നോട്ടിംഗ്ഹാം: വിലക്കിന് ശേഷമുള്ള തിരിച്ചുവരവില്‍ വീണ്ടും  സെഞ്ചുറി നേടി ഓസ്‌ട്രേലിയന്‍ ഓപ്പണര്‍ ഡേവിഡ് വാര്‍ണര്‍. പാക്കിസ്ഥാനെതിരായ ശതകത്തിന് പിന്നാലെ ഇപ്പോള്‍ ബംഗ്ലാദേശിനെതിരെയും മിന്നുന്ന ഫോമിലുള്ള വാര്‍ണര്‍ സെഞ്ചുറി നേടിയെടുത്തു.

ടോസ് നേടിയ ബാറ്റിംഗ് തെരഞ്ഞെടുത്ത ഓസീസിന് വേണ്ടി പതിയെ തുടങ്ങിയ വാര്‍ണര്‍ പിന്നീട് നിലയുറപ്പിക്കുകയായിരുന്നു. ബംഗ്ലാദേശ് നല്‍കിയ ജീവന്‍ മുതലെടുത്ത വാര്‍ണര്‍ താളം കണ്ടെത്തിയതോടെ മികച്ച ഷോട്ടുകള്‍ പായിച്ചു.

ഒടുവില്‍ 110 പന്തുകളില്‍ നിന്നാണ് 16-ാമത്ത ഏകദിന സെഞ്ചുറി താരം സ്വന്തമാക്കിയത്. കണക്കിലും കരുത്തിലും ഓസ്ട്രേലിയയാണ് മുന്നിലെങ്കിലും ദക്ഷിണാഫ്രിക്കയെയും വിന്‍ഡീസിനെയും തോല്‍പ്പിച്ചെത്തുന്ന ബംഗ്ലാദേശ് നോട്ടിംഗ്ഹാമില്‍ എത്തിയത്.

എന്നാല്‍, വാര്‍ണറും ഒപ്പം നായകന്‍ ആരോണ്‍ ഫിഞ്ചും ഫോം തുടര്‍ന്നതോടെ ബംഗ്ല കടുവകളുടെ വീര്യം ചോര്‍ന്നു. കളി പുരോഗമിക്കുമ്പോള്‍ 39 ഓവറില്‍ ഒരു വിക്കറ്റ് മാത്രം നഷ്ടത്തില്‍ 237 റണ്‍സ് എന്ന നിലയിലാണ് ഓസ്ട്രേലിയ. സെഞ്ചുറി നേടിയ വാര്‍ണര്‍ക്കൊപ്പം (123) ഉസ്മാന്‍ ഖവാജയാണ് (52) ക്രീസില്‍.

51 പന്തില്‍ 53 റണ്‍സെടുത്ത ആരോണ്‍ ഫിഞ്ചിന്‍റെ വിക്കറ്റാണ് ഓസീസിന് നഷ്ടമായത്. സൗമ്യ സര്‍ക്കാരാണ് കങ്കാരുക്കളുടെ നായകനെ വീഴ്ത്തിയത്. ലോകകപ്പിലെ രണ്ടാം സെഞ്ചുറി നേടിയ വാര്‍ണര്‍ ഓസീസിനെ കൂറ്റന്‍ സ്കോറിലേക്കാണ് നയിക്കുന്നത്.