ഓരോ ദിവസം കഴിയുന്തോറും അവന്‍ കൂടുതല്‍ കൂടുതല്‍ മെച്ചപ്പെടുകയാണ്. അവന്‍റെ റണ്‍ദാഹത്തെക്കുറിച്ചും ഓരോ ഇന്നിംഗ്സും കെട്ടിപ്പടുക്കുന്ന രീതിയെക്കുറിച്ചും നമ്മള്‍ ഏറെ പറഞ്ഞു കഴിഞ്ഞു.

ദില്ലി: വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്‍റെ ആദ്യ ദിനം ഇന്ത്യ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 318 റണ്‍സെടുത്തപ്പോള്‍ 173 റണ്‍സുമായി ഓപ്പണര്‍ യശസ്വി ജയ്സ്വാള്‍ ക്രീസിലുണ്ട്. രണ്ടാം ദിനം ഡബിള്‍ സെഞ്ചുറി ലക്ഷ്യമിട്ട് ക്രീസിലിറങ്ങുന്ന ജയ്സ്വാളിന് ഇത് കരിയറിലെ ആദ്യ ട്രിപ്പിള്‍ സെഞ്ചുറി അടിക്കാനുള്ള സുവര്‍ണാവസരമാണെന്നും അത് നഷ്ടമാക്കരുതെന്നും ഉപദേശിക്കുകയാണ് മുന്‍ നായകന്‍ അനില്‍ കുംബ്ലെ.

ഓരോ ദിവസം കഴിയുന്തോറും അവന്‍ കൂടുതല്‍ കൂടുതല്‍ മെച്ചപ്പെടുകയാണ്. അവന്‍റെ റണ്‍ദാഹത്തെക്കുറിച്ചും ഓരോ ഇന്നിംഗ്സും കെട്ടിപ്പടുക്കുന്ന രീതിയെക്കുറിച്ചും നമ്മള്‍ ഏറെ പറഞ്ഞു കഴിഞ്ഞു. കഴിഞ്ഞ മത്സരത്തില്‍ നല്ല തുടക്കം ലഭിച്ചെങ്കിലും അവന് അത് വലിയ സ്കോറാക്കാനായില്ല. എന്നാൽ രണ്ടാം ടെസ്റ്റില്‍ അവന്‍ വലിയ സ്കോര്‍ നേടാനുറച്ച് തന്നെയാണ് ക്രീസിലെത്തിയത്.

ഇത്രയും ചെറിയ കരിയറില്‍ ഒരിക്കല്‍ പോലും അവന്‍ അവസരങ്ങള്‍ നഷ്ടമാക്കിയിട്ടില്ല. ക്രീസില്‍ നിലയുറപ്പിച്ചു കഴിഞ്ഞാല്‍ പിന്നീട് അവനെ പുറത്താക്കുക ബദ്ധിമുട്ടാണ്. ഈ ടെസ്റ്റില്‍ അവന്‍ 173 റണ്‍സുമായി പുറത്താകാതെ നില്‍ക്കുകയാണ്. രണ്ടാം ദിനം ക്രീസിലിറങ്ങുമ്പോള്‍ ഡബിള്‍ സെഞ്ചുറിയായിരിക്കും അവന്‍റെ ആദ്യ ലക്ഷ്യമെങ്കിലും കരിയറിലാദ്യമായി ട്രിപ്പിള്‍ സെഞ്ചുറി അടിക്കാനുള്ള സുവര്‍ണാവസരവും അവന്‍റെ മുന്നിലുള്ളത്. അത് അവന്‍ നഷ്ടമാക്കില്ലെന്നാണ് കരുതുന്നതെന്നും അനില്‍ കുംബ്ലെ ജിയോ ഹോട്സ്റ്റാറില്‍ പറഞ്ഞു.

വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ടോസ് നേടി ക്രീസിലിറങ്ങിയ ഇന്ത്യ ആദ്യ ദിനം കളി നിര്‍ത്തുമ്പോള്‍ യശസ്വി ജയ്സ്വാളിന്‍റെ അപരാജിത സെഞ്ചുറിയുടെയും സായ് സുദര്‍ശന്‍റെ അര്‍ധസെഞ്ചുറിയുടെയും കരുത്തിൽ ആദ്യ ദിനം രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 318 റണ്‍സെന്ന നിലയിലാണ്. 173 റണ്‍സുമായി യശസ്വി ജയ്സ്വാളും 20 റണ്‍സുമായി ക്യാപ്റ്റൻ ശുഭ്മാന്‍ ഗില്ലുമാണ് ക്രീസില്‍. 38 റൺസെടുത്ത കെ എല്‍ രാഹുലിന്‍റെയും 87 റണ്‍സെടുത്ത സായ് സുദര്‍ശന്‍റെയും വിക്കറ്റുകളാണ് ഇന്ത്യക്ക് ആദ്യദിനം നഷ്ടമായത്. വാറിക്കനാണ് വിന്‍ഡീസിനായി രണ്ടുവിക്കറ്റുമെടുത്തത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക