സോഫി ഡിവൈൻ, സോഫി മെലിനോക്സ്, കെയ്റ്റ് ക്രോസ് എന്നിവർ പിൻമാറിയതിന് പിന്നാലെ മലയാളിതാരം ആശ ശോഭന പരിക്കേറ്റ് പുറത്തായതും ആർസിബിക്ക് കനത്ത തിരിച്ചടിയാണ്.

വഡോദര: വനിതാ പ്രീമിയർ ലീഗ് ക്രിക്കറ്റ് സീസണ് ഇന്ന് തുടക്കമാവും. ഗുജറാത്ത് ജയന്‍റ്സ് ഉദ്ഘാടന മത്സരത്തിൽ നിലവിലെ ചാമ്പ്യൻമാരായ റോയൽ ചലഞ്ചേഴ്സ് ബെംഗലൂരുവിനെ നേരിടും. വഡോദരയിൽ വൈകിട്ട് ഏഴരയ്ക്കാണ് മത്സരം തുടങ്ങുക. മാർച്ച് പതിനഞ്ച് വരെ നീണ്ടുനിൽക്കുന്ന വനിതാ പ്രീമിയർ ലീഗിന്റെ മൂന്നാം സീസണിൽ ആകെ 22 മത്സരങ്ങളാണുണ്ടാകുക. കിരീടം നിലനിർത്താൻ പൊരുതുന്ന റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു ഉൾപ്പടെ അഞ്ച് ടീമുകളാണ് ടൂര്‍ണമെന്‍റില്‍ മാറ്റുരക്കുന്നത്. മുംബൈ, ബെംഗലൂരു നഗരങ്ങൾക്കൊപ്പം ഇത്തവണ വഡോദരയും ലക്നൗവും വനിതാ പ്രീമിയർ ലിഗ് പോരാട്ടങ്ങൾക്ക് വേദിയാവും. പ്രധാന താരങ്ങളുടെ അഭാവത്തിൽ ഉലഞ്ഞാണ് സ്മൃതി മന്ദാനയുടെ റോയൽ ചലഞ്ചേഴ്സ് ബെംഗലൂരു ഇറങ്ങുന്നത്.

സോഫി ഡിവൈൻ, സോഫി മെലിനോക്സ്, കെയ്റ്റ് ക്രോസ് എന്നിവർ പിൻമാറിയതിന് പിന്നാലെ മലയാളിതാരം ആശ ശോഭന പരിക്കേറ്റ് പുറത്തായതും ആർസിബിക്ക് കനത്ത തിരിച്ചടിയാണ്. വനിതാ ടി20 ലോകകപ്പിനിടെ കാൽമുട്ടിന് പരിക്കേറ്റ ആശയ്ക്ക് ഈ സീസണിലെ എല്ലാ മത്സരങ്ങളും നഷ്ടമാവും. കഴിഞ്ഞ സീസണിൽ പത്ത് മത്സരങ്ങളിൽ 12 വിക്കറ്റ് വീഴ്ത്തിയ ആശയുടെ ബൗളിംഗ് മികവ് ആ‍‍ർസിബിയുടെ ആദ്യ കിരീടനേട്ടത്തിൽ നിർണായകമായിരുന്നു.

ചാമ്പ്യൻസ് ട്രോഫി: ഭാര്യയെ കൂടെ കൂട്ടാന്‍ അനുമതി ചോദിച്ച് സീനിയര്‍ താരം; നിലപാട് കടുപ്പിച്ച് ബിസിസിഐ

ആശയ്ക്ക് പകരം ആർസിബി നുസ്ഹത്ത് പർവീണിനെ ടീമിൽ ഉൾപ്പെടുത്തി. വിക്കറ്റ് വേട്ടക്കാരിൽ മുന്നിലുണ്ടായിരുന്ന ശ്രേയങ്ക പാട്ടീലിനും ആദ്യമത്സരം നഷ്ടമാവും. സ്മൃതി മന്ദാന,എല്ലിസ് പെറി, റിച്ച ഘോഷ് ഡാനിയേൽ വ്യാറ്റ്, രേണുക സിംഗ് തുടങ്ങിയവരിലാണ് ഇത്തവണ ആർസിബിയുടെ പ്രതീക്ഷ. ആഷ്‍ലി ഗാർഡ്നറുടെ നേതൃത്വത്തിലാണ് ആദ്യ കിരീടം ലക്ഷ്യമിടുന്ന ഗുജറാത്ത് ജയന്‍റ്സ് ഇറങ്ങുന്നത്. ഫോബേ, ലിച്ച്ഫീൽഡ്, ലോറ വോൾവാർട്ട്, ബേത്ത് മൂണി, ഹാർലീൻ ഡിയോൾ, ഡയലൻ ഹേമലത, പ്രിയ മിശ്ര എന്നിവരാണ് പ്രധാന താരങ്ങൾ.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക