മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റിലെ യുവപേസര്‍ നവ്ദീപ് സൈനിയെ കണ്ടെത്തുന്നതില്‍ മുന്‍താരം സഹീര്‍ ഖാന് വ്യക്തമായ പങ്കുണ്ട്. താരത്തിന്റെ ബൗളിങ് മൂര്‍ച്ച കൂടിയതിന് പിന്നില്‍ സഹീറിന്റെ നിര്‍ദേശങ്ങളുണ്ടായിരുന്നു. പിന്നീട് വെസ്റ്റ് ഇന്‍ഡീസിനെതിരെ ഇന്ത്യക്കായി അരങ്ങേറിയ സൈനി മികച്ച പ്രകടനം പുറത്തെടുത്തിരുന്നു. 

ഒരിക്കല്‍കൂടി സൈനിയെ പുകഴ്ത്തി രംഗത്തെത്തിയിരിക്കുകയാണ് സഹീര്‍ ഖാന്‍. ടെസ്റ്റ് ക്രിക്കറ്റില്‍ മികച്ച പ്രകടനം പുറത്തെടുക്കാന്‍ കഴിവുള്ള താരമാണ് സൈനിയെന്നാണ് സഹീര്‍ അഭിപ്രായപ്പെടുന്നത്. അദ്ദേഹം തുടര്‍ന്നു... ''വലം കയ്യന്മാര്‍ക്കെതിരെ ഔട്ട്‌സിങ്ങറുകള്‍ എറിയാന്‍ കഴിഞ്ഞാല്‍ സൈനി ഇന്ത്യന്‍ ടെസ്റ്റ് ടീമിന് മുതല്‍കൂട്ടാകുമെന്ന് ഞാന്‍ കരുതിയിരുന്നു. ഇപ്പോള്‍ സൈനിക്ക് ആ കഴിവുണ്ട്. ഇനി ഫിറ്റ്‌നെസ് കൂടി ശ്രദ്ധിച്ചാല്‍ മതി. പരിചയസമ്പത്ത് ആവുന്നതോടെ മികച്ച പ്രകടനം പുറത്തെടുക്കാന്‍ സൈനിക്ക് സാധിക്കും.

കൈകുഴ നന്നായി ഉപയോഗിച്ച് പന്തെറിയുന്ന താരമാണ് മുഹമ്മദ് ഷമി. അദ്ദേഹത്തിനുണ്ടായിരുന്ന ഒരേയൊരു പ്രശ്‌നം കായികക്ഷമതയുടെ കാര്യത്തിലായിരുന്നു. എന്നാലിപ്പോള്‍ ഷമി അതിനേയും മറികടന്നുകഴിഞ്ഞു. '' സഹീര്‍ പറഞ്ഞുനിര്‍ത്തി.