സതാംപ്ടണ്‍: ലോകകപ്പ് സന്നാഹ മത്സരത്തില്‍ ഓസ്‌ട്രേലിയക്ക് തുടര്‍ച്ചയായ രണ്ടാം ജയം. സതാംപ്ടണില്‍ നടന്ന മത്സരത്തില്‍ ശ്രീലങ്കയെ അഞ്ച് വിക്കറ്റിനാണ് ഓസീസ് തകര്‍ത്തത്. ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ ശ്രീലങ്ക നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 239 റണ്‍സ് നേടി. മറുപടി ബാറ്റിങ്ങില്‍ ഓസീസ് 44.5 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. ആദ്യ മത്സരത്തില്‍ ഓസീസ് ആതിഥേയായ ഇംഗ്ലണ്ടിനെ തോല്‍പ്പിച്ചിരുന്നു. 

ഉസ്മാന്‍ ഖവാജ (89), ഗ്ലെന്‍ മാക്‌സ്‌വെല്‍ (36), ഷോണ്‍ മാര്‍ഷ് (34) മാര്‍കസ് സ്റ്റോയിനിസ് (32) എന്നിവരുടെ ഇന്നിങ്‌സാണ് ഓസീസിന് വിജയം എളുപ്പമാക്കിയത്. ഡേവിഡ് വാര്‍ണറും സ്റ്റീവ് സ്മിത്തും ബാറ്റിങ്ങിന് ഇറങ്ങാതെയാണ് ഓസീസിന്റെ വിജയം. ആരോണ്‍ ഫിഞ്ചാ (11)ണ് പുറത്തായ മറ്റൊരു ഓസീസ് താരം. അലക്‌സ് കാരി (18), പാറ്റ് കമ്മിന്‍സ് (8) എന്നിവര്‍ പുറത്താവാതെ നിന്നു. ജാഫ്രി വാന്‍ഡര്‍സായ് ലങ്കയ്ക്കായി രണ്ട് വിക്കറ്റ് വീഴ്ത്തി. 

നേരത്തെ, ശ്രീലങ്കയ്ക്ക് ഓപ്പണര്‍ ലാഹിരു തിരിമാനെയുടെ (56) അര്‍ധ സെഞ്ചുറിയാണ് ഭേദപ്പെട്ട സ്‌കോര്‍ സമ്മാനിച്ചത്. ധനഞ്ജയ ഡിസില്‍വ 43 റണ്‍സെടുത്തു. ഓസീസ് സ്പിന്നിര്‍മാരുടെ പ്രകടനമാണ് ലങ്കയെ നിയന്ത്രിച്ച് നിര്‍ത്തിയത്. ആഡം സാംബ രണ്ട് വിക്കറ്റ് വീഴ്ത്തി.

ദിമുത് കരുണാരത്‌നെ (16), കുശാല്‍ പെരേര (12), കുശാല്‍ മെന്‍ഡിസ് (24), എയ്ഞ്ചലോ മാത്യൂസ് (17), ജീവന്‍ മെന്‍ഡിസ് (21), തിസാര പെരേര (27) എന്നിവരാണ് പുറത്തായ മറ്റു താരങ്ങള്‍. സുരംഗ ലക്മല്‍ (7), മിലിന്ദ സിരിവര്‍ധന (4) പുറത്താവാതെ നിന്നു. സാംബയ്ക്ക് പുറമെ നഥാന്‍ ലിയോണ്‍, സ്റ്റീവന്‍ സ്മിത്ത്, ഗ്ലെന്‍ മാക്‌സ്‌വെല്‍, കെയ്ന്‍ റിച്ചാര്‍ഡ്‌സണ്‍,  പാറ്റ് കമ്മിന്‍സ്, മിച്ചല്‍ സ്റ്റാര്‍ക്ക് എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി.