ഇത് ശരിക്കും വേദനിപ്പിക്കുന്നു. ഇത്രയും നിര്‍ണായകമായ, ആവേശകരമാവേണ്ട ഒരു ഫൈനല്‍ മത്സരം ഇംഗ്ലണ്ടില്‍ വെക്കരുതായിരുന്നു.

സതാംപ്ടണ്‍: ഇന്ത്യയും ന്യൂസിലൻഡും തമ്മിലുള്ള ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ഇംഗ്ലണ്ടില്‍ വെച്ചതിനെതിരെ മുന്‍ ഇംഗ്ലണ്ട് നായകന്‍ കെവിന്‍ പീറ്റേഴ്സണ്‍. രണ്ട് വര്‍ഷമായി നടത്തിയ ടൂര്‍ണമെന്‍റിന്‍റെ ഒരേയൊരു ഫൈനല്‍ മഴമൂലം അലങ്കോലമായ പശ്ചാത്തലത്തിലാണ് പീറ്റേഴ്സന്‍റെ പ്രതികരണം.

മഴമൂലം രണ്ട് ദിവസം പൂര്‍ണമായും നഷ്ടമായ മത്സരത്തില്‍ ആകെ 142 ഓവറുകള്‍ മാത്രമാണ് കളി നടന്നത്. ഇത്രയും പ്രധാനപ്പെട്ടൊരു മത്സരം ഐസിസി ഇംഗ്ലണ്ടില്‍ വെക്കരുതായിരുന്നുവെന്ന് പീറ്റേഴ്സണ്‍ പറഞ്ഞു. ഇത് ശരിക്കും വേദനിപ്പിക്കുന്നു. ഇത്രയും നിര്‍ണായകമായ, ആവേശകരമാവേണ്ട ഒരു ഫൈനല്‍ മത്സരം ഇംഗ്ലണ്ടില്‍ വെക്കരുതായിരുന്നു.

Scroll to load tweet…

ഐസിസിയില്‍ ഞാനാണ് തീരുമാനമെടുക്കുന്നതെങ്കില്‍ ദുബായ് ആകുമായിരുന്നു വേദി. നിഷ്പക്ഷ വേദിയെന്നതിന് പുറമെ മികച്ച സ്റ്റേഡിയവും നല്ല കാലാവസ്ഥയും മികച്ച പരിശീലക സൗകര്യങ്ങളും യാത്രാ മാര്‍ഗങ്ങളും ഇതിനെല്ലാം പുറമെ ഐസിസി ആസ്ഥാനത്തിന് തൊട്ടടുത്തും. എന്തുകൊണ്ടും ദുബായ് ആയിരുന്നു വേദിയാവേണ്ടിയിരുന്നതെന്നും പീറ്റേഴ്സണ്‍ ട്വിറ്ററില്‍ കുറിച്ചു.

Scroll to load tweet…

ഫൈനലിന്‍റെ നാലാം ദിനം മഴ മൂലം ഒറ്റ പന്തുപോലും എറിയാതെയാണ് പൂര്‍ണമായും ഉപേക്ഷിച്ചത്. രാവിലെ മുതല്‍ തുടര്‍ന്ന ചാറ്റല്‍ മഴ മൂലം ആദ്യ രണ്ട് സെഷനുകളും നേരത്തെ ഉപേക്ഷിച്ചിരുന്നു. അവസാന സെഷനില്‍ മഴ കനത്തിനാല്‍ നാലാം ദിവസത്തെ കളി പൂര്‍ണമായും ഉപേക്ഷിക്കുകയായിരുന്നു.

നേരത്തെ ആദ്യ ദിവസത്തെ കളിയും ടോസ് പോലും സാധ്യമല്ലാത്ത സാഹചര്യത്തില്‍ പൂര്‍ണമായും ഉപേക്ഷിച്ചിരുന്നു. മൂന്നാം ദിനം ഇന്ത്യയുടെ ഒന്നാം ഇന്നിം​ഗ്സ് സ്കോറായ 217 റൺസിന് മറപടിയായി കിവീസ് രണ്ട് വിക്കറ്റ് നഷ്ടത്തിൽ 101 റൺസെടുത്തിരുന്നു. 12 റൺസോടെ ക്യാപ്റ്റൻ കെയ്ൻ വില്യംസണും റൺസൊന്നുമെടുക്കാതെ റോസ് ടെയ്‌ലറുമാണ് ക്രീസിൽ.സിന് 116 റൺസ് കൂടി മതി.

ഇതുവരെ 142 ഓവറുകള്‍ മാത്രമാണ് മത്സരത്തില്‍ ബൗള്‍ ചെയ്യാനായത്. അതിനിടെ മത്സരത്തിന്‍റെ റിസര്‍വ് ദിനത്തിലെ ടിക്കറ്റുകള്‍ ഐസിസി സൗജന്യനിരക്കില്‍ വിതരണം ആരംഭിച്ചിട്ടുണ്ട്. നാലാം ദിനവും പൂര്‍ണമായും നഷ്ടമായതോടെ ആവേശത്തോടെ കാത്തിരുന്ന ആദ്യ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഫലമുണ്ടാകാനുള്ള സാധ്യതയ്ക്കും മങ്ങലേറ്റു.