ഓക്‌ലന്‍ഡ്: ലോകകപ്പ് നേടുകയാണ് ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ഏറ്റവും വലിയ ലക്ഷ്യമെന്ന് കോച്ച് രവി ശാസ്‌ത്രി. ഏത് സാഹചര്യത്തെ നേരിടാനും ടീം ഇന്ത്യ സജ്ജമാണെന്നും ശാസ്‌ത്രി പറഞ്ഞു.

ഒക്‌ടോബറിൽ ഓസ്‌ട്രേലിയയിൽ നടക്കുന്ന ട്വന്റി 20 ലോകകപ്പിനുള്ള മുന്നൊരുക്കത്തിലാണ് ടീം ഇന്ത്യ. ന്യൂസിലൻഡിനെതിരായ പരമ്പരയും ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ പരമ്പരയും ശക്തിദൗർബല്യങ്ങൾ പരീക്ഷിക്കാനും തിരുത്താനുമുള്ള അവസരമാണ് വിരാട് കോലിക്കും സംഘത്തിനും. ഉഗ്രൻ ഫോമിൽ കളിക്കുന്ന ടീമിന്റെ ഏറ്റവും വലിയ ലക്ഷ്യവും സ്വപ്‌നവും ലോകകപ്പ് വിജയമെന്ന് കോച്ച് രവി ശാസ്‌ത്രി പറയുന്നു. 

ടീം ഇന്ത്യയുടെ ശക്തിയെന്ത്?

വ്യക്തികൾക്ക് പ്രധാന്യമില്ല. ഒത്തൊരുമായാണ് ടീമിന്റെ ശക്തി. ഓസ്‌ട്രേലിയക്കെതിരായ പരമ്പര വിജയം ഇന്ത്യയുടെ ആത്മവിശ്വാസം കൂട്ടി. ധൈര്യശാലിയായ ക്യാപ്റ്റനാണ് ടീമിനുള്ളത്. കെ എൽ രാഹുൽ വിക്കറ്റ് കീപ്പറായും ശോഭിക്കുന്നത് ടീമിന് കൂടുതൽ സാധ്യതകൾ നൽകുന്നുവെന്നും ന്യൂസിലൻഡിനെതിരായ പരമ്പരയ്‌ക്ക് തൊട്ടുമുൻപ് രവി ശാസ്‌ത്രി പറഞ്ഞു. 

കിവീസിനെതിരെ അഞ്ച് ട്വന്റി20യിലും മൂന്ന് ഏകദിനത്തിലും രണ്ട് ടെസ്റ്റിലുമാണ് ഇന്ത്യ കളിക്കുക. പരിചയ സമ്പന്നരായ ശിഖർ ധവാന്റെയും ഇശാന്ത് ശർമ്മയുടേയും അഭാവം ഇന്ത്യക്ക് തിരിച്ചടിയാണെന്നും രവി ശാസ്‌ത്രി പറഞ്ഞു. കിവീസിനെതിരായ ട്വന്റി 20 പരമ്പരയ്‌ക്ക് നാളെ തുടക്കമാകും. ഓക്‌ലൻഡിൽ ഇന്ത്യൻ സമയം 12.20നാണ് കളി തുടങ്ങുക.