'ഇങ്ങനെ കളിച്ചാല്‍ ബാബറിന് പാകിസ്ഥാന്‍റെ ടോപ് സ്കോററാകാം പക്ഷെ'...തുറന്നു പറഞ്ഞ് ഗംഭീര്‍
ആക്രമണോത്സുക ബാറ്റിംഗിന് പേര് കേട്ടവരാണ് പാകിസ്ഥാന്‍റെ ടോപ് ഓര്‍ഡര്‍ ബാറ്റര്‍മാര്‍.അതിപ്പോള്‍ ഷാഹിദ് അഫ്രീദിയായാലും ഇമ്രാന്‍ നസീര്‍ ആയാലും സയ്യിദ് അന്‍വറും അമീര്‍ സൊഹൈലുമെല്ലാം ആയാലും അടിച്ചുതകര്‍ക്കുന്ന ബാറ്റര്‍മാരായിരുന്നു.

ബെംഗലൂരു: ലോകകപ്പ് ക്രിക്കറ്റില്‍ ഇന്ത്യക്കെതിരെ കനത്ത തോല്‍വി വഴങ്ങിയതിന് പിന്നാലെ പാകിസ്ഥാന്‍ ക്യാപ്റ്റന്‍ ബാബര്‍ അസമിന്‍റെ ക്യാപ്റ്റന്‍സിക്കെതിരെ വിമര്‍ശനവുമായി നിരവധി മുന്‍ താരങ്ങളാണ് രംഗത്തെത്തിയത്. ഇപ്പോഴിതാ ബാബറിന്‍റെ ക്യാപ്റ്റന്‍സിയിലെ പോരായ്മ തുറന്നു പറയുകയാണ് മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ ഗൗതം ഗംഭീര്‍.
ബാറ്റിംഗില്‍ ബാബര്‍ അടിമുടി മാറ്റം വരുത്തേണ്ടത് അനിവാര്യമാണെന്ന് ഗംഭീര്‍ പറഞ്ഞു. നിലവിലെ രീതിയില്‍ കളിച്ചാല്‍ ബാബറിന് വേണമെങ്കില്‍ പാകിസ്ഥാന്‍റെ ടോപ് സ്കോററാകാന്‍ പറ്റുമായിരിക്കും. പക്ഷെ വലിയ ടൂര്‍ണമെന്‍റുകള്‍ ജയിക്കാനാവില്ല. ടൂര്‍ണമെന്‍റുകളിലെ വിജയങ്ങളാണ് ഒരു ക്യാപ്റ്റനെ എപ്പോഴും ഓര്‍മയില്‍ നിര്‍ത്തുകയെന്നും ഗംഭീര്‍ സ്പോര്‍ട്സ് കീഡയോട് പറഞ്ഞു.
ആക്രമണോത്സുക ബാറ്റിംഗിന് പേര് കേട്ടവരാണ് പാകിസ്ഥാന്‍റെ ടോപ് ഓര്‍ഡര്‍ ബാറ്റര്‍മാര്‍.അതിപ്പോള്‍ ഷാഹിദ് അഫ്രീദിയായാലും ഇമ്രാന്‍ നസീര്‍ ആയാലും സയ്യിദ് അന്‍വറും അമീര്‍ സൊഹൈലുമെല്ലാം ആയാലും അടിച്ചുതകര്‍ക്കുന്ന ബാറ്റര്‍മാരായിരുന്നു. എന്നാല്‍ നിലവിലെ പാക് ടീമിലെ ടോപ് ത്രീയില്‍ എല്ലാവരും ഒരുപോലെ ബാറ്റ് ചെയ്യുന്നവരാണ്. അതുകൊണ്ടുതന്നെ സമീപനത്തില്‍ മാറ്റം വരുത്തേണ്ട ഉത്തരവാദിത്തം ആരെങ്കിലും എറ്റെടുക്കുമെങ്കില്‍ മൂന്നാം നമ്പറില്‍ ബാറ്റിംഗിനിറങ്ങുന്ന ബാബറാണ് അത് ചെയ്യേണ്ടത്.
കണക്കുകളോ വ്യക്തിഗത റെക്കോര്‍ഡുകളോ ഒന്നുമല്ല കാര്യം. 1992ലെ ലോകകപ്പ് ഫൈനലില്‍ വസീം അക്രം മൂന്ന് വിക്കറ്റെ എടുത്തുള്ളു. അഞ്ച് വിക്കറ്റൊന്നും വീഴ്ത്തിയില്ല. പക്ഷെ എല്ലാവരും ഇപ്പോഴും അതെക്കുറിച്ച് പറയുന്നു. കാരണം, പാകിസ്ഥാന്‍ ലോകകപ്പ് നേടിയെന്നത് തന്നെയാണ്. എന്നാല്‍ 2011ലെ ഏകദിന ലോകകപ്പ് ഫൈനലില്‍ ഇന്ത്യക്കെതിരെ മഹേല ജയവര്‍ധനെ നേടിയ സെഞ്ചുറിയെക്കുറിച്ച് ആരും പറയാറില്ല. കാരണം അവര്‍ ഫൈനലില്‍ ഇന്ത്യയോട് തോറ്റു.
ക്യാപ്റ്റന്‍ കളിക്കുന്നതുപോലെയെ ടീമിനും കളിക്കാനാവു. ഇന്ത്യ-പാക് മത്സരത്തില്‍ രോഹിത്തും ബാബറും അര്‍ധസെഞ്ചുറികള്‍ നേടി. ആരും സെഞ്ചുറി നേടിയില്ല. പക്ഷെ രോഹിത്തിന്‍റെ സമീപനവും ബാബറിന്‍റെ സമീപനവും തീര്‍ത്തും വ്യത്യസ്തമായിരുന്നു. പാക്കിസ്ഥാനായിരുന്നു 190 റണ്‍സ് ചേസ് ചെയ്തിരുന്നെങ്കില്‍ 35-40 ഓവറില്‍ എങ്ങനെയങ്കിലും ജയിക്കാന്‍ മാത്രമെ അവര്‍ നോക്കു. ക്യാപ്റ്റന്‍ പ്രതിരോധത്തിലാണെങ്കില്‍ ടീമും പ്രതിരോധത്തിലൂന്നിയാകും കളിക്കുകയെന്നും ഗംഭീര്‍ പറഞ്ഞു. ലോകകപ്പില്‍ നാാളെ ഓസ്ട്രേലിയക്കെതിരെ ആണ് പാകിസ്ഥാന്‍റെ അടുത്ത മത്സരം.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക