കൊല്‍ക്കത്ത: ടെസ്റ്റ് ക്രിക്കറ്റില്‍ എം എസ് ധോണിയുടെ പകരക്കാരനായിട്ടാണ് വൃദ്ധിമാന്‍ സാഹ ഇന്ത്യന്‍ ടീമിലെത്തിയതെന്നാണ് പൊതുവെ വിലയിരുന്നുന്നത്. 2010ലാണ് സാഹ ടെസ്റ്റ് ക്രിക്കറ്റില്‍ അരങ്ങേറിയത്. എന്നാല്‍ ധോണിയുടെ പകരക്കാരനായിട്ടല്ല ഞാന്‍ ടീമിലെത്തിയതെന്ന് വ്യക്തമാക്കിയിരിക്കുകാണ് സാഹ. നാഗ്പൂരില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെയായിരുന്നു സാഹയുടെ അരങ്ങേറ്റം.

ബുണ്ടസ്‌ലിഗയില്‍ വല ചലിച്ചു; സാമൂഹിക അകലം പാലിച്ച് ഗോള്‍ ആഘോഷം- വീഡിയോ കാണാം

2014ല്‍ ധോണി ടെസ്റ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ച ശേഷമാണ് തനിക്കു കൂടുതല്‍ അവസരങ്ങള്‍ ലഭിക്കാന്‍ തുടങ്ങിയതെന്നും സാഹ പറഞ്ഞു. 35കാരന്‍ തുടര്‍ന്നു... ''2010ല്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ആയിരുന്നു എന്റെ അരങ്ങേറ്റം. എന്നാലത് ധോണിക്ക് പകരം ആയിരുന്നില്ല. വിവിഎസ് ലക്ഷ്മണിന് പകരമായിരുന്നു. ഞാനായിരുന്നില്ല പകരം കളിക്കേണ്ടിയിരുന്നത്. അവസരം യാദൃശ്ചികമായി വന്നതാണ്. രോഹിത് ശര്‍മയായിരുന്ന ലക്ഷ്മണിന് പകരം കളിക്കേണ്ടിയിരുന്നത്. എന്നാല്‍ പരിശീലനത്തിനിടെ ഞാനും രോഹിത്തും കൂട്ടിയിടിച്ചു. രോഹിത്തിന് പരിക്കേറ്റു. ഇതോടെ എനിക്ക് അവസരം തെളിയുകയായിരുന്നു.

ഞാനൊരിക്കലും കരുതിയിരുന്നില്ല എനിക്ക് അവസരം ലഭിക്കുമെന്ന്. സന്നാഹ മത്സരത്തില്‍ സെഞ്ചുറി നേടിയ രോഹിത്തിനായിരുന്നു കൂടുതല്‍ മുന്‍ഗണന. എന്നാല്‍ രോഹിത്തിന് പരിക്കേറ്റതോടെ ധോണി എന്നോട് പരിശീലത്തില്‍ ഏര്‍പ്പെടാന്‍ പറഞ്ഞു. ആരാണ് വിക്കറ്റിന് പിന്നില്‍ നില്‍ക്കുകയെന്ന് എനിക്ക് ആശയകുഴപ്പമുണ്ടായിരുന്നു. ആരാണ് വിക്കറ്റ് കീപ്പറെന്ന് ഞാന്‍ ധോണിയോട് ചോദിക്കുകയും ചെയ്തു. വിക്കറ്റ് കീപ്പര്‍ ഞാന്‍ തന്നെ നില്‍ക്കുമെന്ന് ധോണി മറുപടി പറഞ്ഞു. എന്നോട് ഫീല്‍ഡറായി കളിക്കാനാണ് ധോണി പറഞ്ഞത്. 

ഗവാസ്‌കറിന്റെ ഇന്ത്യ- പാക് ഇലവന്‍; ഇന്ത്യയില്‍ നിന്ന് ആറ് താരങ്ങള്‍

ധോണി ടീമില്‍ ഉണ്ടാവുന്ന അത്രയും കാലം എനിക്ക് ടെസ്റ്റ് ടീമില്‍ ഇടമുണ്ടാവില്ലെന്ന് ബോധ്യമുണ്ടായിരുന്നുവെന്നും സാഹ പറഞ്ഞു. ''എനിക്ക് അവസരങ്ങള്‍ കുറവായിരുന്നു. എന്നാല്‍ ധോണിയില്‍ നിന്ന് ഒരുപാട് പഠിച്ചു. ധോണിയുടെ ബാറ്റിങ് ശൈലി, സ്റ്റംപിങിലെ വേഗം തുടങ്ങി പല കാര്യങ്ങളും താന്‍ കണ്ടു പഠിക്കാന്‍ ശ്രമിച്ചിട്ടുണ്ട്. എനിക്ക് ലഭിച്ച അവസരങ്ങള്‍ പരമാവധി ഉപയോഗിക്കുകയും ചെയ്തു. ധോണി വിരക്കല്‍ പ്രഖ്യാപിച്ച ശേഷം എനിക്ക് കൂടുതല്‍ അവസരങ്ങള്‍ തെളിഞ്ഞു.'' സാഹ പറഞ്ഞു. 

നാഗ്പൂര്‍ ടെസ്റ്റില്‍ മാത്രമാണ് ധോണിയും സാഹയും ഒരുമിച്ച് കളിച്ചത്. പിന്നീട് ധോണി വിരമിക്കുന്നത് വരെ സാഹയ്ക്ക ടെസ്റ്റ് ക്രിക്കറ്റില്‍ വിക്കറ്റ് കീപ്പറാവാന്‍ കഴിഞ്ഞിരുന്നില്ല.