Asianet News MalayalamAsianet News Malayalam

'അയാള്‍ മദ്യപിച്ചിരുന്നു, ഞാന്‍ അസ്വസ്ഥനായി...'; മുംബൈ ഇന്ത്യന്‍സ് ക്യാംപിലെ മോശം അനുഭവം പങ്കുവച്ച് ചാഹല്‍

ഐപിഎല്‍ കരിയറിന്റെ തുടക്കത്തില്‍ മുംബൈ ഇന്ത്യന്‍സിന്റെ താരമായിരുന്നു ചാഹല്‍. മുംബൈക്ക് വേണ്ടി കളിച്ചപ്പോഴുണ്ടായിരുന്ന അനുഭവങ്ങള്‍ പങ്കുവെക്കുകയാണ് ചാഹല്‍. രാജസ്ഥാന്‍ റോയല്‍സ് ഔദ്യോഗിക സോഷ്യല്‍ മീഡിയ അക്കൗണ്ടില്‍ പുറത്തുവിട്ട വീഡിയോയിലാണ് ചാഹല്‍ സംസാരിക്കുന്നത്.

yuzvendra chahal reveals shocking ipl experience from 2013
Author
Mumbai, First Published Apr 8, 2022, 1:03 PM IST

മുംബൈ: റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനൊപ്പം (RCB) ഏഴ് വര്‍ഷങ്ങള്‍ ചെലവഴിച്ച ശേഷമാണ് യൂസ്‌വേന്ദ്ര ചാഹല്‍ (Yuzvendra Chahal) രാജസ്ഥാന്‍ റോയല്‍സിലെത്തുന്നത് (Rajasthan Royals). മൂന്ന് മത്സരത്തിലും ശ്രദ്ധേയമായ പ്രകടനങ്ങള്‍ പുറത്തെടുക്കാന്‍ ചാഹലിനായി. മുംബൈ ഇന്ത്യന്‍സിനെതിരെ ഹാട്രിക്കിന്റെ വക്കിലെത്തിയെങ്കിലും സ്ലിപ്പില്‍ കരുണ്‍ നായര്‍ ക്യാച്ച് കൈവിട്ടു. കഴിഞ്ഞ മത്സരത്തില്‍ ആര്‍സിബിക്കെതിരെ രണ്ട് വിക്കറ്റ് വീഴ്ത്തുകയും ഒരു റണ്ണൗട്ടില്‍ പങ്കാളിയാവുകയും ചെയ്തു.

ഐപിഎല്‍ കരിയറിന്റെ തുടക്കത്തില്‍ മുംബൈ ഇന്ത്യന്‍സിന്റെ താരമായിരുന്നു ചാഹല്‍. മുംബൈക്ക് വേണ്ടി കളിച്ചപ്പോഴുണ്ടായിരുന്ന അനുഭവങ്ങള്‍ പങ്കുവെക്കുകയാണ് ചാഹല്‍. രാജസ്ഥാന്‍ റോയല്‍സ് ഔദ്യോഗിക സോഷ്യല്‍ മീഡിയ അക്കൗണ്ടില്‍ പുറത്തുവിട്ട വീഡിയോയിലാണ് ചാഹല്‍ സംസാരിക്കുന്നത്. സീനിയര്‍ സ്പിന്നര്‍ ആര്‍ അശ്വിന്‍, മലയാളി താരം കരുണ്‍ നായര്‍ എന്നിവരും ചാഹലിനൊപ്പം ഇരിക്കുന്നുണ്ട്. 

ഒട്ടും സുഖകരമായ അനുഭവങ്ങളല്ല മുംബൈ ക്യാംപില്‍ ചാഹലിനുണ്ടായത്. അദ്ദേഹം വിവരിക്കുന്നതിങ്ങനെ... ''ഞാന്‍ പറയാന്‍ പോകുന്ന കാര്യം കുറച്ച് പേര്‍ക്കൊക്കെ അറിയാമെന്ന് തോന്നുന്നു. എന്നാല്‍ ഞാനത് ആരോടും സംസാരിച്ചിട്ടില്ല. 2013ലാണ് സംഭവം. അന്ന് ഞാന്‍ മുംബൈ ഇന്ത്യന്‍സിനാണ് കളിക്കുന്നത്. ഞങ്ങള്‍ക്ക് അന്ന് ബംഗളൂരുവില്‍ മത്സരമുണ്ടായിരുന്നു. മാച്ചിന് ശേഷം ഒരു ഒത്തുകൂടലും നടത്താറുണ്ട്. അന്നത്തെ ദിവസം ഒരു മുംബൈ താരം ഒരുപാട് മദ്യപിച്ചിരുന്നു. അയാളുടെ പേര് ഞാന്‍ പറയുന്നത് ശരിയല്ല. അയാള്‍ കുറെ നേരമായി എന്നെ നോക്കികൊണ്ടിരിക്കുകയാണ്. വൈകാതെ എന്നെ അടുത്തേക്ക് വിളിച്ചു. ബാല്‍ക്കണിയില്‍ നിന്ന് എന്നെ എടുത്തുയര്‍ത്തിയ അയാള്‍ പുറത്തേക്കിടുന്നത് പോലെ കാണിച്ചു.''

 

 

''പേടിയോടെ ഞാനയാളുടെ കഴുത്തിന് ചുറ്റും മുറുകെ പിടിച്ചു. എന്റെ പിടുത്തം നഷ്ടമായാല്‍ ഞാന്‍ അടുത്ത നിലയില്‍ വന്നു പതിക്കും. അപ്പോഴേക്കും കുറച്ചപ്പുറത്തുണ്ടായിരുന്ന സഹതാരങ്ങള്‍ ഓടിയടുത്തു. കാര്യങ്ങള്‍ നിയന്ത്രണത്തിലാക്കി. എനിക്ക് വല്ലാത്ത അസ്വസ്ഥത തോന്നിയിരുന്നു. അവരെനിക്ക് വെള്ളം തന്നു. ഞാന്‍ തലനാരിഴയ്ക്ക് വലിയ അപകടത്തില്‍ നിന്നും രക്ഷപ്പെട്ടുവെന്ന് എനിക്ക് തോന്നിയ സംഭവമായിരുന്നുവത്. അവിടെ ഒരു ചെറിയ പിഴവ് സംഭവിച്ചിരുന്നെങ്കില്‍ കാര്യങ്ങള്‍ കൈവിട്ട് പോകുമായിരുന്നു.'' ചാഹല്‍ വിവരിച്ചു. 

സംഭവം മുമ്പ് ആര്‍സിബി പോഡ്കാസ്റ്റിലും ചാഹല്‍ പറഞ്ഞരുന്നു. 2011ല്‍ മുംബൈ ഇന്ത്യന്‍സില്‍ ആയിരിക്കുമ്പോഴാണ് ആ സംഭവം നടന്നത്. അന്ന് ചാഹല്‍ വിവരിച്ചതിങ്ങനെ... ''2011ല്‍ മുംബൈ ചാംപ്യന്‍സ് ലീഗ് നേടുമ്പോഴാണ് ആ സംഭവം അരങ്ങേറിയത്. മുന്‍ ഓസ്‌ട്രേലിയന്‍ താരം ആന്‍ഡ്രൂ സൈമണ്ട്‌സും കിവീസ് താരം ജയിംസ് ഫ്രാങ്ക്‌ളിനുമായിരുന്നു അന്ന് സംഭവത്തിന് പിന്നല്‍. സൈമണ്ട്‌സ് എന്റെ കൈകള്‍ കെട്ടിയിട്ടു. ഫ്രാങ്ക്‌ളിന് കാലുകളും. എന്നാല്‍ എന്റെ വായ് ഭാഗത്ത്  ടേപ്പ് ഒട്ടിക്കാന്‍ അവര്‍ മറന്നു. അടുത്ത ദിവസം റൂം വൃത്തിയാക്കാന്‍ വന്നവരാണ് എന്റെ കെട്ടഴിച്ചുവിട്ടത്.'' ചാഹല്‍ വിവരിച്ചു.

ഞായറാഴ്ച്ച ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരെയാണ് രാജസ്ഥാന്റെ മത്സരം. മൂന്നില്‍ രണ്ട് മത്സരവും ജയിച്ച രാജസ്ഥാന്‍ നിലവില്‍ മൂന്നാം സ്ഥാനത്താണ്. വിക്കറ്റ് വേട്ടയില്‍ ചാഹല്‍ രണ്ടാമതുണ്ട്. മൂന്ന് മത്സരങ്ങളില്‍ ഏഴ് വിക്കറ്റാണ് ചാഹല്‍ നേടിയത്. നാല് മത്സരങ്ങളില്‍ ഒമ്പത് വിക്കറ്റ് വീഴ്ത്തിയ ഉമേഷ് യാദവാണ് ഒന്നാമത്.

Follow Us:
Download App:
  • android
  • ios