ബ്രിസ്റ്റോള്‍: ലോകകപ്പില്‍ തുടര്‍ച്ചയായ രണ്ടാം ദിനത്തിലും മഴമൂലം മത്സരം ഉപേക്ഷിച്ചു. ബംഗ്ലാദേശും ശ്രീലങ്കയും തമ്മിലുള്ള ഏഷ്യന്‍ പോരാട്ടമാണ് മഴ കവര്‍ന്നത്. മഴ മാറാനായി ഏറെനേരം കാത്തിരുന്നെങ്കിലും ടോസ് പോലും ഇടാന്‍ കഴിയാതെയാണ് മത്സരം ഉപേക്ഷിച്ചത്. 

മത്സരം ഉപേക്ഷിച്ചതോടെ ഇരു ടീമിനും ഓരോ പോയിന്‍റ് ലഭിച്ചു. ഇതോടെ ലങ്കയ്‌ക്ക് നാല് മത്സരങ്ങളില്‍ നിന്ന് നാല് പോയിന്‍റുകളായി. നാല് മത്സരങ്ങളില്‍ മൂന്ന് പോയിന്‍റാണ് ബംഗ്ലാദേശിനുള്ളത്. ഈ ലോകകപ്പില്‍ മഴമൂലം ഉപേക്ഷിക്കുന്ന മൂന്നാമത്തെ മത്സരമാണിത്. 

തിങ്കളാഴ്‌ച ദക്ഷിണാഫ്രിക്ക- വെസ്റ്റ് ഇന്‍ഡീസ് മത്സരം 7.3 ഓവര്‍ മാത്രം എറിഞ്ഞ ശേഷം ഉപേക്ഷിച്ചിരുന്നു. പതിമൂന്നാം തിയതി നടക്കുന്ന ഇന്ത്യ- ന്യൂസീലന്‍ഡ് മത്സരത്തിനും മഴയുടെ ഭീഷണിയുണ്ട്. നോട്ടിംഗ്‌ഹാമിലെ ട്രെന്‍ഡ് ബ്രിഡ്‌ജിലാണ് മത്സരം.