കഴിഞ്ഞ സീസണില്‍ രഞ്ജി ട്രോഫി പ്ലേറ്റ് ലീഗില്‍ നിന്ന് എലൈറ്റ് ഗ്രൂപ്പിലേക്ക് യോഗ്യത നേടിയ ഗോവയെ അടുത്ത സീസണില്‍ ജയ്സ്വാള്‍ നയിക്കുമെന്ന് നേരത്തെ ഗോവ ക്രിക്കറ്റ് അസോസിയേഷന്‍ സെക്രട്ടറി ഷാംബ ദേശായിയും വ്യക്തമാക്കിയിരുന്നു.
മുംബൈ: അടുത്ത ആഭ്യന്തര സീസണില്‍ മുംബൈ വിട്ട് ഗോവക്കായി കളിക്കാന്‍ മുംബൈ ക്രിക്കറ്റ് അസിസോയിയേഷന്‍റെ അനുമതി തേടിയ ഇന്ത്യൻ ഓപ്പണര്‍ യശസ്വി ജയ്സ്വാള്‍ വീണ്ടും നിലപാട് മാറ്റി. ഏപ്രിലിലാണ് അടുത്ത സീസണില്‍ ഗോവക്കായി കളിക്കാന്‍ അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ട് യശസ്വി മുബൈ ക്രിക്കറ്റ് അസോസിയേഷന് അപേക്ഷ നല്‍കിയത്. ഇത് മുംബൈ ക്രിക്കറ്റ് അസോസിയേഷന്‍ അംഗീകരിക്കുകയും ഗോവക്കായി കളിക്കാന്‍ ജയ്സ്വാളിന് എന്‍ ഒ സി നല്‍കുകയും ചെയ്തു.
എന്നാല്‍ തനിക്ക് നല്‍കിയ എന്‍ ഒ സി പിന്‍വലിക്കണമെന്നും അടുത്ത സീസണിലും മുംബൈക്കായി തുടര്‍ന്ന് കളിക്കാന്‍ അനുവദിക്കണമെന്നും ആവശ്യപ്പെട്ട് ജയ്സ്വാൾ വീണ്ടും മുംബൈ ക്രിക്കറ്റ് അസോസിയേഷന് ഇ മെയില്‍ അയച്ചതായി വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തു. കുടുംബത്തോടൊപ്പം ഗോവയിലേക്ക് മാറാന്‍ ആലോചനയുണ്ടായിരുന്നുവെന്നും എന്നാല്‍ തല്‍ക്കാലം അത് നടക്കാനിടയില്ലാത്തതിനാല്‍ വീണ്ടും മുംബൈക്കായി കളിക്കാന്‍ അനുവദിക്കണമെന്നുമാണ് ഇ മെയിലില്‍ ജയ്സ്വാള്‍ ഇപ്പോൾ ആവശ്യപ്പെട്ടിരിക്കുന്നത്.
കഴിഞ്ഞ സീസണില്‍ രഞ്ജി ട്രോഫി പ്ലേറ്റ് ലീഗില്‍ നിന്ന് എലൈറ്റ് ഗ്രൂപ്പിലേക്ക് യോഗ്യത നേടിയ ഗോവയെ അടുത്ത സീസണില്‍ ജയ്സ്വാള്‍ നയിക്കുമെന്ന് നേരത്തെ ഗോവ ക്രിക്കറ്റ് അസോസിയേഷന്‍ സെക്രട്ടറി ഷാംബ ദേശായിയും വ്യക്തമാക്കിയിരുന്നു. എന്നാല്‍ എന്താണ് ഇപ്പോള്‍ ജയ്സ്വാളിന്‍റെ പെട്ടെന്നുള്ള നിലപാട് മാറ്റത്തിന് കാരണമെന്ന് വ്യക്തമല്ല.കരിയറില്‍ കൂടുതല്‍ നേട്ടങ്ങള്‍ക്കായും വ്യക്തിപരമായ കാരണങ്ങളാലുമാണ് മുംബൈ വിടുന്നതെന്നായിരുന്നു ജയ്സ്വാള്‍ നേരത്തെ മുംബൈ ക്രിക്കറ്റ് അസോസിയേഷന് നല്‍കിയ അപേക്ഷയില്‍ പറഞ്ഞത്. നേരത്തെ ബാറ്റിംഗ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ മകനും ഓള്‍ റൗണ്ടറുമായ അര്‍ജ്ജുന്‍ ടെന്‍ഡുല്‍ക്കറും മുംബൈ താരമായിരുന്ന സിദ്ദേശ് ലാഡും ഗോവയിലേക്ക് കൂടുമാറിയിരുന്നു.
നിലവില്‍ മൂന്ന് ഫോര്‍മാറ്റിലും മുംബൈയുടെ ഫസ്റ്റ് ചോയ്സ് ഓപ്പണറാണ് യശസ്വി ജയ്സ്വാള്‍. മുംബൈക്കായും ഐപിഎല്ലിലും നടത്തിയ പ്രകടനങ്ങളിലൂടയൊണ് യശസ്വി ഇന്ത്യൻ ടീമിലെത്തിയതും. ഉത്തര്‍പ്രദേശില്‍ ജനിച്ച യശസ്വി 2019ലാണ് മുംബൈ കുപ്പായത്തില്‍ അരങ്ങേറിയത്. മുംബൈക്കായി ഇതുവരെ 36 ഫസ്റ്റ് ക്ലാസ് മത്സരങ്ങളില്‍ 60.85 ശരാശരിയില്‍ 3712 റണ്‍സ് യശസ്വി നേടിയിട്ടുണ്ട്. കഴിഞ്ഞ രഞ്ജി ട്രോഫിയില്‍ ജമ്മു കശ്മീരിനെതിരെ ആയിരുന്നു യശസ്വി അവസാനമായി മുംബൈ കുപ്പായത്തില്‍ കളിച്ചത്. മുംബൈ തോറ്റ മത്സരത്തില്‍ യശസ്വിക്ക് തിളങ്ങാനായിരുന്നില്ല. രണ്ട് ഇന്നിംഗ്സില്‍ നാലും ആറും റണ്‍സെടുത്ത് യശസ്വി പുറത്തായിരുന്നു. രഞ്ജി ട്രോഫിയില്‍ മുംബൈയുടെ ക്വാര്‍ട്ടര്‍ മത്സരം പരിക്കുമൂലം യശസ്വിക്ക് കളിച്ചിരുന്നില്ല.


