ഓവലിലെ മുഹമ്മദ് സിറാജിന്റെ പ്രകടനം കപില്‍ ദേവിനെ ഓര്‍മ്മിപ്പിച്ചുവെന്ന് യോഗ്‌രാജ് സിംഗ്.
മൊഹാലി: ഓവലില്‍ മുഹമ്മദ് സിറാജിന്റെ തകര്‍പ്പന്‍ പ്രകടനം കപില്‍ ദേവിനെ ഓര്‍മ്മിപ്പിച്ചുവെന്ന് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം യോഗ്‌രാജ് സിംഗ്. ടെസ്റ്റ് കരിയറില്‍ തന്റെ അഞ്ചാം അഞ്ച് വിക്കറ്റ് നേട്ടം ആഘോഷിക്കാന്‍ സിറാജിന് സാധിച്ചിരുന്നു. ഓവല്‍ ടെസ്റ്റില്‍ പരാജയ ഭീതിയില്‍ നിന്നും ഇന്ത്യയെ രക്ഷിച്ചത് സിറാജിന്റെ തകര്‍പ്പന്‍ പ്രകടനമായിരുന്നു. മത്സരത്തിലെ താരവും സിറാജായിരുന്നു.
മുന്‍ ഇന്ത്യന്‍ താരം യുവരാജ് സിംഗിന്റെ അച്ഛന്‍ കൂടിയായ യോഗ്‌രാജ് വിശദീകരിക്കുന്നതിങ്ങനെ... ''നമ്മുടെ താരങ്ങള്‍ കളിച്ച രീതി അതിശയകരമായിരുന്നു. മുഹമ്മദ് സിറാജിന്റെ പ്രകടനം എന്നെ കപില്‍ ദേവിനെ ഓര്‍മ്മിപ്പിച്ചു. ശുഭ്മാന്‍ ഗില്ലിന്റെ ക്യാപ്റ്റന്‍സി പക്വതയുള്ളതായിരുന്നു. അദ്ദേഹം ആദ്യമായി ഒരു ക്യാപ്റ്റനാവുകയാണെന്ന് തോന്നിയതേ ഇല്ല.'' യോഗ്‌രാജ് വ്യക്തമാക്കി.
ഇംഗ്ലണ്ടിനെതിരായ അഞ്ച് മത്സരങ്ങളുള്ള പരമ്പരയില്‍ ഏറ്റവും കൂടുതല്‍ ഓവറുകള്‍ എറിഞ്ഞത് സിറാജാണ് - 185.3 ഓവര്‍. അഞ്ച് മത്സരങ്ങളില്‍ നിന്ന് (ഒമ്പത് ഇന്നിംഗ്‌സുകള്‍) 32.43 ശരാശരിയില്‍ 23 വിക്കറ്റുകള്‍ വീഴ്ത്തി പരമ്പരയിലെ ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടിയ കളിക്കാരനായി അദ്ദേഹം ഫിനിഷ് ചെയ്തു. രണ്ട് തവണ അഞ്ച് വിക്കറ്റ് നേട്ടവും സ്വന്തമാക്കി. അദ്ദേഹത്തിന്റെ പ്രകടനത്തിന്റെ പിന്‍ബലത്തില്‍ ഇന്ത്യ പരമ്പര 2-2 സമനിലയില്‍ ആക്കിയിരുന്നു. ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍ അഞ്ച് മത്സരങ്ങളിലായി പത്ത് ഇന്നിംഗ്സുകളില്‍ നിന്ന് 75.4 ശരാശരിയില്‍ 754 റണ്‍സാണ് നേടിയത്. നാല് സെഞ്ച്വറികളും ഇതില്‍ ഉള്‍പ്പെടും.
ഒക്ടോബര്‍-നവംബര്‍ മാസങ്ങളില്‍ വെസ്റ്റ് ഇന്‍ഡീസിനും ദക്ഷിണാഫ്രിക്കയ്ക്കുമെതിരായ ഹോം പരമ്പരയാണ് ഇന്ത്യക്ക് ഇനി കളിക്കേണ്ടത്. നാട്ടിലാണ് പരമ്പരയെന്നുള്ളത് ഇന്ത്യക്ക് ഗുണം ചെയ്യും. നാട്ടില്‍ ഗില്ലിന് കീഴില്‍ കളിക്കുന്ന ആദ്യ പരമ്പര കൂടി ആയിരിക്കുമിത്.

