19 ടെസ്റ്റുകൾ മാത്രം കളിച്ചിട്ടുള്ള യശസ്വി ജയ്സ്വാൾ ഇതിനോടകം തന്നെ ടെസ്റ്റ് ടീമിൽ ശ്രദ്ധേയമായ പ്രകടനം പുറത്തെടുത്തു കഴിഞ്ഞു. 

ദില്ലി: ഐപിഎല്ലിന് പിന്നാലെ നടക്കാനിരിക്കുന്ന ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കായുള്ള തയ്യാറെടുപ്പുകളിലേയ്ക്ക് കടക്കുകയാണ് ടീം ഇന്ത്യ. സീനിയര്‍ താരങ്ങളായ രോഹിത് ശര്‍മ്മയും വിരാട് കോലിയും ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചതിന് ശേഷമുള്ള ആദ്യ പരമ്പരയാണിത്. മാത്രമല്ല, ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന് ഇന്ത്യ തുടക്കം കുറിക്കുന്നതും ഇംഗ്ലണ്ടിനെതിരായ 5 മത്സര പരമ്പരയോടെയാണ്. ഈ പരമ്പരയിലൂടെ അഭിമാന നേട്ടം സ്വന്തമാക്കാൻ കാത്തിരിക്കുകയാണ് യുവതാരം യശസ്വി ജയ്സ്വാൾ. 

ടെസ്റ്റ് ക്രിക്കറ്റിൽ അമ്പരപ്പിക്കുന്ന റെക്കോര്‍ഡാണ് യശസ്വി ജയ്സ്വാളിനെ കാത്തിരിക്കുന്നത്. 19 ടെസ്റ്റുകളിൽ നിന്ന് ജയ്സ്വാൾ 39 സിക്സറുകൾ നേടിക്കഴിഞ്ഞു. ഇനി 10 ഇന്നിംഗ്സുകൾക്കുള്ളിൽ 11 സിക്സറുകൾ കൂടി നേടാനായാൽ ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിൽ വേഗത്തിൽ 50 സിക്സറുകൾ നേടുന്ന താരമായി ജയ്സ്വാൾ മാറും. 36 ഇന്നിംഗ്സുകളിൽ നിന്നാണ് താരം 39 സിക്സറുകൾ നേടിയത്. 46 ഇന്നിംഗ്സുകളിൽ നിന്ന് 50 സിക്സറുകള്‍ തികച്ച പാകിസ്ഥാൻ താരം ഷഹീദ് അഫ്രീദിയുടെ പേരിലാണ് നിലവിലെ റെക്കോര്‍ഡ്.

വെറും 19 ടെസ്റ്റുകളിൽ മാത്രമാണ് കളിച്ചിട്ടുള്ളതെങ്കിലും ഇതിനോടകം തന്നെ ഇന്ത്യൻ ടീമിൽ സ്ഥാനം ഉറപ്പിക്കാൻ ജയ്സ്വാളിന് സാധിച്ചു. അവസാനമായി ഇംഗ്ലണ്ടിനെതിരെ സ്വന്തം നാട്ടിൽ നടന്ന പരമ്പരയിൽ 700ലധികം റൺസ് നേടിയ ജയ്സ്വാളിന്റെ പ്രകടനം ഇന്ത്യയുടെ വിജയത്തിൽ നിര്‍ണായകമായിരുന്നു. ഓസ്ട്രേലിയയ്ക്ക് എതിരായ ബോര്‍ഡര്‍ ഗവാസ്കര്‍ ട്രോഫിയിൽ തകര്‍പ്പൻ പ്രകടനം പുറത്തെടുത്തതോടെ വിദേശ പിച്ചുകളിൽ തിളങ്ങാൻ കഴിയുമെന്ന് ജയ്സ്വാൾ തെളിയിച്ചു കഴിഞ്ഞു. പരമ്പരയിൽ ഇന്ത്യയ്ക്ക് വേണ്ടി ഏറ്റവും കൂടുതൽ റൺസ് നേടിയത് ജയ്സ്വാളായിരുന്നു. ഒരു സെഞ്ച്വറിയും രണ്ട് അര്‍ധ സെഞ്ച്വറികളും സഹിതം 391 റൺസാണ് താരം ഓസീസിനെതിരെ അടിച്ചുകൂട്ടിയത്.