വെസ്റ്റ് ഇൻഡീസിനെതിരായ രണ്ടാം ടെസ്റ്റിൽ 175 റൺസിന് റണ്ണൗട്ടായതിനെക്കുറിച്ച് പ്രതികരിച്ച് യശസ്വി ജയ്‌സ്വാൾ. അതെല്ലാം കളിയുടെ ഭാഗമാണെന്നും ടീമിന്റെ ലക്ഷ്യത്തിലാണ് ശ്രദ്ധയെന്നും താരം പിന്നീട് വ്യക്തമാക്കി. 

ദില്ലി: വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ യശസ്വി ജയ്‌സ്വാളിന്റെ ഡബിള്‍ സെഞ്ചുറി പ്രതീക്ഷിച്ച ആരാധകരെ നിരാശരാക്കിയാണ് ഇന്ത്യന്‍ ഓപ്പണര്‍ രണ്ടാം ദിനം തുടക്കത്തിലെ റണ്ണൗട്ടായി മടങ്ങിയത്. ആദ്യ ദിനത്തിലെ സ്‌കോറിനോട് വെറും രണ്ട് റണ്‍സ് മാത്രം കൂട്ടിച്ചേര്‍ത്ത് രണ്ടാം ദിനത്തിലെ രണ്ടാം ഓവറില്‍ തന്നെ 175 റണ്‍സുമായി ജയ്‌സ്വാള്‍ മടങ്ങി. മിഡോഫിലേക്ക് ഫീല്‍ഡറുടെ കൈയിലേക്ക് അടിച്ച പന്തില്‍ അതിവേഗ സിംഗിളിന് ശ്രമിച്ചാണ് ജയ്‌സ്വാള്‍ റണ്ണൗട്ടായത്.

അതിനെ കുറിച്ച് പ്രതികരിക്കുകയാണിപ്പോള്‍ ജയ്‌സ്വാള്‍. ഇന്ത്യന്‍ ഓപ്പണറുടെ വാക്കുകള്‍... ''എനിക്ക് കഴിയുന്നിടത്തോളം കളിക്കാന്‍ ഞാന്‍ എപ്പോഴും ശ്രമിക്കാറുണ്ട്. കളി മുന്നോട്ട് കൊണ്ടുപോകാനാണ് എപ്പോഴും ശ്രമിക്കാറ്. ആ റണ്‍ ഔട്ട് കളിയുടെ ഭാഗമാണ്, അത് കുഴപ്പമില്ല. എനിക്ക് എന്ത് നേടാന്‍ കഴിയുമെന്നാണ് എപ്പോഴും ചിന്തിക്കാറ്. എന്റെയും ടീമിന്റേയും ലക്ഷ്യത്തെ കുറിച്ച് വ്യക്തമായ ബോധ്യമുണ്ട്. പിച്ചില്‍ പന്തുകള്‍ക്ക് കുറച്ച് മൂവ്‌മെന്റ് ഉണ്ടായിരുന്നു. അതുകൊണ്ട് ആദ്യ മണിക്കൂറുകളില്‍ ശ്രദ്ധിച്ചാണ് കളിച്ചത്. പിന്നീട് വേഗത്തില്‍ റണ്‍സ് കണ്ടെത്താനായിരുന്നു പദ്ധതി. മികച്ച വിക്കറ്റാണ് ഡല്‍ഹിയിലേത്. ഞങ്ങള്‍ വളരെ നന്നായി പന്തെറിയുന്നു. എത്രയും വേഗം വിന്‍ഡീസിനെ പുറത്താക്കാനും മത്സരം സ്വന്തമാക്കാനുമാണ് ശ്രമിക്കുന്നത്.'' ജയ്‌സ്വാള്‍ പറഞ്ഞു.

റണ്ണൗട്ടയതിന്റെ നിരാശ മുഴുവന്‍ ഗ്രൗണ്ടില്‍ പ്രകടമാക്കിയശേഷമാണ് ജയ്‌സ്വാള്‍ ക്രീസ് വിട്ടത്. അത് തന്റെ കോളായിരുന്നുവെന്ന് ജയ്‌സ്വാള്‍ ഗില്ലിനോട് ഉറക്കെ വിളിച്ചുപറയുന്നതും ഗില്‍ അതിന് വിശദീകരണം നല്‍കുന്നതും കാണാമായിരുന്നു. പന്ത് പിടിക്കും മുമ്പ് വിക്കറ്റ് കീപ്പറുടെ ഗ്ലൗസ് സ്റ്റംപിളക്കിയോ എന്ന സംശയത്തില്‍ ജയ്‌സ്വാള്‍ കുറച്ചു നേരം കൂടി ക്രീസില്‍ നിന്നെങ്കിലും വീഡിയോ പരിശോധനയില്‍ അത് റണ്ണൗട്ടാണെന്ന് വ്യക്തമായി. ഇതോടെ അമ്പയര്‍ ക്രീസ് വിടാന്‍ ജയ്‌സ്വാളിനോട് ആവശ്യപ്പെട്ടു. നിരാശയോടെ തലയില്‍ കൈവെച്ചാണ് ജയ്‌സ്വാള്‍ ക്രീസ് വിട്ടത്.

YouTube video player