ഇന്ത്യക്കായി 57 ഏകദിനങ്ങളില്‍ കളിച്ച പത്താന്‍ 810 റണ്‍സും 22 ടി20 മത്സരങ്ങളില്‍ നിന്നായി 236 റണ്‍സും നേടിയിട്ടുണ്ട്. 2010ല്‍ ബംഗലൂരുവില്‍ ന്യൂസിലന്‍ഡിനെതിരെ നേടിയ 123 റണ്‍സാണ് ഏകദിനത്തിലെ ഏറ്റവും ഉയര്‍ന്ന സ്കോര്‍.

ബറോഡ: വെടിക്കെട്ട് ഇന്നിംഗ്സുകളിലൂടെ ആരാധകരെ വിസ്മയിപ്പിച്ച മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം യൂസഫ് പത്താന്‍ മത്സര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു. ക്രിക്കറ്റിന്‍റെ എല്ലാ ഫോര്‍മാറ്റില്‍ നിന്നും വിരമിക്കുകയാണെന്ന് 38കാരനായ പത്താന്‍ പ്രഖ്യാപിച്ചു. കരിയറിലുടനീളം തന്നെ പിന്തുണച്ച കുടുംബാംഗങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കും ആരാധകര്‍ക്കും രാജ്യത്തിനും പത്താന്‍ നന്ദി പറഞ്ഞു.

ഇന്ത്യക്കായി 57 ഏകദിനങ്ങളില്‍ കളിച്ച പത്താന്‍ 810 റണ്‍സും 22 ടി20 മത്സരങ്ങളില്‍ നിന്നായി 236 റണ്‍സും നേടിയിട്ടുണ്ട്. 2010ല്‍ ബംഗലൂരുവില്‍ ന്യൂസിലന്‍ഡിനെതിരെ നേടിയ 123 റണ്‍സാണ് ഏകദിനത്തിലെ ഏറ്റവും ഉയര്‍ന്ന സ്കോര്‍. ന്യൂസിലന്‍ഡ് ഉയര്‍ത്തിയ 316 റണ്‍സ് വിജയലക്ഷ്യം പത്താന്‍റെ സെഞ്ചുറി കരുത്തിലാണ് ഇന്ത്യ അന്ന് മറികടന്നത്. സെഞ്ചൂറിയനില്‍ ദക്ഷിണാഫ്രിക്കക്കെതിരെയും കൊടുങ്കാറ്റ് വേഗത്തില്‍ സെഞ്ചുറി നേടി തിളങ്ങിയ പത്താന്‍ തന്‍റെ പാര്‍ട്ട് ടൈം ഓഫ് സ്പിന്നിലൂടെ 46 വിക്കറ്റുകളും സ്വന്തമാക്കി.

2

007ല്‍ ടി20 ലോകപ്പ് നേടിയ ഇന്ത്യന്‍ ടീമിലും 2011ലെ ഏകദിന ലോകകപ്പ് നേടിയ ഇന്ത്യന്‍ ടീമിലും പത്താന്‍ അംഗമായിരുന്നു. ഐപിഎല്ലില്‍ എന്നും പൊന്നും വിലയുള്ള താരമായിരുന്ന പത്താന്‍ വിവിധ ടീമുകള്‍ക്കായി 12 സീസണുകളില്‍ പാഡണിഞ്ഞു. ഷെയ്ന്‍ വോണിന് കീഴില്‍ രാജസ്ഥാന്‍ റോയല്‍സിനെ ആദ്യ ഐപിഎല്‍ ചാമ്പ്യന്‍മാരാക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചതോടെയാണ് പത്താനെ ഇന്ത്യന്‍ ക്രിക്കറ്റ് ലോകം ശ്രദ്ധിച്ചു തുടങ്ങിയത്.

ഐപിഎല്ലില്‍ 3204 റണ്‍സും 42 വിക്കറ്റുകളുമാണ് പത്താന്‍റെ നേട്ടം. 2001-2002 സീസണില്‍ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ ബറോഡക്കായി അരങ്ങേറിയ പത്താന്‍ 4800 റണ്‍സും 201 വിക്കറ്റും നേടിയിട്ടുണ്ട്. 2010ലെ ദുലീപ് ട്രോഫിയില്‍ വെസ്റ്റ് സോണിനായി ഇറങ്ങിയ പത്താന്‍ ദിനേശ് കാര്‍ത്തിക് നയിച്ച സൗത്ത് സോണ്‍ ഉയര്‍ത്തിയ 541 റണ്‍സിന്‍റെ വിജയലക്ഷ്യം പിന്തുടര്‍ന്ന് ജയിക്കുന്നതില്‍ ടീമിന് നിര്‍ണായക സംഭാവന നല്‍കി.

കൊടുങ്കാറ്റ് വേഗത്തില്‍ 210 റണ്‍സുമായി പുറത്താകാതെ നിന്നാണ് അസാധ്യമെന്ന് കരുതിയ വിജയലക്ഷ്യത്തിലേക്ക് പത്താന്‍ വെസ്റ്റ് സോണിനെ നയിച്ചത്. യൂസഫ് പത്താന്‍റെ സഹോദരനായ ഇര്‍ഫാന്‍ പത്താനും മുന്‍ ഇന്ത്യന്‍ താരമാണ്. ഇര്‍ഫാന്‍ നേരത്തെ ക്രിക്കറ്റില്‍ നിന്ന് വിരമിച്ചിരുന്നു.