Asianet News MalayalamAsianet News Malayalam

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍: ഷമിക്കാറ്റിലും പതറാതെ വില്യംസണ്‍; ഇന്ത്യക്കെതിരെ കിവികള്‍ക്ക് ലീഡ്

അഞ്ചാം ദിനമായ ഇന്ന് കളിയാരംഭിക്കുമ്പോള്‍ നായകന്‍ കെയ്ൻ വില്യംസണും(12*), റോസ് ടെയ്‍ലറുമായിരുന്നു(0*) ക്രീസില്‍

World Test Championship Final 2021 IND v NZ Day 5 Kiwis got lead
Author
Southampton, First Published Jun 22, 2021, 8:21 PM IST

സതാംപ്‌ടണ്‍: ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്‍റെ കലാശപ്പോരില്‍ ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറായ 217 റണ്‍സ് പിന്തുടരുന്ന ന്യൂസിലന്‍ഡിന് ലീഡ്. ഏഴ് വിക്കറ്റ് നഷ്‌ടമായെങ്കിലും നായകന്‍ കെയ്‌ന്‍ വില്യംസണിന്‍റെ പ്രതിരോധത്തില്‍ റോസ്‌ബൗളില്‍ കിവികള്‍ 93 ഓവറില്‍ 220 റണ്‍സിലെത്തിയിട്ടുണ്ട്. വില്യംസണ്(173 പന്തില്‍ 49*), ഒപ്പം ടിം സൗത്തിയാണ്(24 പന്തില്‍ 9*) ക്രീസില്‍. ഇന്ത്യക്കായി നാല് വിക്കറ്റ് കൊയ്‌ത് മുഹമ്മദ് ഷമി തകര്‍പ്പന്‍ ഫോമിലാണ്. 

കളിയുടെ ദിശ മാറ്റി ഷമി

അഞ്ചാം ദിനമായ ഇന്ന് കളിയാരംഭിക്കുമ്പോള്‍ നായകന്‍ കെയ്ൻ വില്യംസണും(12*), റോസ് ടെയ്‍ലറുമായിരുന്നു(0*) ക്രീസില്‍. ന്യൂസിലന്‍ഡ് സ്‌കോര്‍ 101/2. എന്നാല്‍ 37 ബോളുകള്‍ നേരിട്ട് 11 റണ്‍സ് മാത്രം കുറിച്ച ടെയ്‌ലറെ ഷമി, ഗില്ലിന്‍റെ കൈകളിലെത്തിച്ചതോടെ ഇന്ത്യ തിരിച്ചുവരവിന്‍റെ സൂചന കാട്ടി. ഹെന്‍‌റി നിക്കോള്‍സ് 23 പന്ത് നേരിട്ട് 7 റണ്‍സുമായി രണ്ടാം സ്ലിപ്പില്‍ രോഹിത്തിന്‍റെ കൈകളിലെത്തി. ഇഷാന്ത് ശര്‍മ്മയ്‌ക്കായിരുന്നു വിക്കറ്റ്. ആറാമനായി ക്രീസിലെത്തിയ ബി ജെ വാട്‌ലിംഗിനെയും കാലുറപ്പിക്കാന്‍ ഷമി സമ്മതിച്ചില്ല. ഒന്നാന്തരമൊരു ഗുഡ് ലെങ്ത് പന്ത് മിഡില്‍ സ്റ്റംപ് പിഴുതു. മൂന്ന് പന്തില്‍ ഒരു റണ്‍സ് മാത്രമാണ് സമ്പാദ്യം. 

പക്ഷേ, മതില്‍കെട്ടി വില്യംസണ്‍

പൊരുതിക്കളിച്ച നായകന്‍ കെയ്‌ന്‍ വില്യംസണിനൊപ്പം കോളിന്‍ ഡി ഗ്രാന്‍ഡ്‌ഹോം കിവികളെ അഞ്ചാം ദിനം രണ്ടാം സെഷന്‍ കടത്തി. എന്നാല്‍ എല്‍ബിയുമായി ഷമി എത്തിയതോടെ 30 പന്തില്‍ 13 റണ്‍സുമായി ഗ്രാന്‍ഡ്‌ഹോം മടങ്ങി. ഇതോടെ ഇന്ത്യ പിടിമുറുക്കി. എട്ടാമനായെത്തിയ കെയ്‌ല്‍ ജാമീസണ്‍ എത്രയും വേഗം ന്യൂസിലന്‍ഡിന് ലീഡ് സമ്മാനിക്കാനുള്ള തിടുക്കത്തിലായിരുന്നു. തനിക്കെതിരെ തുടര്‍ച്ചയായ രണ്ടാം സിക്‌സറിന് ശ്രമിച്ച ജാമീസണെ ബുമ്രയുടെ കൈകളിലെത്തിച്ച് വീണ്ടും ഷമി ആഞ്ഞടിച്ചു. സ്‌കോര്‍-192-7. ജാമീസണ്‍ 16 പന്തില്‍ 21 റണ്‍സ് നേടി. എന്നാല്‍ പിന്നാലെ വില്യംസണ്‍-സൗത്തി സഖ്യം കിവീസിന് ലീഡ് സമ്മാനിക്കുകയായിരുന്നു. 

മികച്ച തുടക്കത്തിന് ശേഷം ടോം ലാഥം(30), ദേവോണ്‍ കോണ്‍വേ(54) എന്നിവരെ കിവികള്‍ക്ക് മൂന്നാം ദിനം നഷ്‌ടമായിരുന്നു. നാലാം ദിനം മഴമൂലം റോസ്‌ബൗളില്‍ കളി നടന്നിരുന്നില്ല. 

ഇന്ത്യയെ തകര്‍ത്തത് ജാമീസണ്‍

ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റിംഗിനിറങ്ങിയ ഇന്ത്യ ഒന്നാം ഇന്നിംഗ്സില്‍ 217 റണ്‍സില്‍ പുറത്തായിരുന്നു. 22 ഓവറില്‍ 31 റണ്‍സ് മാത്രം വിട്ടുകൊടുത്ത് അഞ്ച് വിക്കറ്റ് വീഴ്‌ത്തിയ പേസര്‍ കെയ്‌ല്‍ ജാമീസണാണ് ഇന്ത്യയെ തകര്‍ത്തത്. രോഹിത് ശര്‍മ്മ(34), ശുഭ്‌മാന്‍ ഗില്‍(28), ചേതേശ്വര്‍ പൂജാര(8), വിരാട് കോലി(44), അജിങ്ക്യ രഹാനെ(49), റിഷഭ് പന്ത്(4), രവീന്ദ്ര ജഡേജ(15), രവിചന്ദ്ര അശ്വിന്‍(22), ഇഷാന്ത് ശര്‍മ്മ(4), ജസ്‌പ്രീത് ബുമ്ര(0), മുഹമ്മദ് ഷമി(4) എന്നിങ്ങനെയാണ് ഇന്ത്യന്‍ താരങ്ങളുടെ സ്‌കോര്‍. 

ജാമീസണിന്‍റെ അഞ്ച് വിക്കറ്റ് പ്രകടനത്തിന് പുറമെ ട്രെന്‍ഡ് ബോള്‍ട്ടും നീല്‍ വാഗ്‌നറും രണ്ട് പേരെ വീതവും ടിം സൗത്തി ഒരാളെയും പുറത്താക്കി. 

തകര്‍പ്പന്‍ ക്യാപ്റ്റന്‍സി, ഗില്ലിന്റെ വിസ്മയിപ്പിക്കുന്ന ക്യാച്ച്; ടെയ്‌ലര്‍ പുറത്തായ പന്ത് കാണാം

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios