ആഷ്‌ലി ഗാര്‍ഡ്‌നര്‍ എറിഞ്ഞ ആദ്യ ഓവറില്‍ 10 റണ്‍സടിച്ച ഷഫാലിയും സ്മൃതിയും ചേര്‍ന്ന് ഇന്ത്യക്ക് പ്രതീക്ഷ നല്‍കിയതാണ്. എന്നാല്‍ തകര്‍ത്തടിച്ച ഷഫാലിയെ രണ്ടാം ഓവറില്‍ മെഗാന്‍ ഷൂട്ട് ഇന്ത്യയെ ഞെട്ടിച്ച് ഷഫാലിയെ വിക്കറ്റിന് മുന്നില്‍ കുടുക്കി.
കേപ്‌ടൗണ്‍: വനിതാ ടി20 ലോകകപ്പ് സെമിയില്‍ ഓസ്ട്രേലിയക്കെതിരെ 173 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന ഇന്ത്യക്ക് പവര്‍ പ്ലേയില്‍ മൂന്ന് വിക്കറ്റ് നഷ്ടമായെങ്കിലും മികച്ച തുടക്കം. പവര്‍ പ്ലേ പിന്നിടുമ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 59 റണ്‍സെടുത്ത ഇന്ത്യ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഒമ്പതോവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 80 റണ്‍സെന്ന നിലയിലാണ്. 17പന്തില്‍ 27 റണ്‍സോടെ ജെമീമ റോഡ്രിഗസും 20 പന്തില്‍ 32 റണ്‍സുമായി ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറും ക്രീസില്‍.28 റണ്‍സെടുക്കുന്നതിനിടെ മൂന്ന് വിക്കറ്റ് നഷ്ടമായി പതറിയ ഇന്ത്യയെ നാലാം വിക്കറ്റില്‍ അര്‍ധസെഞ്ചുറി കൂട്ടുകെട്ടുയര്‍ത്തി ജെമീമയും ഹര്‍മനും കരകയറ്റുകയായിരുന്നു. ഒമ്പത് റണ്‍സെടുത്ത ഷഫാലി വര്‍മയുടെയും രണ്ട് റണ്‍സെടുത്ത സ്മൃതി മന്ദാനയുടെയും നാലു റണ്‍സെടുത്ത യാസ്തിക ഭാട്ടിയയുടെയും വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടമായത്. ഓസീസിനായി മെഗാന്‍ ഷൂട്ടും ആഷ്‌ലി ഗാര്‍ഡ്‌നറും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
തകര്‍ന്നടിഞ്ഞ് തുടക്കം
ആഷ്‌ലി ഗാര്‍ഡ്‌നര്‍ എറിഞ്ഞ ആദ്യ ഓവറില്‍ 10 റണ്‍സടിച്ച ഷഫാലിയും സ്മൃതിയും ചേര്‍ന്ന് ഇന്ത്യക്ക് പ്രതീക്ഷ നല്‍കിയതാണ്. എന്നാല്‍ തകര്‍ത്തടിച്ച ഷഫാലിയെ രണ്ടാം ഓവറില്‍ മെഗാന്‍ ഷൂട്ട് വിക്കറ്റിന് മുന്നില്‍ കുടുക്കി ഇന്ത്യയെ ഞെട്ടിച്ചു. ഷഫാലി റിവ്യു എടുത്തെങ്കിലും ഡിആര്‍എസിലും അമ്പയറുടെ തീരുമാനം ശരിവെച്ചു. ഗാര്‍ഡ്നര്‍ എറിഞ്ഞ മൂന്നാം ഓവറിലെ രണ്ടാം പന്തില്‍ പ്രതിരോധിക്കാന്‍ ശ്രമിച്ച സ്മൃതിക്ക് പിഴച്ചു. ഓസീസ് എല്‍ബിഡബ്ല്യുവിനായി അപ്പീല്‍ ചെയ്തെങ്കിലും അമ്പയര്‍ നിഷേധിച്ചു. ഡിആര്‍എസ് എടുത്ത ഓസീസ് റിവ്യുൂവില്‍ സ്മൃതിയെ പുറത്താക്കി
നാലാം നമ്പറില്‍ ഇറങ്ങിയ ജെമീമ റോഡ്രിഗസ് രണ്ട് ബൗണ്ടറി അടിച്ചാണ് തുടങ്ങിയത്. മറുവശത്ത് യാസ്തികയും ബൗണ്ടറി അടിച്ച് തുടങ്ങിയെങ്കിലും നാലാം ഓവറില്‍ ജെമീമയുമായുള്ള ധാരണപ്പിശകില്‍ റണ്‍ ഔട്ടായി. നാലു റണ്‍സായിരുന്നു യാസ്തികയുടെ സംഭാവന. 28 റണ്‍സെടുക്കുന്നതിനിടെ മൂന്ന് വിക്കറ്റ് നഷ്ടമായെങ്കിലും പ്രതിരോധത്തിലേക്ക് വലിയാതെ തകര്‍ത്തടിച്ച ജെമീമയും ഹര്‍മനും ചേര്‍ന്നാണ് ഇന്ത്യയെ പവര്‍ പ്ലേയില്‍ 59 റണ്‍സിലെത്തിച്ചത്.
നേരത്തെ ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഓസ്ട്രേലിയ ബെത്ത് മൂണിയുടെയും മെഗ് ലാനിങിന്‍റെയും ആഷ്‌ലി ഗാര്‍ഡ്നറുടെയും തകര്‍പ്പന്‍ ബാറ്റിംഗിന്‍റെ കരുത്തില്‍ 20 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 172 റണ്‍സടിച്ചു. ബെത് മൂണി 37 പന്തില്‍ 54 റണ്‍സെടുത്ത് പുറത്തായപ്പോള്‍ ലാനിങ് 34 പന്തില്‍ 49 റണ്‍സടിച്ച് പുറത്താകാതെ നിന്നു. ഗാര്‍ഡ്നര്‍ 18 പന്തില്‍ 31 റണ്‍സടിച്ച് പുറത്തായി. ഇന്ത്യന്‍ ഫീല്‍ഡര്‍മാരുടെ പിഴവുകളാണ് മത്സരത്തില്‍ ഓസീസിന് മികച്ച സ്കോര്‍ സമ്മാനിച്ചത്. ഇന്ത്യക്കായി ശിഖ പാണ്ഡെ രണ്ട് വിക്കറ്റെടുത്തപ്പോള്‍ ദീപ്തി ശര്‍മയും രാധാ യാദവും ഓരോ വിക്കറ്റെടുത്തു.
അവസാന രണ്ടോവറില്‍ 30 റണ്‍സടിച്ച ക്യാപ്റ്റന്‍ ലാനിങ്ങിന്‍റെ വെടിക്കെട്ട് ഇന്നിംഗ്സാണ് ഓസീസിന് 172 റണ്‍സെന്ന മികച്ച സ്കോര്‍ സമ്മാനിച്ചത്. അവസാന ഓവറില്‍ രേണുക സിംഗ് 18 റണ്‍സും പത്തൊമ്പതാം ഓവറില്‍ ശിഖ പാണ്ഡെ 12 റണ്‍സും വഴങ്ങിയത് ഇന്ത്യക്ക് തിരിച്ചടിയായി. നാലു ഫോറും രണ്ട് സിക്സും അടങ്ങുന്നതായിരുന്നു ലാനിങിന്‍റെ പ്രകടനം. എല്‍സി പെറി രണ്ട് റണ്‍സുമായി പുറത്താകാതെ നിന്നു.
