റിക്കി പോണ്ടിംഗ് പറയുന്ന അപകടകാരിയായ ഇന്ത്യന്‍ ബാറ്റര്‍ നായകന്‍ രോഹിത് ശര്‍മ്മയോ കിംഗ് വിരാട് കോലിയോ ആദ്യ ഇന്നിംഗ്‌സിലെ ബാറ്റിംഗ് ഹീറോ അജിങ്ക്യ രഹാനെയോ അല്ല

ലണ്ടന്‍: ഓവലിലെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഓസ്ട്രേലിയ ഇന്ത്യക്ക് മേല്‍ രണ്ടാം ഇന്നിംഗ്‌സില്‍ ഹിമാലയന്‍ ലീഡ് കെട്ടിപ്പടുത്തുയര്‍ത്തിയിരിക്കുകയാണ്. രണ്ടാം ഇന്നിംഗ്‌സില്‍ 443 റണ്‍സിന്‍റെ ലീഡാണ് കങ്കാരുക്കള്‍ സ്വന്തമാക്കിയത്. അഞ്ച് ദിനങ്ങള്‍ പൂര്‍ത്തിയാവാന്‍ ഒന്നേകാല്‍ ദിവസത്തോളം അവശേഷിക്കേ 444 റണ്‍സ് വിജയലക്ഷ്യം നാലാം ഇന്നിംഗ്‌സില്‍ പിന്തുടരുക ഏതൊരു ടീമിനും വലിയ വെല്ലുവിളിയാണ്. എങ്കിലും ഓസ്‌ട്രേലിയക്ക് നിര്‍ണായക മുന്നറിയിപ്പ് നല്‍കുകയാണ് അവരുടെ ഇതിഹാസ ക്യാപ്റ്റനും ബാറ്ററും ഇപ്പോള്‍ ഓവലിലെ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ കമന്‍റേറ്ററുമായ റിക്കി പോണ്ടിംഗ്. 

എന്നാല്‍ റിക്കി പോണ്ടിംഗ് പറയുന്ന അപകടകാരിയായ ഇന്ത്യന്‍ ബാറ്റര്‍ നായകന്‍ രോഹിത് ശര്‍മ്മയോ കിംഗ് വിരാട് കോലിയോ ആദ്യ ഇന്നിംഗ്‌സിലെ ബാറ്റിംഗ് ഹീറോ അജിങ്ക്യ രഹാനെയോ അല്ല. ആദ്യ ഇന്നിംഗ്‌സില്‍ തിളങ്ങാനാവാതെ പോയ യുവ ഓപ്പണര്‍ ശുഭ്‌മാന്‍ ഗില്ലിന്‍റെ പേരാണ് പോണ്ടിംഗ് പറയുന്നത്. ശുഭ്‌മാന്‍ ഓസീസിന് കനത്ത ഭീഷണിയാണ് എന്നായിരുന്നു ഓസീസ് ലീഡ് 400ന് അരികെ നില്‍ക്കേ പോണ്ടിംഗിന്‍റെ വാക്കുകള്‍. ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്‌സില്‍ 13 റണ്‍സേ ഗില്‍ നേടിയുള്ളൂ. 

നാലാം ദിനം രണ്ടാം സെഷന്‍ പുരോഗമിക്കേ ഓസ്ട്രേലിയ 8 വിക്കറ്റിന് 270 റണ്‍സ് എന്ന നിലയില്‍ ഡിക്ലെയര്‍ ചെയ്‌തു. ഇതോടെ 443 റണ്‍സിന്‍റെ രണ്ടാം ഇന്നിംഗ്‌സ് ലീഡ് ഓസീസിന് കിട്ടി. ഡേവിഡ് വാര്‍ണര്‍(1), ഉസ്‌മാന്‍ ഖവാജ(13), സ്റ്റീവ് സ്‌മിത്ത്(34), ട്രാവിസ് ഹെഡ്(18), മാര്‍നസ് ലബുഷെയ്‌ന്‍(41), കാമറൂണ്‍ ഗ്രീന്‍(25), മിച്ചല്‍ സ്റ്റാര്‍ക്ക്(41), പാറ്റ് കമ്മിന്‍സ്(5) എന്നിവരുടെ വിക്കറ്റുകള്‍ ഓസീസിന് നഷ്‌ടമായി. അലക്‌സ് ക്യാരി 105 പന്തില്‍ 8 ഫോറുകള്‍ സഹിതം 66* റണ്‍സുമായി പുറത്താവാതെ നിന്നു. രവീന്ദ്ര ജഡേജ മൂന്നും ഉമേഷ് യാദവും മുഹമ്മദ് ഷമിയും രണ്ട് വീതവും മുഹമ്മദ് സിറാജ് ഒന്നും വിക്കറ്റ് നേടി. നേരത്തെ ഓസ്‌ട്രേലിയയുടെ 469 റണ്‍സ് പിന്തുടര്‍ന്ന ഇന്ത്യ ഒന്നാം ഇന്നിംഗ്‌സില്‍ 269 റണ്‍സില്‍ പുറത്തായിരുന്നു. 

Read more: ഹമ്മോ... ഉയരക്കാരന്‍ കാമറൂണ്‍ ഗ്രീനിനെ നിര്‍ത്തി വിറപ്പിച്ച് സിറാജിന്‍റെ മരണ ബൗണ്‍സര്‍- വീഡിയോ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാംAsianet News Live | Malayalam Live News |ഏഷ്യാനെറ്റ് ന്യൂസ് ലൈവ് |Kerala Live TV News