കറാച്ചി: പാക്കിസ്ഥാന്റെ ബാറ്റിംഗ് കോച്ചായി യൂനിസ് ഖാനെ നിയമിച്ചതിനെതിരെ മുന്‍ താരം ഷൊയൈബ് അക്തര്‍. യൂനിസ് ഖാനായിരുന്നില്ല, മുന്‍ താരം മുഹമ്മദ് യൂസഫായിരുന്നു പാക് ബാറ്റിംഗ് കോച്ചാവേണ്ടിയിരുന്നതെന്ന് അക്തര്‍ പറഞ്ഞു. യൂനിസ് പാക് ദേശീയ ക്രിക്കറ്റ് അക്കാദമിയിലായിരുന്നു പരിശീലകനാവേണ്ടിയിരുന്നതെന്നും അക്തര്‍ ഒരു പ്രാദേശിക ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.


പാക് കോച്ചായി യൂനിസ് ഖാനെ നിയമിച്ചത് തെറ്റാണ്. ദേശീയ ടീമിന്റെ പരിശീലകനാവുന്നതിന് പകരം ദേശീയ ക്രിക്കറ്റ് അക്കാദമിയിലെ യുവതാരങ്ങളെയായിരുന്നു യൂനിസ് പരിശീലിപ്പിക്കേണ്ടിയിരുന്നത്. തനിക്ക് അവസരം നല്‍കിയാല്‍ പാക് ടീമിനുവേണ്ടി സൗജന്യമായി ജോലി ചെയ്യാന്‍ തായാറാണെന്നും അക്തര്‍ പറഞ്ഞു. മികച്ചയാളുകളെ പാക് ക്രിക്കറ്റ് ബോര്‍ഡ് ടീമില്‍ നിന്ന് അകറ്റി നിര്‍ത്തുകയാണ്.

ഇത് പാക് ക്രിക്കറ്റിന്റെ തകര്‍ച്ചയ്ക്കു വഴിവെക്കു. എനിക്ക് അവസരം നല്‍കുകയാണെങ്കില്‍ ഞാന്‍ പാക് ക്രിക്കറ്റ് ബോര്‍ഡിനുവേണ്ടി സൗജന്യമായി ജോലി ചെയ്യാന്‍ ഞാന്‍ തയാറാണ്. പാക് ക്രിക്കറ്റില്‍ വിദേശനിക്ഷേപം കൊണ്ടുവരാനും എനിക്ക് കഴിയും-അക്തര്‍ പറഞ്ഞു. ഇംഗ്ലണ്ട് പര്യടനത്തിനുള്ള പാക് ടീമിന്റെ ബാറ്റിംഗ് പരിശീലകനായാണ് യൂനിസിനെ നിയമിച്ചത്.