സ്പെഷ്യലിസ്റ്റ് സ്പിന്നർ കുൽദീപ് യാദവിനെ ബെഞ്ചിലിരുത്തി നിതീഷ് കുമാർ റെഡ്ഡി, നമൻ ധിർ എന്നിവരടങ്ങിയ ഓൾ റൗണ്ടർമാരെയാണ് ഇന്ത്യ ബൗളിങ്ങിനായി ആശ്രയിച്ചത്.

ഹൈദരാബാദ്: വിൻഡീസിനെതിരായ നാലാം ടി20യിലെ പരാജയത്തിന് പിന്നാലെ ഇന്ത്യൻ ടീം മാനേജ്‌മെന്‍റിനെതിരെ കടുത്ത വിമർശനവുമായി മുൻ ഇന്ത്യൻ താരം മുഹമ്മദ് കൈഫ്. സ്പെഷ്യലിസ്റ്റ് ബൗളർമാർക്ക് പകരം ഓൾറൗണ്ടർമാരെ മാത്രം വിശ്വസിച്ച് പ്ലേയിങ് ഇലവൻ ഇറക്കുന്ന ശൈലി തുടർന്നാൽ ഇന്ത്യക്ക് ലോകകപ്പ് നേടാനാവില്ലെന്ന് കൈഫ് മുന്നറിയിപ്പ് നൽകി. ഹൈദരാബാദിലെ ഉപ്പൽ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത വെസ്റ്റ് ഇൻഡീസ് 247 റൺസാണ് അടിച്ചുകൂട്ടിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 24 റൺസകലെ ഓള്‍ ഔട്ടായി.

സ്പെഷ്യലിസ്റ്റ് സ്പിന്നർ കുൽദീപ് യാദവിനെ ബെഞ്ചിലിരുത്തി നിതീഷ് കുമാർ റെഡ്ഡി, നമൻ ധിർ എന്നിവരടങ്ങിയ ഓൾ റൗണ്ടർമാരെയാണ് ഇന്ത്യ ബൗളിങ്ങിനായി ആശ്രയിച്ചത്. എന്നാൽ ഈ രണ്ട് ഓൾറൗണ്ടർമാരും ചേർന്ന് എറിഞ്ഞ 4 ഓവറിൽ വിക്കറ്റൊന്നും നേടാനാവാതെ 14.50 എക്കോണമിയിൽ 58 റൺസാണ് വഴങ്ങിയത്. ഈ മത്സരത്തിൽ ഇന്ത്യൻ ടീം തോറ്റതിന്‍റെ പ്രധാന കാരണം ബൗളിങ് തന്നെയാണ്. പരാജയത്തിന്‍റെ ഉത്തരവാദിത്തം ബൗളർമാർ ഏറ്റെടുത്തേ മതിയാകൂ. 247 റൺസ് എന്നത് വളരെ വലിയ സ്കോറാണ്. മോശം ബൗളിങ് കാരണമാണ് നമ്മൾ തോറ്റത്. ഇതൊരു അഞ്ചു മത്സര പരമ്പരയാണ്. സാധാരണയായി ബാറ്റർമാർ മൂന്ന് മത്സരങ്ങൾ ജയിപ്പിച്ചു തരുമ്പോൾ, ബാക്കി മത്സരങ്ങൾ ബൗളർമാരാണ് ജയിപ്പിക്കേണ്ടത്. എന്നാൽ ഇവിടെ ബൗളർമാർക്ക് ഒരു മത്സരം പോലും ജയിപ്പിക്കാൻ കഴിയുന്നില്ല. ഈ ഒരു ടീം കോംബിനേഷനുമായി മുന്നോട്ട് പോയാൽ നിങ്ങൾ ഒരിക്കലും ലോകകപ്പ് ജയിക്കാൻ പോകുന്നില്ല- മത്സരത്തിന് ശേഷം ക്രിക്ബസ് ടോക്ക് ഷോയിൽ സംസാരിക്കവെയാണ് കൈഫ് പറഞ്ഞു.

എട്ടാം നമ്പർ വരെ ബാറ്റിങ് ഡെപ്ത് ഉറപ്പാക്കുന്ന മാനേജ്‌മെന്‍റ് തന്ത്രത്തെയും കൈഫ് വിമർശിച്ചു. ഏഴ് ബാറ്റർമാരും അക്സർ പട്ടേലുമടക്കം അഞ്ച് ബൗളർമാരുമായി കളത്തിലിറങ്ങുന്നതാണ് യഥാർത്ഥ ധീരതയെന്നും, മികച്ച ബാറ്റിങ് പിച്ചുകളിൽ സ്പെഷ്യലിസ്റ്റ് ബൗളർമാരെ ഒഴിവാക്കുന്നത് തിരിച്ചടിയാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബൗളർമാർക്ക് പദ്ധതികൾ കൃത്യമായി നടപ്പിലാക്കാൻ സാധിച്ചില്ലെന്ന് ഇന്ത്യൻ നായകൻ ശ്രേയസ് അയ്യരും മത്സരശേഷം സമ്മതിച്ചിരുന്നു. ബൗളിങ്ങിൽ പ്ലാനുകള്‍ കൃത്യമായി നടപ്പിലാക്കാൻ കഴിയാതെ പോയതാണ് തിരിച്ചടിയായതെന്ന് മത്സരശേഷമുള്ള സമ്മാനദാന ചടങ്ങിൽ ശ്രേയസ് അയ്യർ പറഞ്ഞിരുന്നു.പരമ്പര വിജയികളെ നിർണയിക്കുന്ന അഞ്ചാമത്തെയും അവസാനത്തെയും മത്സരം ശനിയാഴ്ച ബെംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടക്കും.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക