08:53 PM (IST) Nov 27

WPL Mega Auction Live:ഒടുവില്‍ മിന്നുമണിക്ക് ടീമായി, ഡല്‍ഹി ക്യാപിറ്റല്‍സില്‍

വനിതാ പ്രീമിയര്‍ ലീഗ് മെഗാ താരലേലത്തില്‍ മലയാളി താരം മിന്നുമണിയെ സ്വന്തമാക്കി ഡല്‍ഹി ക്യാപിറ്റല്‍സ്. ആദ്യ റൗണ്ട് ലേലത്തില്‍ മിന്നമണിയെ ആരും ടീമിലെടുത്തിരുന്നില്ല. എന്നാല്‍ അവസാനം നടന്ന ആക്സിലേററ്റഡ് റൗണ്ടിലാണ് മിന്നുമണിയെ ഡല്‍ഹി ക്യാപിറ്റല്‍സ് സ്വന്തമാക്കിയത്.

08:39 PM (IST) Nov 27

WPL Mega Auction Live:പ്രതിക റാവലിന് ആവശ്യക്കാരില്ല

വനിതാ ഏകദിന ലോകകപ്പില്‍ തിളങ്ങിയ ഇന്ത്യൻ ഓപ്പണര്‍ പ്രതിക റാവലിനെ താരലേലത്തില്‍ ആരും സ്വന്തമാക്കിയില്ല. 50 ലക്ഷം രൂപ അടിസ്ഥാന വിലയുണ്ടായിരുന്ന പ്രതികയ്ക്ക് ലോകകപ്പിനിടെ കാല്‍ക്കുഴക്ക് പരിക്കേറ്റിരുന്നു. ഇതാണ് താരത്തിനായി ആരും രംഗത്തെത്താതിരിക്കാന്‍ കാരണമായത്.

07:10 PM (IST) Nov 27

WPL Mega Auction Live:ശിഖ പാണ്ഡെയെ റാഞ്ചി യുപി വാരിയേഴ്സ്

വനിതാ പ്രീമിയര്‍ ലീഗ് താരലേലത്തില്‍ ഇന്ത്യൻ താരം ശിഖ പാണ്ഡെയെ 2.4 കോടി രൂപക്ക് ടീമിലെത്തിച്ച് യുപി വാരിയേഴ്സ്. ഇന്ത്യൻ താരങ്ങളായ അരുന്ധതി റെഡ്ഡിയെ 75 ലക്ഷം രൂപക്കും പൂജ വസ്ട്രക്കറെ 85 ലക്ഷം രൂപക്കും ആര്‍സിബി ടീമിലെത്തിച്ചു.

07:05 PM (IST) Nov 27

WPL Mega Auction Live:സജന സജീവന്‍ മുംബൈ ഇന്ത്യൻസില്‍, മിന്നുമണിക്ക് ആവശ്യക്കാരില്ല

വനിതാ ഐപിഎല്‍ താരലേലത്തില്‍ മലയാളി താരം സജന സജീവനെ സ്വന്തമാക്കി മുംബൈ ഇന്ത്യൻസ്. വാശിയേറിയ ലേലത്തില്‍ യുപി വാരിയേഴ്സിന്‍ഫെ വെല്ലുവിളി മറികടന്നാണ് മുംബൈ 75 ലക്ഷ്യം രൂപക്ക് സജനയെ ടീമിലെത്തിച്ചത്. അതേസമയം ലേലത്തില്‍ പങ്കെടുത്ത മലയാളി താരം മിന്നു മണിയെ ആരും ടീമിലെടുത്തില്ല.

06:10 PM (IST) Nov 27

WPL Mega Auction Live:യുപി വാരിയേഴ്‌സ്

യുപി വാരിയേഴ്‌സ്: ശ്വേത സെഹ്‌രാവത്, ദീപ്തി ശർമ, സോഫി എക്ലെസ്റ്റോൺ, മെഗ് ലാനിംഗ്, ഫോബ് ലിച്ച്‌ഫീൽഡ്, കിരൺ നവഗിരെ, ഹർലീൻ ഡിയോൾ, ക്രാന്തി ഗൗഡ്, ആശാ ശോഭന.

06:09 PM (IST) Nov 27

WPL Mega Auction Live:റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു

റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു: സ്മൃതി മന്ദാന, റിച്ച ഘോഷ്, ശ്രേയങ്ക പാട്ടീൽ, എല്ലിസ് പെറി, ജോർജിയ വോൾ, നദീൻ ഡി ക്ലർക്ക്, രാധാ യാദവ്, ലോറൻ ബെൽ, ലിൻസി സ്മിത്ത്, പ്രേമ റാവത്ത്.

06:09 PM (IST) Nov 27

WPL Mega Auction Live:മുംബൈ ഇന്ത്യൻസ്

മുംബൈ ഇന്ത്യൻസ്: നാറ്റ് സ്കൈവർ-ബ്രണ്ട്, ഹർമൻപ്രീത് കൗർ, ഹെയ്‌ലി മാത്യൂസ്, അമൻജോത് കൗർ, ജി കമാലിനി, അമേലിയ കെർ, ഷബ്നിം ഇസ്മായിൽ, സംസ്കൃതി ​​ഗുപ്ത.

06:08 PM (IST) Nov 27

WPL Mega Auction Live:ഗുജറാത്ത് ജയൻ്റ്സ്

ഗുജറാത്ത് ജയൻ്റ്സ്: ആഷ്ലീ ഗാർഡ്നർ, ബെത്ത് മൂണി, സോഫി ഡിവിൻ, രേണുക സിംഗ്, ഭാരതി ഫുൽമാലി, ടിറ്റാസ് സാധു.

06:07 PM (IST) Nov 27

WPL Mega Auction Live:ഡല്‍ഹി ക്യാപിറ്റല്‍സ്

ഡൽഹി ക്യാപിറ്റൽസ് നിലനിര്‍ത്തിയ/സ്വന്തമാക്കിയ താരങ്ങള്‍: ജെമിമ റോഡ്രിഗസ്, ഷഫാലി വർമ, അന്നബെൽ സതർലാൻഡ്, മരിസാൻ കാപ്പ്, നിക്കി പ്രസാദ്, ലോറ വോൾവാർഡ്, ചിനെല്ലെ ഹെൻറി, ശ്രീ ചരിണി, സ്നേഹ റാണ, ലിസെല്ലെ ലീ, ദിയ യാദവ്.

06:04 PM (IST) Nov 27

WPL Mega Auction Live:അണ്‍ ക്യാപ്ഡ് താരങ്ങള്‍ക്ക് ആവശ്യക്കാരില്ല

വനിതാ പ്രീമിയര്‍ ലീഗ് താരലേലത്തില്‍ അൺ ക്യാപ്ഡ് താരങ്ങള്‍ക്ക് ആവശ്യക്കാരില്ല. അണ്‍ക്യാപ്‍ഡ് താരങ്ങളായ പ്രകാശിക നായിക്, ഭാരതി റാവൽ, പ്രിയങ്ക കൗശൽ, പരുണിക സിസോദിയ, ജാഗ്രവി പവാർ, ഹാപ്പി കുമാരി, നന്ദനി ശർമ്മ, കോമൽപ്രീത് കൂർ, മില്ലി ഇല്ലിംഗ്വർത്ത്, ശബ്നം ഷക്കിൽ, ശിപ്ര ഗിരി, മംമ്ത മഡിവാല, ഖുഷി ഭാട്ടിയ, പ്രത്യൂഷ കുമാർ, നന്ദിനി കശ്യപ്, ജിന്തിമാനി കലിത, എസ് യശശ്രീ എന്നിവരെ ലേലത്തില്‍ ഒരു ടീമും സ്വന്തമാക്കിയില്ല.

05:28 PM (IST) Nov 27

WPL Mega Auction Live:മലയാളി താരം ആശാ ശോഭന കോടിപതി

വനിതാ പ്രീമിയര്‍ ലീഗ് താരലേലത്തില്‍ കോടിപതിയായി മലയാളി താരം ആശ ശോഭന. വനിതാ പ്രീമിയര്‍ ലീഗിലെ വാശിയേറിയ ലേലം വിളിക്കൊടുവില്‍ 1.10 കോടി രൂപക്ക് യുപി വാരിയേഴ്സാണ് ആശയെ ടീമിലെത്തിച്ചത്. 30 ലക്ഷം രൂപ അടിസ്ഥാന വിലയുണ്ടായിരുന്ന ആശക്കായി ഡല്‍ഹിയും ആര്‍സിബിയുമായിരുന്നു ആദ്യം രംഗത്തെത്തിയത്. ലേലം വിളി 50 ലക്ഷം കടന്നതോടെ ഡല്‍ഹി പിന്‍മാറി. ഇതോടെ തങ്ങളുടെ മുന്‍താരത്തെ തിരിച്ചെത്തിക്കാന്‍ ആര്‍സിബി ശക്തമായി രംഗത്തെത്തി.എന്നാല്‍ യുപി വാരിയേഴ്സ് എന്തുവിലകൊടുത്തും ആശയെ സ്വന്തമാക്കാനുറച്ചതോടെ ഒടുവില്‍ 1.10 കോടി രൂപക്ക് ആശ യുപി വാരിയേഴ്സിലെത്തി.

Scroll to load tweet…

05:14 PM (IST) Nov 27

WPL Mega Auction Live:ക്രാന്തി ഗൗഡിനെ തിരിച്ചെത്തിച്ച് യുപി വാരിയേഴ്സ്, രാധാ യാദവിനെ സ്വന്തമാക്കി ആർസിബി

ഇന്ത്യൻ പേസര്‍ ക്രാന്തി ഗൗഡിനെ സ്വന്തമാക്കി അടിസ്ഥാനവിലയായ 50 ലക്ഷം രൂപക്ക് ടീമിലെത്തിച്ച് യുപി വാരിയേഴ്സ്. ആര്‍ടിഎമ്മിലൂടെയാണ് യുപി വാരിയേഴ്സ് ക്രാന്തി ഗൗഡിനെ ടീമില്‍ തിരിച്ചെത്തിച്ചത്. ക്രാന്തിക്ക് പുറമെ സ്നേഹ് റാണയെയും ഹര്‍ലീൻ ഡിയോളിനെയും 50 ലക്ഷം രൂപക്ക് യുപി വാരിയേഴ്സ് സ്വന്തമാക്കിയപ്പോള്‍ രാധാ യാദവിനെ 65 ലക്ഷം രൂപക്ക് ആര്‍സിബി ടീമിലെത്തിച്ചു.

04:44 PM (IST) Nov 27

WPL Mega Auction Live:ശ്രീ ചരണിക്ക് പൊന്നുംവില

വനിതാ ഏകദിന ലോകകപ്പില്‍ തിളങ്ങിയ ഇന്ത്യയുട ഇടം കൈയന്‍ സ്പിന്നര്‍ ശ്രീ ചരണിയെ 1.3 കോടിക്ക് സ്വന്തമാക്കി ഡല്‍ഹി ക്യാപിറ്റല്‍സ്. 14 വിക്കറ്റുമായി ഇന്ത്യയെ വനിതാ ഏകദിന ലോകകപ്പില്‍ ചാമ്പ്യൻമാരാക്കുന്നതില്‍ ശ്രീ ചരണി നിര്‍ണായക പങ്കുവഹിച്ചിരുന്നു. മുംബൈയുടെ കടുത്ത വെല്ലുവിളി മറികടന്നാണ് ഡല്‍ഹി ചരണിയെ ടീമിലെത്തിച്ചത്.

04:31 PM (IST) Nov 27

WPL Mega Auction Live:ലിച്ചിഫീല്‍ഡിനെ സ്വന്തമാക്കി യുപി വാരിയേഴ്സ്

വനിതാ ഏകദിന ലോകകപ്പില്‍ ബാറ്റുകൊണ്ടും ബോളുകൊണ്ടും മിന്നിയ ഫോബെ ലിച്ചിഫീല്‍ഡിനെ സ്വന്തമാക്കി യുപി വാരിയേഴ്സ്. 50 ലക്ഷം രൂപ അടിസഥാന വിലയുണ്ടായിരുന്ന ലിച്ചിഫീല്‍ഡിനെ 1.2 കോടി രൂപക്കാണ് യുപി വാരിയേഴ്സ് ടീമിലെത്തിച്ചത്. മറ്റൊരു ഓസീസ് താരമായ ജോര്‍ജിയ വോളിനെ 60 ലക്ഷം രൂപക്ക് ആര്‍സിബി സ്വന്തമാക്കി.

04:23 PM (IST) Nov 27

WPL Mega Auction Live:ഓസ്ട്രേലിയന്‍ ക്യാപ്റ്റൻ അലീസ ഹീലിക്ക് ആവശ്യക്കാരില്ല

വനിതാ പ്രീമിയര്‍ ലീഗ് താരലേലത്തില്‍ ഓസ്ട്രേലിയന്‍ ക്യാപ്റ്റനായ അലീസ ഹീലിക്ക് ആദ്യ റൗണ്ടിൽ ആവശ്യക്കാരില്ല.50 ലക്ഷം രൂപയായിരുന്നു വിക്കറ്റ് കീപ്പര്‍ ബാറ്ററായ ഓസീസ് താരത്തിന്‍റെ അടിസ്ഥാനവില.വനിതാ ഏകദിന ലോകകപ്പിനിടെ തുടയ്ക്ക് പരിക്കേറ്റ അലീസക്ക് ഇംഗ്ലണ്ടിനും ദക്ഷിണാഫ്രിക്കക്കുമെതിരായ പരമ്പരകള്‍ നഷ്ടമായിരുന്നു. 2023ല്‍ 70 ലക്ഷത്തിന് യുപി വാരിയേഴ്സിലെത്തിയ അലീസ ഹീലിയെ മെഗാ താരലേലത്തിന് മുമ്പ് ടീം കൈവിട്ടിരുന്നു. പരിക്കാണ് അലീസ ഹീലിക്ക് തിരിച്ചടിയായതെന്നാണ് വിലയിരുത്തല്‍.

04:18 PM (IST) Nov 27

WPL Mega Auction Live:ടീമിലെത്തിയ പ്രധാന താരങ്ങള്‍

  • സോഫി ഡിവൈൻ: ഗുജറാത്ത് ജയൻ്റ്സ് (2 കോടി)
  • സോഫി എക്സൽസ്റ്റോൺ: യുപി വാരിയോർസ് 85 ലക്ഷം)
  • അമേലിയ കെർ: മുംബൈ ഇന്ത്യൻസ് 3 കോടി) 
  • മെഗ് ലാനിംഗ്: യുപി വാരിയേഴ്‌സ് (1.9 കോടി രൂപ)
  • ദീപ്തി ശർമ്മ: യുപി വാരിയോർസ് (3.2 കോടി) 
  • രേണുക സിംഗ്: ഗുജറാത്ത് ജയന്‍റ്സ് (60 ലക്ഷം)
  • ലോറ വോൾവാർഡ്: ഡൽഹി ക്യാപിറ്റൽസ് (1.1 കോടി)
04:10 PM (IST) Nov 27

WPL Mega Auction Live:ദക്ഷിണാഫ്രിക്കൻ ക്യാപ്റ്റൻ ലോറ വോള്‍വാർഡിനെ സ്വന്തമാക്കി ഡല്‍ഹി

ഏകദിന ലോകകപ്പിലെ ടോപ് സ്കോററായ ദക്ഷിണാഫ്രിക്കൻ ക്യാപ്റ്റൻ ലോറ വോള്‍വാര്‍ഡിനെ സ്വന്തമാക്കി ഡല്‍ഹി ക്യാപിറ്റല്‍സ്. 30 ലക്ഷം രൂപയായിരുന്നു ലോറയുടെ അടിസ്ഥാന വില. ആര്‍സിബിയാണ് ലോറക്കായി ആദ്യം രംഗത്തെത്തിയത്. എന്നാല്‍ പിന്നട് ഡല്‍ഹിയും ലോറക്കായി രംഗത്തെത്തി. ഒടുവില്‍ 1.10 കോടിക്ക് ലോറയെ ഡല്‍ഹി ക്യാപിറ്റല്‍സ് സ്വന്തമാക്കി.

04:06 PM (IST) Nov 27

WPL Mega Auction Live:അമേലിയ കെറിനെ റാഞ്ചി മുംബൈ ഇന്ത്യൻസ്

വനിതാ ഐപിഎല്‍ മെഗാ താരലേലത്തില്‍ ന്യൂസിലന്‍ഡ് താരം അമേലിയ കെറിനെ സ്വന്തമാക്കി മുംബൈ ഇന്ത്യൻസ്. വാശിയേറിയ ലേലം വിളിക്കൊടുവില്‍ യുപി വാരിയേഴ്സിന്‍റെ ശക്തമായ വെല്ലുവിളി മറികടന്ന മുംബൈ ഇന്ത്യൻസ് 3 കോടി രൂപക്കാണ് അമേലിയയെ ടീമിലെത്തിച്ചത്.

03:54 PM (IST) Nov 27

WPL Mega Auction Live:ദീപ്തി ശര്‍മയെ പൊന്നുംവിലക്ക് തിരിച്ചെത്തിച്ച് യുപി വാരിയേഴ്സ്

ഏകദിന ലോകകപ്പില്‍ തിളങ്ങിയ ഇന്ത്യയുടെ സ്റ്റാര്‍ ഓള്‍ റൗണ്ടര്‍ ദീപ്തി ശര്‍മയെ വാശിയേറിയ ലേലം വിളിക്കൊടുവില്‍ 3.2 കോടിക്ക് ടീമില്‍ തിരിച്ചെത്തിച്ച് യുപി വാരിയേഴ്സ്. 50 ലക്ഷം രൂപയായിരുന്നു ദീപ്തിയുടെ അടിസ്ഥാനവില. ഡല്‍ഹിയുമായുള്ള വാശിയേറിയ ലേലം വിളിക്കൊടുവില്‍ റൈറ്റ് ടു മാച്ച് കാര്‍ഡിലൂടെയാണ് യുപി വാരിയേഴ്സ് ദീപ്തിയെ ടീമിലെത്തിച്ചത്.

03:50 PM (IST) Nov 27

WPL Mega Auction Live: സോഫി ഡിവൈന്‍ ഡല്‍ഹി ക്യാപിറ്റല്‍സില്‍

വനിതാ പ്രീമിയര്‍ ലീഗ് താരലേലത്തില്‍ ന്യൂസിലന്‍ഡ് താരം സോഫി ഡിവൈനെ സ്വന്തമാക്കി ഗുജറാത്ത് ജയന്‍റ്സ്. വാശിയേറിയ ലേലം വിളിക്കൊടുവില്‍ രണ്ട് കോടി രൂപക്കാണ് സോഫി ഡിവൈനെ സ്വന്തമാക്കിയത്.