2018ലെ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തില്‍ ന്യൂലന്‍ഡ്‌സ് ടെസ്റ്റിലാണ് കുപ്രസിദ്ധമായ പന്ത് ചുരണ്ടല്‍ വിവാദമുണ്ടായത്
ലണ്ടന്‍: കുപ്രസിദ്ധമായ പന്ത് ചുരണ്ടല്‍ വിവാദത്തിലെ ക്യാപ്റ്റന്‍സി വിലക്കില്‍ ക്രിക്കറ്റ് ഓസ്‌ട്രേലിയക്ക് എതിരെ തുറന്നടിച്ച് ഓപ്പണര്‍ ഡേവിഡ് വാര്‍ണര്‍. ക്യാപ്റ്റന്‍സി ബാനിനെ കൈകാര്യം ചെയ്യുന്ന ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ രീതി ശരിയല്ല എന്ന് വാര്‍ണര്‍ തുറന്നടിച്ചു. കഴിഞ്ഞ വര്‍ഷം നവംബറില്‍ വിലക്ക് മാറ്റണം എന്നാവശ്യപ്പെട്ട് വാര്‍ണര്‍ അപ്പീല്‍ നല്‍കിയിരുന്നെങ്കിലും അനുകൂലമായ തീരുമാനം ക്രിക്കറ്റ് ഓസ്ട്രേലിയയുടെ ഭാഗത്ത് നിന്നുണ്ടായിരുന്നില്ല. ബോര്‍ഡിന്‍റെ ഭാഗത്ത് നിന്നുള്ള നിലപാടുകള്‍ക്ക് പിന്നാലെ തന്‍റെ പുനപരിശോധനാ ഹര്‍ജി വാര്‍ണര്‍ പിന്‍വലിച്ചിരുന്നു. ക്രിക്കറ്റ് ഓസ്ട്രേലിയ വ്യക്തമായ ഉത്തരം നല്‍കുന്നില്ലെന്നും തന്നെ അപമാനിക്കുകയാണ് എന്നും വാര്‍ണര്‍ പറയുന്നു.
2018ലെ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തില്‍ ന്യൂലന്‍ഡ്‌സ് ടെസ്റ്റിലാണ് കുപ്രസിദ്ധമായ പന്ത് ചുരണ്ടല്‍ വിവാദമുണ്ടായത്. സാന്‍ഡ്‍പേപ്പർ ഉപയോഗിച്ച് പന്ത് ചുരണ്ടാനുള്ള ഓസീസ് താരം കാമറൂണ്‍ ബാന്‍ക്രോഫ്റ്റിന്‍റെ ശ്രമം ക്യാമറയില്‍ കുടുങ്ങുകയായിരുന്നു. ഇതിന് പിന്നാലെ കുറ്റക്കാരെന്ന് കണ്ടെത്തിയ അന്നത്തെ ഓസീസ് ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്തിനെയും ഉപനായകന്‍ ഡേവിഡ് വാർണറെയും 12 മാസത്തേക്കും ബാറ്റര്‍ കാമറൂണ്‍ ബാന്‍ക്രോഫ്റ്റിനെ 9 മാസത്തേക്കും രാജ്യാന്തര-ആഭ്യന്തര മത്സരങ്ങളില്‍ നിന്ന് ക്രിക്കറ്റ് ഓസ്ട്രേലിയ വിലക്കി. ഇതിനൊപ്പം സ്മിത്തിന് 2 വർഷത്തെ ക്യാപ്റ്റന്‍സി വിലക്കും വാർണർക്ക് ആജീവനാന്ത ക്യാപ്റ്റന്‍സി വിലക്കും ക്രിക്കറ്റ് ഓസ്ട്രേലിയ ഏർപ്പെടുത്തുകയായിരുന്നു. സ്‌മിത്തിന്‍റെ നായക വിലക്ക് അവസാനിച്ചപ്പോള്‍ വാര്‍ണറുടെ ആജീവനാന്ത ക്യാപ്റ്റന്‍സി ബാനിന്‍മേല്‍ പിന്നീട് പുനപരിശോധനയുണ്ടായില്ല.
ഡേവിഡ് വാർണറുടെ ആജീവനാന്ത ക്യാപ്റ്റന്‍സി വിലക്കിനോട് മൗലികമായി യോജിപ്പില്ലെന്ന് ഓസീസ് ടെസ്റ്റ് നായകന്‍ പാറ്റ് കമ്മിന്‍സ് 2022 ജൂണില്‍ വ്യക്തമാക്കിയിരുന്നു. 'ഓസീസ് ഓപ്പണറായ വാർണർ ഗംഭീര നായകനാണ്, ഔദ്യോഗിക ചുമതലകളുണ്ടേല്‍ വാര്‍ണര്‍ കൂടുതല്‍ മികച്ച പ്രകടനം പുറത്തെടുക്കും' എന്നും കമ്മിന്‍സ് പറഞ്ഞിരുന്നു. ലീഡർഷിപ്പ് ചുമതലകളിലേക്ക് വാർണറെ തിരികെ കൊണ്ടുവരാന്‍ ക്രിക്കറ്റ് ഓസ്ട്രേലിയക്ക് മേല്‍ സമ്മർദം ചൊലുത്തുന്നതാണ് കമ്മിന്‍സിന്‍റെ ഈ വാക്കുകള്‍ എന്ന് വ്യാഖ്യാനിക്കപ്പെട്ടെങ്കിലും ബോര്‍ഡ് തെല്ലുപോലും അയഞ്ഞില്ല. വിലക്ക് കഴിഞ്ഞ് ടീമിലെത്തിയ സ്മിത്തിനെ ടെസ്റ്റ് ടീമിന്‍റെ വൈസ് ക്യാപ്റ്റനാക്കിയിരുന്നു. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലും അതിന് ശേഷം ആഷസ് പരമ്പരയും വരാനിരിക്കേ വാര്‍ണറുടെ പുതിയ പ്രസ്‌താവന എന്ത് ചലനമുണ്ടാക്കും എന്ന് കാത്തിരുന്നറിയണം.
Read more: 'വാർണറുടെ ആജീവനാന്ത ക്യാപ്റ്റന്‍സി വിലക്കിനോട് മൗലികമായി യോജിപ്പില്ല'; സമ്മർദവുമായി കമ്മിന്‍സ്
