹാരിസ് റൗഫ് നടത്തിയ 'ഫൈറ്റർ ജെറ്റ് അനുകരണവും' '6-0' ആംഗ്യവും വലിയ വിവാദമുണ്ടാക്കി. ഈ ആംഗ്യങ്ങൾ, ഈ വർഷം ആദ്യം നടന്ന ഓപ്പറേഷൻ സിന്ദൂറിൽ പാകിസ്ഥാൻ്റെ സൈനിക നടപടിയിലെ നാണക്കേടുണ്ടാക്കിയ പരാജയത്തിന് ശേഷം പാക് സൈന്യം ഉന്നയിച്ച തെറ്റായ അവകാശവാദങ്ങളെ അനുസ്മരിപ്പിക്കുന്നതായിരുന്നു.

വനിതാ ലോകകപ്പിലും ഹസ്തദാനമില്ല

അതേസമയം, ഏഷ്യാ കപ്പിന് പിന്നാലെ വനിതാ ലോകകപ്പിലും പാകിസ്ഥാന്‍ താരങ്ങള്‍ക്ക് ഇന്ത്യന്‍ ടീം ഹസ്തദാനം നല്‍കേണ്ടെന്ന് തീരുമാനമായി. പാക് താരങ്ങള്‍ക്ക് ഹസ്തദാനം നല്‍കേണ്ടെന്ന് ബിസിസിഐ ഇന്ത്യന്‍ ടീമിനെ അറിയിച്ചു. ഞായറാഴ്ച കൊളംബോയിലാണ് ഇന്ത്യ - പാകിസ്ഥാന്‍ മത്സരം. പഹല്‍ഗാം ഭീകരാക്രമണത്തിന്‍റെ പശ്ചാത്തലത്തിലാണ് ബിസിസിഐ തീരുമാനം. വിവാദങ്ങളില്‍ അല്ല, ക്രിക്കറ്റിലാണ് ശ്രദ്ധയെന്ന് ഇന്ത്യന്‍ വനിതാ ടീം ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. അതിന് പിന്നാലെയാണ് ബിസിസിഐ നിര്‍ദേശം നല്‍കിയത്.