പന്ത് ഇരുവശത്തേക്കും മൂവ് ചെയ്യുന്ന ഇംഗ്ലീഷ് സാഹചര്യങ്ങളില്‍ നീണ്ട ഇന്നിംഗ്‌സുകള്‍ കളിക്കണമെങ്കില്‍ ബാറ്റ്‌സ്മാന്‍മാര്‍ അവരുടെ ഈഗോ പോക്കറ്റിലിട്ട് ഇറങ്ങേണ്ടിവരും. കാരണം ഇംഗ്ലീഷ് സാഹചര്യങ്ങളില്‍ 30-40 റണ്‍സ് സ്‌കോര്‍ ചെയ്താലും ഒരു ബാറ്റ്‌സ്മാന് നിലയുറപ്പിച്ചുവെന്ന വിശ്വാസത്തില്‍ അയാളുടെ ഷോട്ടുകള്‍ അനായാസം കളിക്കാനാവില്ല.
ലീഡ്‌സ്: ബാറ്റ്‌സ്മാനെന്ന നിലയില്‍ ഇംഗ്ലീഷ് സാഹചര്യങ്ങളില്‍ തിളങ്ങണമെങ്കില്‍ സ്വന്തം ഈഗോ പോക്കറ്റിലിട്ട് ഇറങ്ങണമെന്ന് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി. ഇംഗ്ലണ്ടിലെ സാഹചര്യങ്ങളില്‍ ഒരു സമയത്തും ബാറ്റ്‌സ്മാന്‍ നിലയുറപ്പിച്ചുവെന്ന് പറയാനാകില്ലെന്നും കോലി പറഞ്ഞു. ഇംഗ്ലണ്ടിനെതിരായ ആദ്യ രണ്ട് ടെസ്റ്റിലും തിളങ്ങാനാവാത്തതിനെക്കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി കോലി പറഞ്ഞു.
പന്ത് ഇരുവശത്തേക്കും മൂവ് ചെയ്യുന്ന ഇംഗ്ലീഷ് സാഹചര്യങ്ങളില്‍ നീണ്ട ഇന്നിംഗ്‌സുകള്‍ കളിക്കണമെങ്കില്‍ ബാറ്റ്‌സ്മാന്‍മാര്‍ അവരുടെ ഈഗോ പോക്കറ്റിലിട്ട് ഇറങ്ങേണ്ടിവരും. കാരണം ഇംഗ്ലീഷ് സാഹചര്യങ്ങളില്‍ 30-40 റണ്‍സ് സ്‌കോര്‍ ചെയ്താലും ഒരു ബാറ്റ്‌സ്മാന് നിലയുറപ്പിച്ചുവെന്ന വിശ്വാസത്തില്‍ അയാളുടെ ഷോട്ടുകള്‍ അനായാസം കളിക്കാനാവില്ല. ആദ്യ 30 റണ്‍സെടുക്കാന്‍ ഏത് രീതിയില്‍ ബാറ്റ് ചെയ്‌തോ അതേ രീതി തന്നെ അടുത്ത 30 റണ്‍സിലും പിന്നീടും തുടരേണ്ടിവരും. എന്നാല്‍ മാത്രമെ ഇംഗ്ലണ്ടില്‍ തിളങ്ങാനാവു.
അതുപോലെ ബാറ്റ് ചെയ്യുമ്പോള്‍ മികച്ച തീരുമാനങ്ങളെടുക്കാനും കഴിയണം. തുടക്കത്തിലെ ക്ഷമയോടെ ഇന്നിംഗ്‌സ് മുഴുവന്‍ കളിച്ചാലെ ഇംഗ്ലണ്ടില്‍ റണ്‍സെടുക്കാന്‍ കഴിയുകയുള്ളു. കാരണം ബാറ്റ് ചെയ്യാന്‍ ലോകത്തേറ്റവും ബുദ്ധിമുട്ടുള്ള സാഹചര്യങ്ങളാണ് ഇംഗ്ലണ്ടിലേത്. ഹെഡിംഗ്ലിയില്‍ ഇംഗ്ലണ്ടിന് മികച്ച റെക്കോര്‍ഡുള്ള കാര്യം ഓര്‍മപ്പെടുത്തിയപ്പോള്‍ നിയന്ത്രണത്തിലില്ലാത്ത കാര്യത്തെക്കുറിച്ച് ചിന്തിക്കാറില്ലെന്നും ഇംഗ്ലണ്ടിനെതിരായ ഒരു ടെസ്റ്റ് മത്സരമായി മാത്രമെ ഇതിനെ കാണുന്നുള്ളുവെന്നും കോലി മറുപടി നല്‍കി.
ഏത് സ്റ്റേഡിയമായാലും മികച്ച പ്രകടനം പുറത്തെടുത്താലെ ജയിക്കാനാവു. അതുകൊണ്ടുതന്നെ ചരിത്രത്തില്‍ വിശ്വസിക്കുന്നില്ല. ഓരോ സാഹചര്യങ്ങളിലും ടീമെന്ന നിലയില്‍ എങ്ങനെ കളിക്കുന്നുവെന്നത് മാത്രമാണ് പ്രധാനമെന്നും കോലി പറഞ്ഞു. അഞ്ച് മത്സര പരമ്പരയിലെ ആദ്യ ടെസ്റ്റ് സമനിലയായപ്പോള്‍ ലോര്‍ഡ്‌സില്‍ നടന്ന രണ്ടാം ടെസ്റ്റ് ജയിച്ച ഇന്ത്യ 1-0ന് മുന്നിലാണ്.
