ടോസ് നഷ്ടമായി ക്രീസിലിറങ്ങിയ സൂപ്പര്‍നോവാസിന് മികച്ച തുടക്കമാണ് ലഭിച്ചത്. ഓപ്പണിംഗ് വിക്കറ്റില്‍ തകര്‍ത്തടിച്ച ഡോട്ടിനും പ്രിയ പൂനിയയും ചേര്‍ന്ന് സൂപ്പര്‍നോവാസിനെ 9.3 ഓവറില്‍ 73  റണ്‍സിലെത്തിച്ചു. 29 പന്തില്‍ 28 റണ്‍സെടുത്ത പ്രിയ പൂനിയയെ(Priya Punia) സിമ്രാന്‍ ബഹാദൂര്‍ പുറത്താക്കിയശേഷം ക്രീസിലെത്തിയ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറും മോശമാക്കിയില്ല.

പൂനെ: വനിതാ ടി20 ചലഞ്ച്(Womens T20 Challenge 2022) ഫൈനലില്‍ സൂപ്പര്‍നോവാസിനെതിരെ വെലോസിറ്റിക്ക്((Supernovas vs Velocity Final) 166 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത സൂപ്പര്‍നോവാസ് 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 165 റണ്‍സെടുത്തു. 44 പന്തില്‍ 62 റണ്‍സെടുത്ത ഓപ്പണര്‍ ദേന്ദ്ര ഡോട്ടിനാണ്(Deandra Dottin) സൂപ്പര്‍ നോവാസിന്‍റെ ടോപ് സ്കോറര്‍. ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍(Harmanpreet Kaur) 29 പന്തില്‍ 43 റണ്‍സെടുത്ത് ബാറ്റിംഗില്‍ തിളങ്ങി.

തുടക്കം മിന്നിച്ച് ഡോട്ടിനും പൂനിയയും

ടോസ് നഷ്ടമായി ക്രീസിലിറങ്ങിയ സൂപ്പര്‍നോവാസിന് മികച്ച തുടക്കമാണ് ലഭിച്ചത്. ഓപ്പണിംഗ് വിക്കറ്റില്‍ തകര്‍ത്തടിച്ച ഡോട്ടിനും പ്രിയ പൂനിയയും ചേര്‍ന്ന് സൂപ്പര്‍നോവാസിനെ 9.3 ഓവറില്‍ 73 റണ്‍സിലെത്തിച്ചു. 29 പന്തില്‍ 28 റണ്‍സെടുത്ത പ്രിയ പൂനിയയെ(Priya Punia) സിമ്രാന്‍ ബഹാദൂര്‍ പുറത്താക്കിയശേഷം ക്രീസിലെത്തിയ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറും മോശമാക്കിയില്ല.

രണ്ടാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് അര്‍ധസെഞ്ചുറി കൂട്ടുകെട്ടുയര്‍ത്തി.15-ാം ഓവറില്‍ ഡോട്ടിനെ പുറത്താക്കിയ ദീപ്തി ശര്‍മയാണ് സൂപ്പര്‍നോവാസിന്‍റെ കുതിപ്പിന് കടിഞ്ഞാണിട്ടത്. നാല് സിക്സും ഒരു ഫോറും പറത്തിയാണ് ഡോട്ടിന്‍ 62 റണ്‍സടിച്ചത്. എന്നാല്‍ ഡോട്ടിന്‍ പുറത്തായശേഷം ഹര്‍മന്‍പ്രീതിന് പിന്തുണ നല്‍കാന്‍ ആരുമില്ലാതിരുന്നതോടെ സൂപ്പര്‍നോവാസിന് അടിതെറ്റി

പിടിച്ചുകെട്ടി വെലോസിറ്റി

ഡോട്ടിന്‍ പുറത്തായതിന് പിന്നാലെ പൂജ വസ്ട്രക്കറും തകര്‍ത്തടിച്ച ഹര്‍മന്‍പ്രീതും(29 പന്തില‍ 43), സോഫി എക്സിസ്റ്റണും(2) മടങ്ങിയതോടെ 144-2 എന്ന മികച്ച നിലയില്‍ നിന്ന് 149-5ലേക്ക് സൂപ്പര്‍നോവാസ് കൂപ്പുകുത്തി. ഹര്‍മന്‍പ്രീതിനെയും എക്സിസ്റ്റണെയും വീഴ്ത്തി ഇരട്ടപ്രഹരമേല്‍പ്പിച്ച എക്സിസ്റ്റണാണ് സൂപ്പര്‍നോവാസിന് കടിഞ്ഞാണിട്ടത്. ഒരുഘട്ടത്തില്‍ 200ന് അടുത്ത് സ്കോര്‍ ചെയ്യുമെന്ന് കരുതിയ സൂപ്പര്‍നോവാസ് 165 റണ്‍സിലൊതുങ്ങി.

വെലോസിറ്റിക്കായി കേറ്റ് ക്രോസ് നാലോവറില്‍ 29 റണ്‍സിന് രണ്ട് വിക്കറ്റെടുത്തപ്പോള്‍ ദീപ്തി ശര്‍മ നാലോവറില്‍ 20റണ്‍സിന് രണ്ട് വിക്കറ്റും സിമ്രാന്‍ ബഹാദൂര്‍ നാലോവറില്‍ 30 റണ്‍സിന് രണ്ട് വിക്കറ്റും അയബോങ്ക ഖാക നാലോവറില്‍ 27 റണ്‍സിന് ഒരു വിക്കറ്റുമെടുത്തു.