ലണ്ടന്‍:  ശ്രീലങ്കയില്‍ നിന്ന് ലഭിച്ച അപ്രതീക്ഷിത അടിയുടെ ആഘാതത്തില്‍ ഓസീസിന് മുന്നിലിറങ്ങിയ ഇംഗ്ലീഷ് പടയ്ക്ക് വമ്പന്‍ തോല്‍വി. പേരുകേട്ട ഇംഗ്ലീഷ് ബാറ്റ്സ്മാന്മാര്‍ ജേസണ്‍ ബെഹറന്‍ഡോറഫിന്‍റെയും കൂട്ടരുടെ ബൗളിംഗ് മികവിന് മുന്നില്‍ കളി മറന്നതോടെ 64 റണ്‍സിന്‍റെ വിജയമാണ് ഓസ്ട്രേലിയ കുറിച്ചത്.

115 പന്തില്‍ 89 റണ്‍സെടുത്ത ബെന്‍ സ്റ്റോക്സിന്‍റെ ഒറ്റയാള്‍ പ്രകടനം മാത്രം ബാക്കിയായപ്പോള്‍ ലോകകപ്പിന്‍റെ സെമിയില്‍ കടക്കാമെന്ന ഇംഗ്ലണ്ടിന്‍റെ സ്വപ്നം പോലും സംശയത്തിന്‍റെ നിഴലിലായി. ഓസ്ട്രേലിയക്ക് വേണ്ടി ജേസണ്‍ ബെഹറന്‍ഡോറഫ് പത്ത് ഓവറില്‍ 45 റണ്‍സ് വഴങ്ങി അഞ്ച് വിക്കറ്റുകള്‍ സ്വന്തമാക്കി. 

സ്കോര്‍: ഓസ്ട്രേലിയ നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റിന് 285
ഇംഗ്ലണ്ട് 44.3 ഓവറില്‍ 221 റണ്‍സിന് പുറത്ത്

ഇംഗ്ലണ്ട് ബാറ്റിംഗ് നിരയ്ക്ക് എത്തിപ്പിടിക്കാനാവാത്ത സ്കോര്‍ ഒന്നും ഓസ്ട്രേലിയ പടുത്തുയര്‍ത്തിയിരുന്നില്ല. പക്ഷേ, തുടക്കം മുതല്‍ എല്ലാം പിഴച്ച ഓയിന്‍ മോര്‍ഗനും സംഘവും തോല്‍വി ചോദിച്ച് വാങ്ങുകയായിരുന്നു. ഓസ്ട്രേലിയക്കെതിരെ 286 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇംഗ്ലണ്ടിന് പത്തോവര്‍ പൂര്‍ത്തിയാകും മുമ്പ് തന്നെ മൂന്ന് മുന്‍നിര വിക്കറ്റുകള്‍ നഷ്ടമായി.

ഓപ്പണര്‍ ജയിംസ് വിന്‍സിന് പുറമെ ഇംഗ്ലീഷ് പ്രതീക്ഷയായിരുന്ന ജോ റൂട്ട്, ഓയിന്‍ മോര്‍ഗന്‍ എന്നിവരുടെ വിക്കറ്റുകള്‍ തുടക്കത്തിലെ വീണതോടെ അവര്‍ പരാജയം മുന്നില്‍ കണ്ടു. സംപൂജ്യനായി വിന്‍സ് വീണെങ്കിലും  ജോ റൂട്ടിനെ മിച്ചല്‍ സ്റ്റാര്‍ക്ക് എല്‍ബിഡബ്ല്യൂവില്‍ കുടുക്കിയതാണ് ഇംഗ്ലണ്ടിന് കനത്ത തിരിച്ചടിയായത്.

ഒമ്പത് പന്തില്‍ എട്ട് റണ്‍സുമായാണ് റൂട്ട് മടങ്ങിയത്. തന്‍റെ തൊട്ടടുത്ത ഓവറില്‍ നായകന്‍ മോര്‍ഗനെയും സ്റ്റാര്‍ക്ക് തന്നെ വീഴ്ത്തിയതോടെ ഇംഗ്ലീഷ് മധ്യനിര വലിയ പ്രതിസന്ധിയിലായി. എന്നാല്‍, ബട്‍ലറെ കൂട്ടുപിടിച്ച് സ്റ്റോക്സ് പൊരുതിയതോടെ ഇംഗ്ലണ്ടില്‍ പ്രതീക്ഷയുടെ നാമ്പുകള്‍ പൊട്ടി.

അധികം വെെകാതെ 27 പന്തില്‍ 25 റണ്‍സെടുത്ത ബട്‍ലറിനെ സ്റ്റോയിനിസ് ഖവാജയുടെ കെെകളില്‍ എത്തിച്ചതോടെ കളിയുടെ ഗതി ഏകദേശം തീരുമാനമായിരുന്നു. ക്രിസ് വോക്സുമായി ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം തുടങ്ങിയെങ്കിലും മിച്ചല്‍ സ്റ്റാര്‍ക്കിന്‍റെ ഒന്നാംതരം യോര്‍ക്കറില്‍ സ്റ്റോക്സിന്‍റെ കഥയും തീര്‍ന്നു. പിന്നീട് എല്ലാം ചടങ്ങ് തീര്‍ക്കല്‍ ആയതോടെ ഇംഗ്ലീഷ് ഇന്നിംഗ്സിന് 221 റണ്‍സില്‍ തിരശീല വീണു.

ബെയര്‍സ്റ്റോ (27), വോക്സ് (26), ആദില്‍ റഷീദ് (25) എന്നിവര്‍ക്ക് മാത്രമാണ് ഇംഗ്ലീഷ് നിരയില്‍ അല്‍പമെങ്കിലും പിടിച്ച് നില്‍ക്കാനായുള്ളൂ. നേരത്തെ, ടോസ് നഷ്ടമായി ബാറ്റിംഗിന് ഇറങ്ങിയ ഓസീസ് മികച്ച തുടക്കത്തിന് ശേഷം തകരുകയായിരുന്നു. ആരോണ്‍ ഫിഞ്ചും ഡേവിഡ് വാര്‍ണറും സൂക്ഷ്മതയോടെ കളിച്ചപ്പോള്‍ ആദ്യ വിക്കറ്റില്‍ 123 റണ്‍സ് കൂട്ടിച്ചേര്‍ക്കാന്‍ കങ്കാരുക്കള്‍ക്ക് സാധിച്ചു.

എന്നാല്‍, പിന്നീട് വന്നവരില്‍ സ്റ്റീവന്‍ സ്മിത്തിനും (38) അലക്സ് കാരിക്കും (38) മാത്രം പിടിച്ച് നില്‍ക്കാനായപ്പോള്‍ ഏഴ് വിക്കറ്റിന് 285 റണ്‍സ് സ്കോര്‍ ബോര്‍ഡില്‍ ചേര്‍ക്കാനെ ഓസീസിന് സാധിച്ചുള്ളൂ. ഫിഞ്ച് 100 (116 പന്തില്‍) റണ്‍സെടുത്തപ്പോള്‍ വാര്‍ണര്‍ 53 റണ്‍സുമായി പിന്തുണ നല്‍കി. സെഞ്ചുറി നേടിയതിന് തൊട്ടുപിന്നാലെ ജോഫ്ര ആര്‍ച്ചറിന് മുന്നില്‍ ഫിഞ്ച് കീഴടങ്ങിയതാണ് ഓസീസിന്‍റെ കൂറ്റന്‍ സ്കോര്‍ മോഹത്തിന് തിരിച്ചടിയായത്.

പിന്നീട് വന്ന സ്റ്റീവന്‍ സ്മിത്ത് ഒരറ്റത്ത് നിന്നപ്പോള്‍ അലക്സ് കാരി ഒഴികെയുള്ളവര്‍ പ്രതിരോധം കൂടാതെ ഇംഗ്ലീഷ് ബൗളിംഗിന് മുന്നില്‍ പരാജയം സമ്മതിച്ചു. ഇംഗ്ലണ്ടിന് വേണ്ടി വോക്സ് രണ്ട് വിക്കറ്റുകള്‍ വീഴ്ത്തിയപ്പോള്‍ ആദില്‍ റഷീദ് ഒഴികെ എറിഞ്ഞവര്‍ക്കെല്ലാം ഓരോ വിക്കറ്റുകള്‍ വീതം ലഭിച്ചു.