മുംബൈ ഇന്ത്യന്‍സ് വനിതകള്‍ക്കായി ഹെയ്‌ലി മാത്യൂസിനൊപ്പം മലയാളി സജന സജീവനാണ് ഇന്നിംഗ്‌സ് ഓപ്പണ്‍ ചെയ്‌തത്

ദില്ലി: വനിത പ്രീമിയര്‍ ലീഗില്‍ ഓസ്ട്രേലിയന്‍ ഇതിഹാസം എലിസ് പെറിയുടെ സ്വപ്ന സ്പെല്ലില്‍ കുഞ്ഞന്‍ സ്കോറില്‍ ഒതുങ്ങി മുംബൈ ഇന്ത്യന്‍സ് വനിതകള്‍. റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ വനിതകള്‍ക്കെതിരെ ടോസ് നഷ്‌ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ മുംബൈ ഇന്ത്യന്‍സ് 19 ഓവറില്‍ 113 റണ്‍സില്‍ ഓള്‍ഔട്ടാവുകയായിരുന്നു. 4 ഓവറില്‍ 15 റണ്‍സിന് ആറ് വിക്കറ്റുമായി ഞെട്ടിച്ച പേസര്‍ എലിസ് പെറിയാണ് മുംബൈയെ എറിഞ്ഞിട്ടത്. മുംബൈ ഇന്ത്യന്‍സ് വനിതകള്‍ക്കായി മലയാളി താരം എസ് സജന 21 പന്തില്‍ 30 റണ്‍സ് നേടി. സജനയാണ് ടോപ് സ്കോറര്‍. 

അരുണ്‍ ജെയ്‌റ്റ്‌ലി സ്റ്റേഡിയത്തില്‍ ടോസ് നഷ്‌ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ മുംബൈ ഇന്ത്യന്‍സ് വനിതകള്‍ക്കായി ഹെയ്‌ലി മാത്യൂസിനൊപ്പം മലയാളി സജന സജീവനാണ് ഇന്നിംഗ്‌സ് ഓപ്പണ്‍ ചെയ്‌തത്. സാധാരണയായി ഫിനിഷറുടെ റോളില്‍ ഇറങ്ങാറുള്ള സജന ഓപ്പണറുടെ വേഷം നന്നാക്കിയപ്പോള്‍ മുംബൈ ഇന്ത്യന്‍സിന് മികച്ച തുടക്കം ലഭിച്ചു. ആറാം ഓവറിലെ അവസാന പന്തില്‍ സോഫീ ഡിവൈന് മുന്നില്‍ ഹെയ‌്‌ലി പുറത്താകുമ്പോള്‍ മുംബൈക്ക് 43 റണ്‍സുണ്ടായിരുന്നു. 23 പന്തില്‍ 26 റണ്‍സാണ് ഹെയ്‌ലി മാത്യൂസ് നേടിയത്. എന്നാല്‍ ഇതിന് ശേഷം എലിസ് പെറി കൊടുങ്കാറ്റാകുന്നതാണ് ദില്ലിയില്‍ കണ്ടത്. 

വെടിക്കെട്ട് ബാറ്റിംഗിന് പേരുകേട്ട സജന സജീവനെ ഒന്‍പതാം ഓവറിലെ നാലാം പന്തില്‍ ബൗള്‍ഡാക്കി തുടങ്ങിയ എലിസ് പെറി തൊട്ടടുത്ത ബോളില്‍ മുംബൈ ക്യാപ്റ്റനും കഴിഞ്ഞ മത്സരത്തിലെ ടോപ് സ്കോററുമായ ഹര്‍മന്‍പ്രീത് കൗറിനെ ഗോള്‍ഡന്‍ ഡക്കാക്കി ആഞ്ഞടിച്ചു. സജന 21 പന്തില്‍ അഞ്ച് ഫോറും ഒരു സിക്‌സും സഹിതം നേടിയത് 30 റണ്‍സ്. ഇതിന് ശേഷം അമേലിയ കേര്‍ (5 പന്തില്‍ 2),അമന്‍ജ്യോത് കൗര്‍ (2 പന്തില്‍ 4), പൂജ വസ്ത്രകര്‍ (10 പന്തില്‍ 6), നാറ്റ് സൈവര്‍ ബ്രണ്ട് (15 പന്തില്‍ 10) എന്നിവരെയും മടക്കി പെറി ആറ് വിക്കറ്റ് തികച്ചു. ഇതാദ്യമായാണ് വനിത ഐപിഎല്ലില്‍ ഒരു ബൗളര്‍ ആറ് വിക്കറ്റ് സ്വന്തമാക്കുന്നത്. ഒരവസരത്തില്‍ വിക്കറ്റ് നഷ്ടമില്ലാതെ 43 റണ്‍സ് എന്ന നിലയിലായിരുന്ന മുംബൈ ഇന്ത്യന്‍സ് വനിതകള്‍ ഇതോടെ 82-7 എന്ന നിലയില്‍ കൂട്ടത്തകര്‍ച്ചയിലായി.

Scroll to load tweet…

ഇതിന് ശേഷം ഹുമൈറ കാസിയെ 7 പന്തില്‍ 4 റണ്‍സ് എടുത്ത് നില്‍ക്കേ പറഞ്ഞയച്ച് മലയാളി ബൗളര്‍ ആശ ശോഭന മുംബൈക്ക് അടുത്ത പ്രഹരം നല്‍കി. ഇതിന് ശേഷം വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ പ്രിയങ്ക ബാലയും ഷബ്നം ഇസ്‌മായിലും ചേര്‍ന്ന് മുംബൈ ഇന്ത്യന്‍സിനെ 100 കടത്തി. എന്നാല്‍ ഷബ്നം ഇസ്‌മായിലിനെ (8 പന്തില്‍ 8) ശ്രേയങ്ക പാട്ടീലും, സൈക ഇഷാഖിനെ (4 പന്തില്‍ 1) സോഫീ മൊളിന്യൂസും പുറത്താക്കിയതോടെ 19 ഓവറില്‍ 113 റണ്‍സില്‍ മുംബൈ ഇന്ത്യന്‍സ് വനിതകള്‍ കൂടാരം കയറി. 

Read more: 60 പന്തില്‍ 88*, ദീപ്‌തി ശര്‍മ്മ പോരാട്ടം പാഴായി; യുപി വാരിയേഴ്‌സിന് തോല്‍വി, കനത്ത തിരിച്ചടി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം