വനിതാ പ്രീമിയർ ലീഗിൽ ഇന്ന് മുംബൈ ഇന്ത്യൻസും ഡൽഹി ക്യാപിറ്റൽസും ഏറ്റുമുട്ടും. വൈകീട്ട് 7.30ന് വഡോദരയിലാണ് മത്സരം. മൂന്നാം സീസണിൽ ജയത്തുടക്കം കൊതിച്ചാണ് ഇരു ടീമുകളും ഇറങ്ങുന്നത്.
വഡോദര: വനിതാ പ്രീമിയർ ലീഗിൽ മുംബൈ ഇന്ത്യൻസ് ഇന്ന് ഡൽഹി ക്യാപിറ്റൽസിനെ നേരിടും. വൈകീട്ട് 7.30ന് വഡോദരയിലാണ് മത്സരം. സ്പോര്‍ട്സ് 18 നെറ്റ്‌വര്‍ക്കിലും ജിയോ സിനിമയിലും രാത്രി 7.30 മുതല്‍ മത്സരം തത്സമയം കാണാനാകും. വനിതാ പ്രീമിയർ ലീഗ് മൂന്നാം സീസണിൽ ജയത്തുടക്കം കൊതിച്ചാണ് മുംബൈ ഇന്ത്യൻസും ഡൽഹി ക്യാപിറ്റൽസും ഇറങ്ങുന്നത്. രണ്ടാം കിരീടമാണ് ഹർമൻ പ്രീത് കൗറിന്‍റെ മുംബൈ ലക്ഷ്യമിടുന്നതെങ്കില്‍ ആദ്യ രണ്ട് സീസണുകളിലും ഫൈനലിൽ കണ്ണീരണിഞ്ഞ ഡൽഹിയുടെ ലക്ഷ്യം കന്നി കിരീടമാണ്.
ഓസീസ് താരം മെഗ് ലാന്നിങ്ങിന്‍റെ ക്യാപ്റ്റൻസി മികവിലാണ് ഡൽഹി ഇത്തവണയും ഇറങ്ങുന്നത്. മലയാളി താരങ്ങളായ മിന്നുമണിയും സജന സജീവും വഡോദരയിൽ നേർക്കുനേർ ഏറ്റുമുട്ടുമെന്ന പ്രത്യേകതയും ഇന്നത്തെ മത്സരത്തിനുണ്ട്. വനിതാ പ്രീമിയര്‍ ലീഗില്‍ ആദ്യ സീസൺ മുതൽ ഡൽഹിയുടെ സ്റ്റാർ ഓൾറൗണ്ടറാണ് മിന്നുമണി. മുംബൈക്കായി രണ്ടാം സീസണിന് ഇറങ്ങുന്ന സജന സജീവും വലിയ പ്രതീക്ഷയിലാണ്.
സമീപകാലത്ത് ഇന്ത്യൻ ടീമിൽ ഇടംപിടിക്കാൻ കഴിയാതിരുന്ന ഡൽഹിയുടെ ഷഫാലി വർമ്മയ്ക്കും ഫോം വീണ്ടെടുക്കാനുള്ള അവസരമാണിത്. അണ്ടർ 19 ടി20 ലോകകപ്പ് കിരീടം നേടിയ ഇന്ത്യൻ ക്യാപ്റ്റൻ നികി പ്രസാദും ഇന്ന് ഡൽഹിക്കായി അരങ്ങേറും. ലോകകപ്പ് ടീമിലുണ്ടായിരുന്ന പരുണിക സിസോദിയ മുംബൈ ഇന്ത്യൻസിലുണ്ട്. ഓൾറൗണ്ടർ പൂജ വസ്ട്രാക്കറിന് പരിക്കേറ്റത് ഹർമൻ പ്രീതിന്‍റെ സംഘത്തിന് കനത്ത തിരിച്ചടിയാണ്.
2023ലെ വനിതാ ഐപിഎല്‍ ഫൈനലില്‍ ഡല്‍ഹിയെ തോല്‍പിച്ചാണ് മുംബൈ കിരീടം നേടിയത്. കഴിഞ്ഞ സീസണിലെ ഉദ്ഘാടന മത്സരത്തില്‍ അവസാന പന്തില്‍ മുംബൈ ഡല്‍ഹിയെ തോല്‍പ്പിച്ചിരുന്നു. ഈ രണ്ട് തോല്‍വികള്‍ക്ക് പ്രതികാരം വീട്ടുക എന്നത് കൂടി ഡല്‍ഹിയുടെ ലക്ഷ്യമാണ്. ടൂര്‍ണമെന്‍റിലെ ഏറ്റവും വിജയകരമായ കൂട്ടുകെട്ടായ ഷഫാലി വര്‍മ-മെഗ് ലാനിംഗ് കൂട്ടുകെട്ടിലാണ് ഡല്‍ഹിയുടെ പ്രതീക്ഷകള്‍. സമീപകാലത്ത് ഇന്ത്യൻ ടീമില്‍ ഇടം നഷ്ടമായ ഡല്‍ഹി താരം അരുന്ധതി റെഡ്ഡിയുടെ പ്രകടനവും ഇന്ന് ആരാധകര്‍ ഉറ്റുനോക്കുന്നു. പരസ്പരം ഏറ്റുമുട്ടിയ അഞ്ച് കളികളില്‍ മൂന്നെണ്ണത്തില്‍ മുംബൈക്കായിരുന്നു ജയം.
