Asianet News MalayalamAsianet News Malayalam

മികച്ച തുടക്കം, പിന്നാലെ തകര്‍ന്നടിഞ്ഞ് ലങ്ക; രസംകൊല്ലിയായി മഴയും

33 ഓവറില്‍ ലങ്ക എട്ട് വിക്കറ്റിന് 182 റണ്‍സ് എന്ന സ്‌കോറില്‍ നില്‍ക്കുമ്പോഴാണ് രസംകൊല്ലിയായി മഴയെത്തിയത്. 

Afghanistan vs Sri Lanka Match Rain stops play Live Updates
Author
Cardiff, First Published Jun 4, 2019, 5:55 PM IST

കാര്‍ഡിഫ്: ലോകകപ്പില്‍ അഫ്ഗാനെതിരെ മികച്ച തുടക്കത്തിന് ശേഷം തകര്‍ന്ന ലങ്കയെ കൂടുതല്‍ പ്രതിരോധത്തിലാക്കി കാര്‍ഡിഫില്‍ കനത്ത മഴ. ലങ്ക 33 ഓവറില്‍ എട്ട് വിക്കറ്റിന് 182 റണ്‍സ് എന്ന സ്‌കോറില്‍ നില്‍ക്കുമ്പോഴാണ് രസംകൊല്ലിയായി മഴയെത്തിയത്. ലക്‌മലും(2*), മലിംഗ(0*)യുമാണ് ക്രീസില്‍. നാല് വിക്കറ്റുമായി മുഹമ്മദ് നബിയാണ് അഫ്‌ഗാനെ മത്സരത്തിലേക്ക് തിരികെയെത്തിച്ചത്. 

ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗ് തുടങ്ങിയ ലങ്കയ്‌ക്ക് പവര്‍ പ്ലേയില്‍ 79 റണ്‍സുമായി മികച്ച തുടക്കം ദിമുത് കരുണരത്നെയും കുശാല്‍ പെരേരയും നല്‍കി. ആദ്യ വിക്കറ്റില്‍ പിറന്നത് 92 റണ്‍സ്. 45 പന്തില്‍ 30 റണ്‍സെടുത്ത കരുണരത്‌നെയെ പുറത്താക്കി നബിയാണ് അഫ്‌ഗാന്‍ ആദ്യ ബ്രേ ത്രൂ നല്‍കിയത്. 22-ാം ഓവറില്‍ ലഹിരു തിരിമന്നെയെയും(25) നബി പുറത്താക്കിയതോടെ ലങ്ക 144-2. പിന്നീട് കാര്യമായ പ്രതിരോധമൊന്നുമില്ലാതെ ലങ്കയുടെ വിക്കറ്റ് ചോര്‍ച്ച. 

കുശാല്‍ മെന്‍ഡിസ്(2), എയ്‌ഞ്ചലോ മാത്യൂസ്(0), ധനഞ്ജയ ഡി സില്‍വ(0), തിസാര പെരേര(2), ഇസുരു ഉഡാന(10) എന്നിവര്‍ അതിവേഗം മടങ്ങി. എന്നാല്‍ ഇതിനിടെ കുശാല്‍ പെരേര അര്‍ദ്ധ സെഞ്ചുറി തികച്ചിരുന്നു. 33-ാം ഓവറില്‍ എട്ടാമനായാണ് കുശാല്‍ പെരേര മടങ്ങിയത്. 81 പന്തില്‍ നിന്ന് എട്ട് ഫോറടക്കം പെരേര നേടിയത് 78 റണ്‍സ്. 
 

Follow Us:
Download App:
  • android
  • ios