സതാംപ്‌ടണ്‍: ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിനായി ഇന്ത്യന്‍ ക്രിക്കറ്റ് ടീം കഴിഞ്ഞ ദിവസം ഇംഗ്ലണ്ടിലെത്തിയിരുന്നു. പരിശീലനത്തിന് ഇറങ്ങും മുമ്പ് കര്‍ശന ക്വാറന്‍റീനാണ് താരങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. 

ആദ്യ മൂന്ന് ദിവസത്തേക്ക് പരസ്‌പരം ആരും കാണരുതെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത് എന്ന് സ്‌പിന്നര്‍ അക്‌സര്‍ പട്ടേല്‍ പറഞ്ഞു. ഇന്ത്യന്‍ താരങ്ങള്‍ മുംബൈയില്‍ നിന്ന് സതാംപ്‌ടണിലേക്ക് യാത്ര ചെയ്യുന്നതിന്‍റെ വീഡിയോ ബിസിസിഐ ട്വീറ്റ് ചെയ്‌തിരുന്നു. ഇതിലാണ് അക്‌സറിന്‍റെ പ്രതികരണം. 

കൊവിഡ് നെഗറ്റീവായതിന്‍റെ ആര്‍ടി-പിസിആര്‍ പരിശോധനാഫലവുമായാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം യുകെയില്‍ എത്തിയത്. ക്വാറന്‍റീന്‍ ആരംഭിക്കും മുമ്പ് താരങ്ങളും സ്റ്റാഫും വീണ്ടും പരിശോധനയ്‌ക്ക് വിധേയരായി. ക്വാറന്‍റീന്‍ വേളയിലും പരിശോധന നടത്തും. സതാംപ്‌ടണില്‍ 14 ദിവസത്തെ ക്വാറന്‍റീനാണ് ഇന്ത്യന്‍ ടീം പൂര്‍ത്തിയാക്കേണ്ടത്. 

സതാംപ്‌ടണില്‍ 18-ാം തിയതി മുതലാണ് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ന്യൂസിലന്‍ഡിന് എതിരായ ഫൈനല്‍. ഇതിന് ശേഷം ഇംഗ്ലണ്ടിനെതിരെ അഞ്ച് ടെസ്റ്റുകള്‍ ടീം ഇന്ത്യ കളിക്കും. ട്രെന്‍ഡ് ബ്രിഡ്‌ജില്‍ ഓഗസ്റ്റ് നാലിനാണ് ആദ്യ മത്സരം. പുരുഷ ടീമിനൊപ്പം വനിതാ ക്രിക്കറ്റ് ടീമും സതാംപ്‌‌ടണിലെത്തിയിട്ടുണ്ട്. ഇംഗ്ലണ്ടിനെതിരെ ഒരു ടെസ്റ്റിലും മൂന്ന് വീതം ഏകദിനങ്ങളിലും ടി20കളിലുമാണ് വനിതാ ടീം കളിക്കുക. 

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിനായി ഇന്ത്യൻ ടീം സതാംപ്ടണിലെത്തി; ചിത്രങ്ങൾ പങ്കുവെച്ച് താരങ്ങൾ

ഇന്ത്യന്‍ പുരുഷ സ്‌ക്വാഡ്: രോഹിത് ശര്‍മ, ശുഭ്മാന്‍ ഗില്‍, മായങ്ക് അഗര്‍വാള്‍, ചേതേശ്വര്‍ പൂജാര, വിരാട് കോലി (ക്യാപ്റ്റന്‍), അജിന്‍ക്യ രഹാനെ (വൈസ് ക്യാപ്റ്റന്‍), ഹനുമ വിഹാരി, റിഷഭ് പന്ത്, ആര്‍ അശ്വിന്‍, രവീന്ദ്ര ജഡേജ, അക്‌സര്‍ പട്ടേല്‍, വാഷിംഗ്ടണ്‍ സുന്ദര്‍, ജസ്പ്രീത് ബുമ്ര, ഇശാന്ത് ശര്‍മ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ഷാര്‍ദുല്‍ താക്കൂര്‍, ഉമേഷ് യാദവ്, കെ എല്‍ രാഹുല്‍, വൃദ്ധിമാന്‍ സാഹ. 

സ്റ്റാന്‍ഡ്‌ബൈ താരങ്ങള്‍: അഭിമന്യു ഈശ്വരന്‍, പ്രസിദ്ധ് കൃഷ്ണ, ആവേഷ് ഖാന്‍, അര്‍സാന്‍ നാഗ്വസ്വല്ല, കെ എസ് ഭരത്. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona