സീസണിന്റെ തുടക്കത്തില്‍ നിറം മങ്ങിയ ജയ്സ്വാള്‍ രണ്ടാം പാതിയില്‍ തിരിച്ചുവരവ് നടത്തിയിരുന്നു
ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ കീഴടക്കി രാജസ്ഥാൻ റോയല്‍സ് സീസണ്‍ അവസാനിപ്പിച്ചു. പോയിന്റ് പട്ടികയില്‍ ഒൻപതാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു സഞ്ജു സാംസണിനും കൂട്ടര്‍ക്കും. സീസണ്‍ അവസാനിച്ചതിന് ശേഷം ഓപ്പണിംഗ് ബാറ്റര്‍ യശസ്വി ജയ്‌സ്വാളിന്റെ സോഷ്യല്‍ മീഡിയ പോസ്റ്റാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. താരം അടുത്ത സീസണില്‍ രാജസ്ഥാനൊപ്പം ഉണ്ടായേക്കില്ലെന്നാണ് പോസ്റ്റിന്റെ സാരാംശമായി ആരാധകര്‍ ചൂണ്ടിക്കാണിക്കുന്നത്.
സീസണിന്റെ തുടക്കത്തില്‍ നിറം മങ്ങിയ ജയ്സ്വാള്‍ രണ്ടാം പാതിയില്‍ തിരിച്ചുവരവ് നടത്തി. 14 മത്സരങ്ങളില്‍ നിന്ന് 559 റണ്‍സാണ് ജയ്സ്വാള്‍ നേടിയത്. രാജസ്ഥാനായി സീസണില്‍ ഏറ്റവുമധികം റണ്‍സ് നേടിയതും ജയ്സ്വാളാണ്. 159 സ്ട്രൈക്ക് റേറ്റിലായിരുന്നു താരം ബാറ്റ് വീശിയത്.
രാജസ്ഥാൻ റോയല്‍സ്, എല്ലാത്തിനും നന്ദി. ഞങ്ങള്‍ പ്രതീക്ഷിച്ച സീസണായിരുന്നില്ല ഇത്. നമ്മുടെ ഒരുമിച്ചുള്ള യാത്രയില്‍ ഒരുപാട് നന്ദിയുണ്ട്. അടുത്ത വെല്ലുവിളിക്കായി ഒരുങ്ങുകയാണ്. ഭാവി കാത്തിരിക്കുന്നത് എന്തെന്ന് നോക്കാം, ജയ്സ്വാള്‍ ഇൻസ്റ്റഗ്രാമില്‍ കുറിച്ചു.
ജയ്സ്വാളിന്റെ പോസ്റ്റ് പ്രത്യക്ഷപ്പെട്ടതിന് പിന്നാലെ തന്നെ ആരാധകര്‍ പലതിയറികളുമായി രംഗത്തെത്തി. പലരും രാജസ്ഥാനില്‍ നിന്ന് പടിയിറങ്ങരുത് എന്ന ആവശ്യമാണ് മുന്നോട്ട് വെച്ചത്. മറ്റ് ചിലര്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന്റെ നായകനായി ജയ്സ്വാള്‍ എത്തണമെന്നും നിര്‍ദേശിച്ചു.
രാജസ്ഥാൻ ക്യാമ്പില്‍ നിന്ന് സീസണില്‍ നല്ല വാര്‍ത്തകളായിരുന്നില്ല പുറത്തുവന്നത്. മുഖ്യപരിശീലകൻ രാഹുല്‍ ദ്രാവിഡും സഞ്ജു സാംസണും തമ്മില്‍ അഭിപ്രായ ഭിന്നതയുണ്ടെന്ന് സൂചനകളുണ്ടായിരുന്നു. സഞ്ജുവിന് പകരക്കാരനായി റിയാൻ പരാഗിനെ നായകനാക്കിയതിലും ആരാധകരില്‍ നിന്ന് വിമര്‍ശനമുണ്ടായി. ഇന്ത്യയ്ക്കായി നിരവധി മത്സരങ്ങളിലിറങ്ങിയിട്ടുള്ള ജയ്സ്വാളിനെ പരിഗണിക്കാത്തതിലായിരുന്നു പ്രതിഷേധം.
വരാനിരിക്കുന്ന ഇംഗ്ലണ്ട് പര്യടനം ജയ്സ്വാളിന് നിർണായകമാണ്. ഓപ്പണിംഗ് ബാറ്ററായ രോഹിത് ശർമയും മധ്യനിരയിലെ സുപ്രധാന താരമായ വിരാട് കോലിയും പടിയിറങ്ങിയതോടെ ജയ്സ്വാളിലേക്ക് കൂടുതല്‍ ഉത്തരവാദിത്തം എത്തിയേക്കും. ഓപ്പണിങ്ങില്‍ ജയ്സ്വാളിന്റെ കൂട്ടാളിയെ കണ്ടെത്താനുള്ള ശ്രമത്തിലാണ് ബിസിസിഐ. കെ എല്‍ രാഹുലിനായിരിക്കും കൂടുതല്‍ സാധ്യതയെന്നും സൂചനകളുണ്ട്.


