15 സെക്കന്‍ഡ് ഡിആര്‍എസ്-ടൈമര്‍ തീര്‍ന്നെന്ന് പറഞ്ഞ് ബ്രെവിസിന് റിവ്യൂ നല്‍കാനുള്ള അവസരം നഷ്ടപ്പെടുകയായിരുന്നു. എന്നാല്‍ ടൈമര്‍ മൈതാനത്തെ ബിഗ്- സ്ക്രീനില്‍ കാണിച്ചില്ല എന്നാക്ഷേപം

ബെംഗളൂരു: ഐപിഎല്‍ പതിനെട്ടാം സീസണില്‍ ഒരു വിവാദം പുകയുകയാണ്. റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിന് എതിരായ മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിന്‍റെ ഡെവാള്‍ഡ് ബ്രെവിസ് പുറത്തായ രീതിയാണ് പുത്തന്‍ വിവാദങ്ങള്‍ക്ക് വഴിതുറന്നിരിക്കുന്നത്. ലെഗ് സ്റ്റംപിന് ഏറെ പുറത്തുകൂടെ പോകുമായിരുന്ന പന്തില്‍ എല്‍ബി സംശയിച്ച് ബ്രെവിസിനെതിരെ ഫീല്‍ഡ് അംപയര്‍ ഔട്ട് വിളിച്ചപ്പോള്‍, 15 സെക്കന്‍ഡ് ഡിആര്‍എസ്-ടൈമര്‍ തീര്‍ന്നെന്ന് പറഞ്ഞ് ബ്രെവിസിന് റിവ്യൂ അവസരം നഷ്ടപ്പെടുകയും ചെയ്തു. എങ്ങനെയാണ് ഡെവാള്‍ഡ് ബ്രെവിസിന് ഡിആര്‍എസ് നിഷേധിക്കപ്പെടുന്നതിലേക്ക് കാര്യങ്ങളെത്തിയത്? പരിശോധിക്കാം. 

ചിന്നസ്വാമി സ്റ്റേഡിയം വേദിയായ മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു നിശ്ചിത 20 ഓവറില്‍ 5 വിക്കറ്റിന് 213 റണ്‍സെന്ന കൂറ്റന്‍ സ്കോര്‍ കുറിച്ചു. 33 പന്തില്‍ 55 റണ്‍സെടുത്ത ജേക്കബ് ബേത്തെല്‍, 33 പന്തില്‍ 62 റണ്‍സെടുത്ത വിരാട് കോലി ഓപ്പണിംഗ് സഖ്യം ആര്‍സിബിക്ക് ഉജ്വല തുടക്കമാണ് സ്വന്തം മൈതാനത്ത് നല്‍കിയത്. ഒന്നാം വിക്കറ്റില്‍ ഇരുവരും 9.5 ഓവറില്‍ 97 റണ്‍സ് ചേര്‍ത്തു. ഇതിന് ശേഷം വണ്‍ഡൗണര്‍ ദേവ്ദത്ത് പടിക്കലും, ക്യാപ്റ്റന്‍ രജത് പാടിദാറും, വിക്കറ്റ് കീപ്പര്‍ ജിതേഷ് ശര്‍മ്മയും പ്രതീക്ഷ കാത്താതെ വന്നപ്പോള്‍, 18-ാം ഓവറില്‍ ഏഴാമനായി ക്രീസിലെത്തിയ റൊമാരിയ ഷെഫേഡ് 14 പന്തില്‍ പുറത്താകാതെ 53* റണ്‍സുമായി ബെംഗളൂരുവിനെ 200 കടത്തുകയായിരുന്നു. ഷെഫേഡ് നാല് ഫോറും ആറ് സിക്‌സറുകളും പറത്തി. 17.4 ഓവറില്‍ അഞ്ച് വിക്കറ്റിന് 157 റണ്‍സെന്ന നിലയിലായിരുന്ന ആര്‍സിബി അതോടെ 20 ഓവറില്‍ 213ന് 5 എന്ന കൂറ്റന്‍ സ്കോറിലെത്തി.

19-ാം ഓവറില്‍ ഖലീല്‍ അഹമ്മദിനെ നാല് സിക്സറുകളും രണ്ട് ഫോറുകളും സഹിതം 33 ഉം, 20-ാം ഓവറില്‍ മതീഷ പതിരാനയെ രണ്ട് വീതം സിക്സറും ഫോറും സഹിതം 21 റണ്‍സിനും ശിക്ഷിച്ച് ബെംഗളൂരുവില്‍ റൊമാരിയോ ഷെഫേഡ് ഷോ ദൃശ്യമാവുകയായിരുന്നു. ഇന്നിംഗ്സിലെ അവസാന ബോളില്‍ പതിരാനയ്ക്കെതിരെ സിക്‌സര്‍ നേടിയാണ് റൊമാരിയ 14 പന്തില്‍ തന്‍റെ ആവേശ ഫിഫ്റ്റി പൂര്‍ത്തിയാക്കിയത്. 

മറുപടി ബാറ്റിംഗില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സും മിന്നലടി മൂഡിലായിരുന്നു. 17 വയസുകാരന്‍ ഓപ്പണര്‍ ആയുഷ് മഹാത്രെ അടിച്ചുകൂട്ടിയത് 48 പന്തില്‍ ഒമ്പത് ഫോറും അഞ്ച് സിക്‌സും സഹിതം 94 റണ്‍സ്. മഹാത്രെയ്ക്ക് തലനാരിഴയ്ക്ക് സെഞ്ചുറി നഷ്ടമായി. അതേസമയം സഹ ഓപ്പണര്‍ ഷെയ്‌ഖ് റഷീദും, കഴിഞ്ഞ മത്സരത്തില്‍ സിഎസ്‌കെയുടെ ബാറ്റിംഗ് ഹീറോയായിരുന്ന സാം കറനും ഇത്തവണ പരാജയമായി. ഇതിന് ശേഷം ലുങ്കി എന്‍ഗിഡി എറിഞ്ഞ 17-ാം ഓവറിലെ മൂന്നാം പന്തിലായിരുന്നു ഡെവാള്‍‍ഡ് ബ്രെവിസ് പുറത്തായ നാടകീയ രംഗങ്ങള്‍. 

കഴിഞ്ഞ മത്സരങ്ങളില്‍ തകര്‍ത്തടിച്ചിരുന്ന ബ്രെവിസ് ഇത്തവണ ഒറ്റ പന്ത് നേരിട്ട് മടങ്ങി. ദക്ഷിണാഫ്രിക്കന്‍ ടീമിലെ സഹതാരമായ പേസര്‍ ലുങ്കി എന്‍ഗിഡിയുടെ ഫുള്‍ടോസ് ബ്രെവിസിന്‍റെ ബാറ്റില്‍ തട്ടാതെ പാഡില്‍ പതിച്ചു. ഓണ്‍-ഫീള്‍ഡ് അംപയര്‍ രണ്ടാമതൊന്ന് ആലോചിക്കുക കൂടി ചെയ്യാതെ വിരലുയര്‍ത്തി. ഇതിനിടെ, സിംഗിളിനായി ബ്രെവിസും രവീന്ദ്ര ജഡേജയും ഓടാനുള്ള തിടുക്കത്തിലുമായിരുന്നു. റിവ്യൂവിന് പോകുന്ന കാര്യം ജഡ്ഡുവുമായി ആലോചിച്ച് തീരുമാനിച്ച് ബ്രെവിസ് വിരലുയര്‍ത്തുമ്പോഴേക്ക് 15 സെക്കന്‍ഡ് ഡിആര്‍എസ്-ടൈമര്‍ അവസാനിച്ചു. ടൈമര്‍ ബിഗ് സ്ക്രീനില്‍ കാട്ടിയില്ല എന്നും ആക്ഷേപമുണ്ട്. അതോടെ വിക്കറ്റ് പുനഃപരിശോധിക്കാന്‍ തേഡ് അംപയര്‍ ഇടപെട്ടില്ല. അവിശ്വസനീയതോടെ ഡെവാള്‍ഡ് ബ്രെവിസിന് ഡ്രസിംഗ് റൂമിലേക്ക് മടങ്ങേണ്ടിവന്നു. മാത്രമല്ല, എന്‍ഗിഡിയുടെ പന്ത് വിക്കറ്റില്‍ കൊള്ളില്ലായിരുന്നുവെന്നും ലെഗ് സ്റ്റംപിന് വളരെ പുറത്തുകൂടെയാണ് പോകുമായിരുന്നതെന്നും ടെലിവിഷന്‍ റീപ്ലേകളില്‍ വ്യക്തമാവുകയും ചെയ്തു. 

ഡെവാള്‍ഡ് ബ്രെവിസിന്‍റെ ആ പുറത്താകല്‍ ചെന്നൈയ്ക്ക് കനത്ത തിരിച്ചടിയായി. ക്രീസിലെത്തിയ എം എസ് ധോണിക്ക് കാര്യമായി ഒന്നും ചെയ്യാനായില്ല. ധോണി ആര്‍സിബി പേസര്‍ യാഷ് ദയാല്‍ എറിഞ്ഞ 20-ാം ഓവറിലെ മൂന്നാം ബോളില്‍, 8 പന്തില്‍ 12 റണ്‍സുമായി മടങ്ങി. അവസാന മൂന്ന് പന്തില്‍ സിഎസ്‌കെയ്ക്ക് ജയിക്കാന്‍ വേണ്ടിയിരുന്നത് 13 റണ്‍സ്. ഇംപാക്ട് സബ്ബായി ക്രീസിലെത്തിയ ശിവം ദുബെ സിക്‌സടിച്ച് തുടങ്ങി. ആ പന്ത് നോബോളുമായിരുന്നു. എന്നാല്‍ ഫ്രീഹിറ്റില്‍ ദുബെ ഒറ്റ റണ്‍സേ കണ്ടെത്തിയുള്ളൂ. അഞ്ചാം പന്തില്‍ ജഡേജയും സിംഗിള്‍ മാത്രം നേടിയതോടെ ഇന്നിംഗ്സിലെ അവസാന ബോളില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിന് ജയിക്കാന്‍ നാല് റണ്‍സ് വേണമെന്നായി. ഈ ലക്ഷ്യത്തിലേക്ക് വിജയകരമായി ബാറ്റേന്താന്‍ ശിവം ദുബെയ്ക്കായില്ല, ദുബെയുടെ ഷോട്ട് ഒരു റണ്ണില്‍ തട്ടിനിന്നു. സിഎസ്‌കെ ചേസ് 211ന് 5 എന്ന നിലയില്‍ അവസാനിച്ചപ്പോള്‍ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിന് സ്വന്തം തട്ടകത്തില്‍ രണ്ട് റണ്‍സിന്‍റെ ത്രില്ലര്‍ ജയം. 45 പന്തില്‍ 77* റണ്‍സുമായി പുറത്താകാതെ നിന്ന രവീന്ദ്ര ജഡേജയുടെ പോരാട്ടം പാഴായി. 

Read more: ലാസ്റ്റ് ബോൾ ത്രില്ലറിൽ ജയിച്ചുകയറി ആര്‍സിബി; ചെന്നൈയെ മുട്ടുകുത്തിച്ചത് 2 റൺസിന്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം