Asianet News MalayalamAsianet News Malayalam

തുടക്കം പാളി; ഇംഗ്ലണ്ടിന്‍റെ കൂറ്റന്‍ റണ്‍മല കടക്കാന്‍ അഫ്‌ഗാന്‍ പൊരുതുന്നു

ഇംഗ്ലണ്ടിന്‍റെ കൂറ്റന്‍ സ്‌കോര്‍ പിന്തുടരുന്ന അഫ്‌ഗാനിസ്ഥാന്‍ പൊരുതുന്നു.

Afghanistan loss early Wickets vs England
Author
manchester, First Published Jun 18, 2019, 9:17 PM IST

മാഞ്ചസ്റ്റര്‍: ലോകകപ്പില്‍ ഇംഗ്ലണ്ടിന്‍റെ കൂറ്റന്‍ സ്‌കോര്‍ പിന്തുടരുന്ന അഫ്‌ഗാനിസ്ഥാന്‍ പൊരുതുന്നു. 30 ഓവര്‍ പിന്നിടുമ്പോള്‍ മൂന്ന് വിക്കറ്റിന് 125 റണ്‍സെന്ന നിലയിലാണ് അഫ്‌‌ഗാന്‍. ഹഷ്‌മത്തുള്ളയും(25) അസ്‌ഗാറുമാണ്(14) ക്രീസില്‍. നൂര്‍ അലി(0), ഗുല്‍ബാദിന്‍(37), റഹ്‌മത്ത് ഷാ(46) എന്നിവരാണ് പുറത്തായത്. 

ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഇംഗ്ലണ്ട് നിശ്ചിത 50 ഓവറില്‍ ആറ് വിക്കറ്റിന് 397 റണ്‍സെടുത്തു. മോര്‍ഗന്‍ 71 പന്തില്‍ 148 റണ്‍സെടുത്തപ്പോള്‍ ബെയര്‍സ്റ്റോ 90ഉം റൂട്ട് 88 റണ്‍സും നേടി. അവസാന ഓവറുകളില്‍ മൊയിന്‍ അലി വെടിക്കെട്ടും(ഒന്‍പത് പന്തില്‍ 31) ഇംഗ്ലണ്ടിന് കരുത്തായി. റഷീദ് ഖാന്‍ 9 ഓവറില്‍ 110 റണ്‍സ് വഴങ്ങി.

ജാസന്‍ റോയ്‌ക്ക് പരിക്കേറ്റതിനെ തുടര്‍ന്ന് പകരക്കാരനായെത്തിയ ജെയിംസ് വിന്‍സാണ് ആദ്യം പുറത്തായത്. 31 പന്തില്‍ 26 റണ്‍സെടുത്ത വിന്‍സിനെ ദൗലത്ത് സദ്രാന്‍ മുജീബിന്‍റെ കൈകളിലെത്തിച്ചു. രണ്ടാം വിക്കറ്റില്‍ ബെയര്‍സ്റ്റോയും റൂട്ടും മികച്ച കൂട്ടുകെട്ടുണ്ടാക്കി. എന്നാല്‍ സെഞ്ചുറിലേക്ക് കുതിക്കുകയായിരുന്ന ബെയര്‍‌സ്റ്റോയെ 30-ാം ഓവറില്‍ നൈബ് റിട്ടേണ്‍ ക്യാച്ചില്‍ മടക്കി. 99 പന്തില്‍ 90 റണ്‍സാണ് ബെയര്‍‌സ്റ്റോ നേടിയത്. 

മൂന്നാം വിക്കറ്റില്‍ റൂട്ട്- മോര്‍ഗന്‍ സഖ്യം ഇംഗ്ലണ്ടിനെ കൂറ്റന്‍ സ്‌കോറിലേക്ക് നയിച്ചു. മോര്‍ഗന്‍ കൂടുതല്‍ അക്രമകാരിയായപ്പോള്‍ കരുതലോടെയായിരുന്നു റൂട്ടിന്‍റെ ഇന്നിംഗ്‌സ്. സ്റ്റാര്‍ സ്‌പിന്നര്‍ റഷീദ് ഖാനെ കണക്കിന് ശിക്ഷിച്ച മോര്‍ഗന്‍ 57 പന്തില്‍ നൂറിലെത്തി. എന്നാല്‍ റൂട്ടിന് ശതകം തികയ്‌ക്കാനായില്ല. 82 പന്തില്‍ 88 എടുത്ത റൂട്ടിനെ 47-ാം ഓവറില്‍ നൈബ് പുറത്താക്കി. ഇതേ ഓവറില്‍ മോര്‍ഗനും വീണു. 71 പന്തില്‍ 148 റണ്‍സാണ് മോര്‍ഗന്‍ നേടിയത്. മോര്‍ഗന്‍റെ ബാറ്റില്‍ നിന്ന പറന്നത് 17 സിക്‌സ്.

മോര്‍ഗന്‍ പുറത്താകുമ്പോള്‍ 359-4 എന്ന സ്‌കോറിലെത്തിയിരുന്നു ഇംഗ്ലണ്ട്.  ദൗലത്തിന്‍റെ 48-ാം ഓവറിലെ നാലാം പന്തില്‍ കൂറ്റനടിക്ക് ശ്രമിച്ച ബട്‌ലറും(2) പുറത്തായി. ദൗലത്തിന്‍റെ അവസാന പന്തില്‍ സ്റ്റോക്‌സും മടങ്ങി. നേടാനായത് ആറ് പന്തില്‍ രണ്ട് റണ്‍സ്. എന്നാല്‍ മൊയിന്‍ അലിയും(31) ക്രിസ് വോക്‌സും(1) ഇംഗ്ലണ്ട് ഇന്നിംഗ്‌സ് 397-6 എന്ന നിലയിലെത്തിച്ചു. ലോകകപ്പില്‍ ഇംഗ്ലണ്ടിന്‍റെ ഏറ്റവും ഉയര്‍ന്ന സ്‌കോറാണിത്. ദൗലത്തും നൈബും മൂന്ന് വിക്കറ്റ് വീതം വീഴ്‌ത്തി. 

Follow Us:
Download App:
  • android
  • ios