Asianet News MalayalamAsianet News Malayalam

ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍: ഖവാജയും വാര്‍ണറും വീണു, ഇന്ത്യക്കെതിരെ ഓസീസിന് ഭേദപ്പെട്ട തുടക്കം

പിച്ചിലെ പച്ചപ്പും മൂടിക്കെട്ടിയ അന്തരീക്ഷവും കണ്ട് ടോസ് നേടി ഫീല്‍ഡിംഗ് തെരഞ്ഞെടുത്ത ക്യാപ്റ്റന്‍ രോഹിത് ശര്‍മ ആഗ്രഹിച്ച തുടക്കമാണ് പേസര്‍മാരായ മുഹമ്മദ് ഷമിയും മുഹമ്മദ് സിറാജും നല്‍കിയത്. തുടക്കത്തില്‍ നല്ല സ്വിംഗ് ലഭിച്ച ഇരുവരും ഓസീസ് ഓപ്പണര്‍മാരായ ഡേവിഡ് വാര്‍ണറെയും ഉസ്മാന്‍ ഖവാജയെയും ബാക്ക് ഫൂട്ടില്‍ നിര്‍ത്തി

WTC Final Live Updates Australia vs India, Australia loss 2 wickets at Oval gkc
Author
First Published Jun 7, 2023, 5:12 PM IST

ഓവല്‍: ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഇന്ത്യക്കെതിരെ ടോസ് നഷ്ടമായി ക്രീസിലിറങ്ങിയ ഓസ്ട്രേലിയക്ക് ഭേദപ്പെട്ട തുടക്കം. ആദ്യ ദിനം ലഞ്ചിന് പിരിയുമ്പോള്‍ ഓസ്ട്രേലിയ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 73 റണ്‍സെന്ന നിലയിലാണ്. 26 റണ്‍സുമായി മാര്‍നസ് ലാബുഷെയ്നും രണ്ട് റണ്ണുമായി സ്റ്റീവ് സ്മിത്തും ക്രീസില്‍. ഉസ്മാന്‍ ഖവാജയുടെയും ഡേവിഡ് വാര്‍ണറുടെയും വിക്കറ്റുകളാണ്ണ് ഓസ്ട്രേലിയക്ക് നഷ്ടമായത്. മുഹമ്മദ് സിറാജിനും ഷാര്‍ദ്ദുല്‍ താക്കൂറിനുമാണ് വിക്കറ്റുകള്‍.

തുടക്കം ഞെട്ടിച്ച്, നിരാശപ്പെടുത്തി ഉമേഷ്

പിച്ചിലെ പച്ചപ്പും മൂടിക്കെട്ടിയ അന്തരീക്ഷവും കണ്ട് ടോസ് നേടി ഫീല്‍ഡിംഗ് തെരഞ്ഞെടുത്ത ക്യാപ്റ്റന്‍ രോഹിത് ശര്‍മ ആഗ്രഹിച്ച തുടക്കമാണ് പേസര്‍മാരായ മുഹമ്മദ് ഷമിയും മുഹമ്മദ് സിറാജും നല്‍കിയത്. തുടക്കത്തില്‍ നല്ല സ്വിംഗ് ലഭിച്ച ഇരുവരും ഓസീസ് ഓപ്പണര്‍മാരായ ഡേവിഡ് വാര്‍ണറെയും ഉസ്മാന്‍ ഖവാജയെയും ബാക്ക് ഫൂട്ടില്‍ നിര്‍ത്തി. നാലാം ഓവറില്‍ തന്നെ ഇന്ത്യക്ക് ആദ്യ ബ്രേക്ക് ത്രൂ ലഭിക്കുകയും ചെയ്തു. ഓഫ് സ്റ്റംപിന് പുറത്ത് ഖവാജയെ തുടര്‍ച്ചയായി ബീറ്റ് ചെയ്ത സിറാജ് ഒടുവില്‍ ഖവാജയെ വിക്കറ്റിന് പിന്നില്‍ ശ്രീകര്‍ ഭരത്തിന്‍റെ കൈകളിലെത്തിച്ചു.

10 പന്ത് നേരിട്ട ഖവാജ അക്കൗണ്ട് തുറക്കും മുമ്പെ ഡ്രസ്സിംഗ് റൂമില്‍ തിരിച്ചെത്തി. ഓസീസ് സ്കോര്‍ ബോര്‍ഡില്‍ രണ്ട് റണ്‍സെ അപ്പോഴുണ്ടായിരുന്നുള്ളു. എന്നാല്‍ ഷമിയുടെയും സിറാജിന്‍റെ ആദ്യ സ്പെല്‍ കഴിഞ്ഞതോടെ ശ്വാസം വിട്ട വാര്‍ണറും ലാബുഷെയ്നും ചേര്‍ന്ന് പതുക്കെ സ്കോറുയര്‍ത്തി. ബൗളിംഗ് മാറ്റമായി എത്തിയ ഷര്‍ദ്ദുല്‍ താക്കൂര്‍ ഓസീസിനെ വെള്ളം കുടിപ്പിച്ചെങ്കിലും ഉമേഷ് യാദവ് നിരാശപ്പെടുത്തി. ഉമേഷിന്‍റെ ഒരോവറില്‍ നാല് ബൗണ്ടറിയടിച്ച വാര്‍ണര്‍ ഓസീസ് ആക്രമണം നയിച്ചത്. മറുവശത്ത് രണ്ട് ഷാര്‍ദ്ദുലിന്‍റെ പന്തില്‍ ശക്തമായ എല്‍ബിഡബ്ല്യു അപ്പീലുകള്‍ അതിജീവിച്ച ലാബുഷെയ്ന്‍ പിടിച്ചു നിന്നു. ഇന്ത്യയാകട്ടെ രണ്ട് റിവ്യു അവസരങ്ങള്‍ നഷ്ടമാക്കുകയും ചെയ്തു.

ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍; ഓസ്ട്രേലിയക്കെതിരെ ഇന്ത്യക്ക് നിര്‍ണായക ടോസ്; സര്‍പ്രൈസ് ടീമുമായി ഇന്ത്യ

ഓസീസിനെ 50 കടത്തിയ ഇരുവരും ചേര്‍ന്ന് ആദ്യ സെഷനില്‍ മേല്‍ക്കൈ സമ്മാനിക്കുമെന്ന് കരുതിയിരിക്കെ ആണ് ലഞ്ചിന് മുമ്പ് വാര്‍ണറെ(43) വീഴ്ത്തി ഷാര്‍ദ്ദുല്‍ ഓസീസിന് രണ്ടാം പ്രഹരമേല്‍പ്പിച്ചു. ലെഗ് സ്റ്റംപിലെറിഞ്ഞ ഷോര്‍ട്ട് പിച്ച് പന്തില്‍ പുള്‍ ചെയ്യാന്‍ ശ്രമിച്ച വാര്‍ണറെ വിക്കറ്റിന്  പിന്നില്‍ കെ എസ് ഭരത് മനോഹരമായി കൈയിലൊതുക്കി. സ്റ്റീവ് സ്മിത്തും ലാബുഷെയ്നും ചേര്‍ന്ന് ആദ്യ സെഷനില്‍ കൂടുതല്‍ നഷ്ടങ്ങളില്ലാതെ ഓസീസിനെ 73 റണ്‍സിലെത്തിച്ചു.

നേരത്തെ ടോസ് നേടിയ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ ഫീല്‍ഡിംഗ് തെരഞ്ഞടുക്കുകയായിരുന്നു. നാലു പേസര്‍മാരും ഒരു സ്പിന്നറുമായി ഇന്ത്യ ഇറങ്ങിയപ്പോള്‍ അശ്വിന്‍ അന്തിമ ഇലവനിലെത്തിയില്ല. ശ്രീകര്‍ ഭരത് ആണ് വിക്കറ്റ് കീപ്പറായി ടീമിലെത്തിയത്.

Follow Us:
Download App:
  • android
  • ios