ദില്ലി: ഐപിഎല്‍ സീസണ്‍ തുടങ്ങാനിരിക്കെ ഇന്ത്യന്‍ ടീം അംഗങ്ങള്‍ക്ക് മുന്നറിയിപ്പുമായി ക്യാപ്റ്റന്‍ വിരാട് കോലി. ഐപിഎല്‍ എല്ലാ വര്‍ഷവും ഉണ്ടാകും. എന്നാല്‍ ലോകകപ്പ് നാലു വര്‍ഷം കൂടുമ്പോഴെ വരൂ എന്ന് കളിക്കാര്‍ ഓര്‍ക്കണമെന്ന് വിരാട് കോലി പറഞ്ഞു. ഇന്ത്യയുടെ ലോകകപ്പ് ടീമിലുണ്ടാകുമെന്ന് കരുതുന്ന കളിക്കാരുടെ ഐപിഎല്ലിലെ ജോലിഭാരത്തെക്കുറിച്ചായിരുന്നു കോലിയുടെ പരാമര്‍ശം.

കളിക്കാരുടെ ജോലിഭാരത്തെക്കുറിച്ച് ചര്‍ച്ച ചെയ്തിരുന്നുവെന്നും ഫ്രാഞ്ചൈസികളുമായി ആലോചിച്ച് വിശ്രമമെടുക്കാനുള്ള അവസരം കളിക്കാര്‍ ബുദ്ധിപരമായി ഉപയോഗിക്കണമെന്നും കോലി പറഞ്ഞു. ഐപിഎല്‍ ഫ്രാഞ്ചൈസികളോട് കൂറു പുലര്‍ത്തേണ്ട എന്നല്ല താന്‍ പറഞ്ഞതിന് അര്‍ത്ഥമെന്നും എന്നാല്‍ ജോലിഭാരം കൈകാര്യം ചെയ്യുന്നതില്‍ കളിക്കാര്‍ ബുദ്ധിപരമായ തീരുമാനങ്ങളെടുക്കണമെന്നും കോലി പറഞ്ഞു.

ലോകകപ്പിനായി എല്ലാവരും ആത്മാര്‍ത്ഥമായി പരിശ്രമിക്കുന്നു. എല്ലാവരും ലോകകപ്പ് ടീമിലെത്തണമെന്നും ആഗ്രഹിക്കുന്നു. തുടര്‍ച്ചയായി മത്സരങ്ങള്‍ കളിച്ചുകൊണ്ടിരിക്കുന്ന കളിക്കാര്‍ക്ക് ഐപിഎല്‍ ആസ്വദിച്ച് കളിക്കാനുള്ള അവസരമാണെുന്നും കോലി പറഞ്ഞു. പരിക്കേല്‍ക്കാതിരിക്കാന്‍ ഇന്ത്യന്‍ ടീമിലെ പേസ് ബൗളര്‍മാര്‍ക്ക് ഐപിഎല്ലില്‍ നിന്ന് വിശ്രമം അനുവദിക്കണമെന്ന് കോലി നേരത്തെ നിര്‍ദേശം മുന്നോട്ടുവെച്ചിരുന്നു. എന്നാല്‍ മുംബൈ ഇന്ത്യന്‍സ് നായകനും ഇന്ത്യന്‍ ടീം വൈസ് ക്യാപ്റ്റനുമായ രോഹിത് ശര്‍മ അടക്കമുള്ളവര്‍ ഈ നിര്‍ദേശത്തെ അനുകൂലിച്ചില്ല. മാര്‍ച്ച് 23നാണ് പന്ത്രാണ്ടാം സീസണ്‍ ഐപിഎല്‍ ആരംഭിക്കുന്നത്.