Asianet News MalayalamAsianet News Malayalam

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ: ഇന്ത്യയ്ക്ക് ഭീഷണിയാവുന്ന ബൗളറെ പ്രവചിച്ച് മുൻ ഇം​ഗ്ലണ്ട് താരം

ഇന്ത്യക്കെതിരെ മികച്ച റെക്കോർഡുള്ള സൗത്തി ഇം​ഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റിൽ അ‍ഞ്ച് വിക്കറ്റ് വീഴ്ത്തി തിളങ്ങിയിരുന്നു. ഇന്ത്യക്കെതിരെ എട്ട് ടെസ്റ്റിൽ നിന്ന് 39 വിക്കറ്റാണ് സൗത്തിയുടെ നേട്ടം

WTC Final: Tim Southee can trouble Indians says Monty Panesar
Author
London, First Published Jun 12, 2021, 7:05 PM IST

ലണ്ടൻ: ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ 18ന് ന്യൂസിലൻഡിനെ നേരിടാനിറങ്ങുമ്പോൾ ഇന്ത്യയെ കുഴക്കുന്ന ബൗളറെ പ്രവചിച്ച് മുൻ ഇം​ഗ്ലണ്ട് താരം മോണ്ടി പനേസർ. കിവീസ് പേസർ ടിം സൗത്തിയാവും ഫൈനലിൽ ഇന്ത്യക്ക് വെല്ലുവിളിയാവുന്ന കിവീസ് ബൗളറെന്ന് പനേസർ പറഞ്ഞു.

ഇന്ത്യക്കെതിരെ മികച്ച റെക്കോർഡുള്ള സൗത്തി ഇം​ഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റിൽ അ‍ഞ്ച് വിക്കറ്റ് വീഴ്ത്തി തിളങ്ങിയിരുന്നു. ഇന്ത്യക്കെതിരെ എട്ട് ടെസ്റ്റിൽ നിന്ന് 39 വിക്കറ്റാണ് സൗത്തിയുടെ നേട്ടം. നീൽ വാ​ഗ്നറും കെയ്ൽ ജമൈസണും ട്രെന്റ് ബോൾട്ടും ഉണ്ടെങ്കിലും പന്ത് നന്നായി സ്വിം​ഗ് ചെയ്യുന്ന സതാംപ്ടണിൽ ഇന്ത്യയ്ക്ക് വെല്ലുവിളിയാകുക 32കാരനായ സൗത്തിയാകുമെന്നും പനേസർ വ്യക്തമാക്കി.

WTC Final: Tim Southee can trouble Indians says Monty Panesarസതാംപ്ടണിൽ പന്ത് സ്വിം​ഗ് ചെയ്യുകയാണെങ്കിൽ സൗത്തി ഇന്ത്യയെ വലയ്ക്കുമെന്നാണ് കരുതുന്നത്. കാരണം ബുദ്ധിമാനായ ബൗളറാണ് സൗത്തി. വൈഡ് ഓഫ് ദ് ക്രീസിൽ നിന്ന് ഓഫ് സ്റ്റംപിന് പുറത്ത് പന്തെറിഞ്ഞ് ഇന്ത്യൻ ബാറ്റ്സ്മാൻമാരുടെ ബലഹീനത മുതലെടുക്കാൻ സൗത്തിക്ക് പ്രത്യേക മിടുക്കുണ്ട്.

ഫൈനലിൽ ഇന്ത്യയെക്കാൾ മുൻതൂക്കം ന്യൂസിലൻഡിനുണ്ടെന്നും പനേസർ പറഞ്ഞു. ബൗളിം​​ഗ് വൈവിധ്യം കൊണ്ട് ന്യൂസിലൻഡിന് ഇന്ത്യയെക്കാൾ മുൻതൂക്കമുണ്ട്. ഇടം കൈയൻ പേസറും വലം കൈയൻ പേസറും ഉയരക്കാരനായ പേസറും അവർക്കുണ്ട്. അതിനോട് പൊരുത്തപ്പെടാൻ ബാറ്റ്സ്മാൻമാർ പാടുപെടും.

പന്ത് സ്വിം​ഗ് ചെയ്യുന്ന സാഹചര്യങ്ങളിൽ വലംകൈയൻ പേസർമാർക്കൊപ്പം ഇടം കൈയൻ പേസർമാരെയും നേരിടുന്നത് വലിയ വെല്ലുവിളിയാണെന്നും പനേസർ വ്യക്തമാക്കി. ഈ മാസം 18നാണ് ഇന്ത്യയും ന്യൂസിലൻഡും ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ഏറ്റുമുട്ടുക.

Follow Us:
Download App:
  • android
  • ios