പാകിസ്ഥാന്‍ ഒപ്പമെത്തിയതോടെ ഇന്ത്യക്ക് ട്രിനിഡാഡില്‍ ഇന്നാരംഭിക്കുന്ന രണ്ടാം ടെസ്റ്റില്‍ ജയിക്കുക നിർണായകമായി

ഗോള്‍: ഗോളിലെ ആദ്യ ടെസ്റ്റില്‍ ശ്രീലങ്കയെ നാല് വിക്കറ്റിന് പാകിസ്ഥാന്‍ വീഴ്‌ത്തിയതോടെ പണിയായത് ടീം ഇന്ത്യക്ക്. ജയത്തോടെ പാക് ടീം ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്‍റെ പോയിന്‍റ് പട്ടികയില്‍ ടീം ഇന്ത്യക്കൊപ്പം ഒന്നാം സ്ഥാനത്തെത്തി. ചാമ്പ്യന്‍ഷിപ്പ് സൈക്കിളില്‍ കളിച്ച ഒന്ന് വീതം മത്സരങ്ങള്‍ ഇരു ടീമുകളും ജയിച്ചപ്പോള്‍ 12 പോയിന്‍റും 100 പോയിന്‍റ് ശരാശരിയുമാണ് ഇന്ത്യക്കും പാകിസ്ഥാനുമുള്ളത്. ഡൊമിനിക്കയില്‍ വെസ്റ്റ് ഇന്‍ഡീസിന് എതിരായ ആദ്യ ടെസ്റ്റില്‍ ഇന്നിംഗ്‌സിനും 141 റണ്‍സിനും ജയിച്ച് ടീം ഇന്ത്യ നേരത്തെ ഒന്നാം സ്ഥാനത്തെത്തിയിരുന്നു.

പാകിസ്ഥാന്‍ ഒപ്പമെത്തിയതോടെ ഇന്ത്യക്ക് ട്രിനിഡാഡില്‍ വിന്‍ഡീസിനെതിരെ ഇന്നാരംഭിക്കുന്ന രണ്ടാം ടെസ്റ്റില്‍ ജയിക്കുക നിർണായകമായി. ട്രിനിഡാഡില്‍ ഇന്ത്യ ജയിക്കുകയും കൊളംബോയില്‍ 24-ാം തിയതി തുടങ്ങുന്ന ലങ്കയ്‌ക്ക് എതിരായ രണ്ടാം ടെസ്റ്റിലും പാകിസ്ഥാന്‍ വിജയിക്കുകയും ചെയ്താല്‍ പോയിന്‍റ് പട്ടികയില്‍ വീണ്ടും അയല്‍ക്കാര്‍ തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാകും. 61.11 പോയിന്‍റ് ശരാശരിയുമായി ഓസീസ് മൂന്നും 27.78 ശരാശരിയുള്ള ഇംഗ്ലണ്ട് നാലാം സ്ഥാനത്തും നില്‍ക്കുന്നു. ഇരുവര്‍ക്കും മാഞ്ചസ്റ്ററില്‍ പുരോഗമിക്കുന്ന നാലാം ആഷസ് ടെസ്റ്റിലെ ഫലം നിര്‍ണായകമാണ്. 

ഗോള്‍ ക്രിക്കറ്റ് ടെസ്റ്റില്‍ 131 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന് അവസാന ദിനം ക്രീസിലിറങ്ങിയ പാക്കിസ്ഥാന്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തുകയായിരുന്നു. ചെറിയ വിജയലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ പാക്കിസ്ഥാനെ ലങ്ക വിറപ്പിച്ചെങ്കിലും അര്‍ധസെഞ്ചുറിയുമായി പുറത്താകാതെ നിന്ന ഇമാം ഉള്‍ ഹഖിന്‍റെ പോരാട്ടവീര്യമാണ് പാക്കിസ്ഥാന് തുണയായത്. ഇമാം 50* റണ്‍സുമായി പുറത്താകാതെ നിന്നപ്പോള്‍ ക്യാപ്റ്റന്‍ ബാബര്‍ അസം(24), സൗദ് ഷക്കീല്‍(30) എന്നിവരാണ് പാക് നിരയില്‍ രണ്ടക്കം കടന്ന മറ്റ് ബാറ്റര്‍മാര്‍. സ്കോര്‍: ശ്രീലങ്ക-312, 279, പാക്കിസ്ഥാന്‍-461, 133-6. 

വിന്‍ഡീസിനെതിരെ തുടര്‍ച്ചയായ രണ്ടാം ജയവും പരമ്പരയും തേടി ഇന്ത്യന്‍ ടീം ഇന്ന് ഇറങ്ങും. പോര്‍ട്ട് ഓഫ് സ്‌പെയിനിലെ ക്വീന്‍സ് പാര്‍ക്കില്‍ ഇന്ത്യന്‍ സമയം വൈകിട്ട് 7.30നാണ് വിന്‍ഡീസ്-ഇന്ത്യ രണ്ടാം ടെസ്റ്റ് തുടങ്ങുക. ആദ്യ മത്സരം ജയിച്ചതിനാല്‍ ഇന്ത്യയുടെ പ്ലേയിംഗ് ഇലവനില്‍ വലിയ വ്യത്യാസം വരാന്‍ സാധ്യതയില്ല. 

Read more: ഇമാം ഉള്‍ ഹഖ് രക്ഷകനായി, ആദ്യ ടെസ്റ്റില്‍ ലങ്കയെ വീഴ്ത്തി പാക്കിസ്ഥാന്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം