സഞ്ജുവിനെ ഒഴിവാക്കിയാല്‍ യശസ്വി ജയ്‌സ്വാളിനെ നായകനാക്കാനാണ് റോയല്‍സിന്റെ നീക്കം.
ജയ്പൂര്‍: സഞ്ജു സാംസണിന്റെ താര കൈമാറ്റത്തിന് തിരക്കിട്ട നീക്കങ്ങളുമായി രാജസ്ഥാന്‍ റോയല്‍സ്. സഞ്ജുവിനെ ഏതെങ്കിലും താരങ്ങളുമായി കൈമാറ്റത്തിന് സാധ്യതയുണ്ടോ എന്നറിയാല്‍ റോയല്‍സ് വീണ്ടും ഫ്രാഞ്ചെസികള്‍ക്ക് കത്തയച്ചു. രാജസ്ഥാന്‍ റോയല്‍സ് ടീം ഉടമ മനോജ് ബാദ്‌ലെ ഇ മെയില്‍ വഴിയാണ് മറ്റ് ഫ്രാഞ്ചെസികള്‍ക്ക് സന്ദേശം നല്‍കിയത്. ക്യാപ്റ്റനും വിക്കറ്റ് കീപ്പറുമായ സഞ്ജു സാംസണെ കൈമാറാന്‍ തയ്യാറാണ്. പകരം താരങ്ങളെ ലഭിച്ചാല്‍, ആഗ്രഹിക്കുന്ന വില ലഭിച്ചാല്‍ സഞ്ജുവിനെ കൈമാറമെന്ന് സന്ദേശത്തില്‍ പറയുന്നു.
ചെന്നൈ സൂപ്പര്‍ കിംഗ്‌സുമായി തടത്തിയ ട്രേഡ് ചര്‍ച്ചകള്‍ ഫലം കണ്ടില്ലെന്നാണ് സൂചനകള്‍. സഞ്ജുവിന് പകരം രവീന്ദ്ര ജഡേജ, റുതുരാജ് ഗെയ്കവാദ്, ശിവം ദുംബൈ എന്നീ താരങ്ങളേയാണ് റോയല്‍സ് ആവശ്യപ്പെട്ടത്. എന്നാല്‍ ഒരു താരങ്ങളേയും വിട്ടുകൊടുക്കാന്‍ തയാറല്ലെന്നാണ് ചെന്നൈയുടെ നിലപാട്. അതിനിടെ മറ്റൊരു ഫ്രാഞ്ചെസിയുമായി സഞ്ചുവിന്റെ വില്‍പന നടന്നുവെന്നും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. താരകൈമാറ്റത്തില്‍ അന്തിമ തീരുമാനം റോയല്‍സിന്റേതായതിനാല്‍ പ്രതീക്ഷിക്കുന്ന വില ലഭിച്ചില്ലെങ്കില്‍ സഞ്ജു രാജസ്ഥാനില്‍ തന്നെ തുടരാനും സാധ്യതയുണ്ട്.
റോയല്‍സിന്റെ പല തീരുമാനങ്ങളിലും സഞ്ജുവിന് കടുത്ത അതൃപ്തിയുണ്ടെന്നത് പരസ്യമായ രഹസ്യമാണ്. മെഗാലേലത്തില്‍ ജോസ് ബട്‌ലറെ ടീം വിട്ടുകളഞ്ഞത് സഞ്ജുവിനെ നിരാശനാക്കിയെന്നാണ് താരത്തോട് അടുപ്പമുള്ളവര്‍ വ്യക്തമാക്കുന്നത്. രാജസ്ഥാനുവേണ്ടി ഏഴ് സീസണുകളിലെ 83 മത്സരങ്ങളില്‍ നിന്ന് 3055 റണ്‍സടിച്ച ജോസ് ബട്ലറെ കൈവിടാനുള്ള തീരുമാനം ആരാധകരെ ഞെട്ടിച്ചിരുന്നു. ജോസ് ബട്ലര്‍ക്ക് പകരം ഷിമ്രോണ്‍ ഹെറ്റ്‌മെയറെയാണ് രാജസ്ഥാന്‍ നിലനിര്‍ത്തിയത്. ജോസ് ബട്ലറെ കൈവിട്ടത് ഏറ്റവും ബുദ്ധിമുട്ടേറിയ തീരുമാനമായിരുന്നുവെന്ന് കഴിഞ്ഞ ഐപിഎല്‍ താരലേലത്തിനുശേഷം സഞ്ജു പറഞ്ഞിരുന്നു.
നേരത്തെ, സഞ്ജു തന്നെയാണ് അടുത്ത സീസണില്‍ തന്നെ ഒഴിവാക്കണമെന്ന ആവശ്യം മുന്നോട്ട് വച്ചത്. സഞ്ജുവിനെ ഒഴിവാക്കിയാല്‍ ജയ്‌സ്വാളിനെ റോയല്‍സ് നായകനായി പരിഗണിച്ചേക്കുമെന്നാണ് സൂചനകള്‍. വൈഭവ് സൂര്യവന്‍ഷി ഓപ്പണറായി തിളങ്ങിയതും റിയാന്‍ പരാഗിന് ടീം മാനേജ്‌മെന്റിലുള്ള സ്വാധീനവും സഞ്ജു ടീം വിടാന്‍ താല്‍പര്യപ്പെടുന്നതിന് പിന്നിലുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ കഴിഞ്ഞ ദിവസങ്ങളില്‍ പുറത്തുവന്നിരുന്നു.

