പതിനഞ്ചാം ഓവറില്‍ 144 റണ്‍സിലെത്തിയ വെലോസിറ്റിക്ക് തുടര്‍ച്ചയായി വിക്കറ്റുകള്‍ നഷ്ടമായതോടെ തോല്‍വി സമ്മതിക്കേണ്ടിവന്നു.

പൂനെ: വനിതാ ടി20 ചലഞ്ചില്‍(Womens T20 Challenge 2022) വെലോസിറ്റിയെ(Velocity) 20 റണ്‍സിന് വീഴ്ത്തി ട്രെയില്‍ബ്ലേസേഴ്സിന്(Trailblazers) ആദ്യ ജയം. ആദ്യം ബാറ്റ് ചെയ്ത ട്രെയില്‍ബ്ലേസേഴ്സ് 20 ഓവറില്‍ 190 റണ്‍സടിച്ചപ്പോള്‍ വെലോസിറ്റിക്ക് 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 174 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു. 34 പന്തില്‍ 69 റണ്‍സെടുത്ത കിരണ്‍ നാവ്‌ഗിരെ ആണ് വെലോസിറ്റിയുടെ ടോപ് സ്കോറര്‍. ടൂര്‍ണമെന്‍റില്‍ ട്രെയില്‍ബ്ലേസേഴ്സിന്‍റെ ആദ്യ ജയവും വെലോസിറ്റിയുടെ ആദ്യ തോല്‍വിയുമാണിത്.തോറ്റെങ്കിലും മികച്ച റണ്‍റേറ്റിന്‍റെ കരുത്തില്‍ വെലോസിറ്റി ഫൈനലില്‍ എത്തി.

ഓപ്പണിംഗ് വിക്കറ്റില്‍ നാലോവറില്‍ 36 റണ്‍സടിച്ച് ഷഫാലി വര്‍മയും(15 പന്തില്‍ 29) യാസ്തിക ബാട്ടിയയും(15 പന്തില്‍ 19) ചേര്‍ന്ന് വെലോസിറ്റിക്ക് ഭേദപ്പട്ട തുടക്കം നല്‍കി. യാസ്തിക പുറത്തായതിന് പിന്നാലെ ഷഫാലിയും വീണെങ്കിലും വണ്‍ ഡൗണായി എത്തിയ കിരണ്‍ നാവ്ഗിരെയും ലോറ വോള്‍വാര്‍റ്റും(17) ചേര്‍ന്ന് വെലോസിറ്റിയെ 100 കടത്തി. 25 പന്തില്‍ അര്‍ധസെഞ്ചുറിയിലെത്തിയ കിരണ്‍ ടൂര്‍ണമെന്‍റിലെ വേഗതയേറിയ അര്‍ധസെഞ്ചുറി നേടി.

Scroll to load tweet…

എന്നാല്‍ ലോറ പുറത്തായതിന് പിന്നാലെ ക്യാപ്റ്റന്‍ ദീപ്തി ശര്‍മയും(2), സ്നേഹ് റാണയും(11) പുറത്താവുകയും രാധാ യാദവ്(2) റണ്ണൗട്ടാവുകയും പ്രതീക്ഷയായിരുന്ന കിരണ്‍ പുറത്താവുകയും ചെയ്തതോടെ വെലോസിറ്റിക്ക് അടിതെറ്റി.

Scroll to load tweet…

പതിനഞ്ചാം ഓവറില്‍ 144 റണ്‍സിലെത്തിയ വെലോസിറ്റിക്ക് തുടര്‍ച്ചയായി വിക്കറ്റുകള്‍ നഷ്ടമായതോടെ തോല്‍വി സമ്മതിക്കേണ്ടിവന്നു. നേരത്തെ, ആദ്യം ബാറ്റ് ചെയ്ത ട്രെയില്‍ബ്ലേസേഴ്സ് ഓപ്പണര്‍ സാബിനേനി മേഘ്നയുടെയും ജെമീമ റോഡ്രിഗ്സിന്‍റെയും തകര്‍പ്പന്‍ അര്‍ധസെഞ്ചുറികളുടെ കരുത്തിലാണ് മികച്ച സ്കോര്‍ കുറിച്ചത്. മേഘ്ന 47 പന്തില്‍ 73 റണ്‍സടിച്ചപ്പോള്‍ റോഡ്രിഗസ് 44 പന്തില്‍ 66 റണ്‍സെടുത്തു. ഹെയ്‌ലി മാത്യൂസ്(16 പന്തില്‍ 27), സോഫിയ ഡങ്ക്‌ലിയും(8 പന്തില്‍ 19) ട്രെയില്‍ബ്ലേസേഴ്സിനെ 190 റണ്‍സിലെത്തിച്ചു.