ബിര്‍മിംഗ്ഹാം: ലോകകപ്പിലെ ആവേശകരമായ മത്സരത്തില്‍ ഇന്ത്യക്കെതിരെ ഇംഗ്ലണ്ടിന് വിജയം. ആതിഥേയര്‍ നിലനില്‍പ്പിനായി ഇറങ്ങിയ പോരാട്ടത്തില്‍ 31 റണ്‍സിന്‍റെ വിജയമാണ് ഓയിന്‍ മോര്‍ഗനും സംഘവും പേരിലെഴുതിയത്. ഇംഗ്ലണ്ട് ഉയര്‍ത്തിയ 338 റണ്‍സ് എന്ന വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശീയ ഇന്ത്യയുടെ പോരാട്ടം അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 306 റണ്‍സില്‍ അവസാനിക്കുകയായിരുന്നു.

ഇംഗ്ലണ്ടിന് വേണ്ടി സെഞ്ചുറി നേടി ജോണി ബെയര്‍സ്റ്റോ ബാറ്റ് കൊണ്ട് താരമായപ്പോള്‍  മൂന്ന് വിക്കറ്റെടുത്ത ലിയാം പ്ലങ്കറ്റിന്‍റെ പ്രകടനമാണ് നിര്‍ണായകമായത്. ഇന്ത്യക്ക് വേണ്ടി ഹിറ്റ്മാന്‍ രോഹിത് പൊരുതി സെഞ്ചുറി സ്വന്തമാക്കി. ഒപ്പം വിരാട് കോലി അര്‍ധ ശതകം നേടിയപ്പോള്‍ ഹാര്‍ദിക്കിന് മാത്രമാണ് ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തത്.

സ്കോര്‍: ഇംഗ്ലണ്ട്- 50 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 337
ഇന്ത്യ - 50 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 306

ഇംഗ്ലണ്ട് ഉയര്‍ത്തിയ 338 എന്ന വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ഇന്ത്യയുടെ തുടക്കം ഒട്ടും ശുഭകരമായിരുന്നില്ല.  ക്രിസ് വോക്സ് എറിഞ്ഞ രണ്ടാം ഓവറിലെ മൂന്നാം പന്തില്‍ തന്നെ ഓപ്പണര്‍ കെ എല്‍ രാഹുലിന്‍റെ പ്രതിരോധം പാളി. ഒമ്പത് പന്തുകളില്‍ നിന്ന് സംപൂജ്യനായി താരം തിരികെ നടന്നു.

അവിടുന്ന് രോഹിത് ശര്‍മയും നായകന്‍ വിരാട് കോലിയും ഇന്ത്യയെ പതിയെ കളിയിലേക്ക് തിരികെ കൊണ്ടു വന്നു. വമ്പനടികള്‍ക്ക് ശ്രമിക്കാതെ വിക്കറ്റ് സൂക്ഷിച്ചാണ് ആദ്യ ഘട്ടത്തില്‍ ഇരുവരും മുന്നോട്ട് പോയത്. എന്നാല്‍, നിലയുറപ്പിച്ച് ഇരുവരും താളം കണ്ടെത്തിയതോടെ ഇംഗ്ലീഷ് ബൗളര്‍മാര്‍ക്ക് ശനിദശ തുടങ്ങി. അര്‍ധ ശതകം നേടി മുന്നോട്ട് പോകുന്നതിനിടെയാണ് കോലിയെ പ്ലങ്കറ്റ് പുറത്താക്കുന്നത്. 76 പന്തില്‍ 66 റണ്‍സാണ് കോലി നേടിയത്.

തുടര്‍ച്ചയായ അഞ്ചാമത്തെ അര്‍ധശതകമാണ് കോലി ലോകകപ്പില്‍ സ്വന്തമാക്കിയത്. പിന്നീട് ലോകകപ്പില്‍ ആദ്യ അവസരം ലഭിച്ച് ക്രീസില്‍ എത്തിയ ഋഷഭ് പന്ത് ഒരു തുടക്കകാരന്‍റെ പതര്‍ച്ചകള്‍ കാണിച്ചെങ്കിലും രോഹിത് ഒരറ്റത്ത് നിന്നതായിരുന്നു ടീം ഇന്ത്യയുടെ പ്രതീക്ഷകള്‍. ഇന്ത്യന്‍ സ്കോര്‍ 200ലേക്ക് കുതിക്കുന്നതിനിടെ രോഹിത് ശര്‍മ ലോകകപ്പിലെ തന്‍റെ മൂന്നാമത്തെ സെഞ്ചുറി സ്വന്തമാക്കി.  106 പന്തില്‍ നിന്നാണ് താരം സെഞ്ചുറിയിലേക്കെത്തിയത്.

പക്ഷേ, ക്രിസ് വോക്സിന്‍റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ ജോസ് ബട്‍ലറിന് ക്യാച്ച് നല്‍കി രോഹിത് മടങ്ങി. 109 പന്തില്‍ 15 ഫോറുകള്‍ അടക്കം 102 റണ്‍സാണ് രോഹിത് കൂട്ടിച്ചേര്‍ത്തത്. അധികം വെെകാതെ ഋഷഭ് പന്തിനെ പ്ലങ്കറ്റിന്‍റെ പന്തില്‍ അസാമാന്യ ക്യാച്ചിലൂടെ ക്രിസ് വോക്സ് പവലിയനിലേക്കയച്ചു.

എന്നാല്‍, ഹാര്‍ദിക് പാണ്ഡ്യ തന്‍റെ സ്വതസിദ്ധമായ വെടിക്കെട്ടിലൂടെ ഇന്ത്യയെ മുന്നോട്ട് നയിച്ചു. ഒപ്പം ധോണിയും ചേര്‍ന്നതോടെ കളി ആവേശകരമായി. പക്ഷേ, 33 പന്തില്‍ 45 റണ്‍സ് അടിച്ചെടുത്ത ഹാര്‍ദിക്കും പ്ലങ്കറ്റിന് മുന്നില്‍ വീണതോടെ എല്ലാ കണ്ണുകളും ധോണിയിലായി. പക്ഷേ, ധോണിക്കും കേദാര്‍ ജാദവിനും പിന്നീടൊന്നും ചെയ്യാന്‍ സാധിക്കാതെ വന്നതോടെ കളി ഇംഗ്ലണ്ട് പിടിച്ചടക്കി. 

അതേസമയം, മേധാവിത്വം മാറി മറിഞ്ഞ പോരില്‍ ഇംഗ്ലണ്ടിന്‍റെ ഇന്നിംഗ്സ് നിശ്ചിത ഓവറില്‍ 337 റണ്‍സില്‍ അവസാനിക്കുകയായിരുന്നു. തുടക്കത്തില്‍ പുലര്‍ത്തിയ ആധിപത്യം മുഹമ്മദ് ഷമിയുടെയും ജസ്പ്രീത് ബുമ്രയുടെ കൃത്യതയ്ക്ക് മുന്നില്‍ നഷ്ടമാവുകയായിരുന്നു ഇംഗ്ലണ്ടിന്.

ജോനി ബെയര്‍സ്റ്റോയുടെ (109 പന്തുകളില്‍ നിന്ന് 111 റണ്‍സ്) സെഞ്ചുറിയുടെയും ജേസണ്‍ റോയിയുടെ (57 പന്തുകളില്‍ നിന്ന് 66 റണ്‍സ്) അര്‍ധ സെഞ്ചുറിയുടെയും കരുത്തില്‍ വന്‍ സ്കോറിലേക്ക് കുതിച്ച ഇംഗ്ലണ്ടനെ ഷമിയുടെ അഞ്ച് വിക്കറ്റ് പ്രകടനമാണ് 337 റണ്‍സില്‍ ഒതുക്കിയത്. 10 ഓവറില്‍ 69 റണ്‍സ് വഴങ്ങിയായിരുന്നു ഷമിയുടെ ക്ലാസ് പ്രകടനം. 10 ഓവറില്‍ വെറും 44 റണ്‍സ് മാത്രം വിട്ടുകൊടുത്ത് ഒരു വിക്കറ്റ് നേടിയ ബുമ്രയും മിന്നി.

അവസാന ഓവറുകള്‍ തകര്‍ത്തടിച്ച് 79 റണ്‍സ് സ്വന്തമാക്കിയ ബെന്‍ സ്റ്റോക്സിന്‍റെ ബാറ്റിംഗും ഇംഗ്ലണ്ടിന് നിര്‍ണായകമായി. ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഇംഗ്ലണ്ടിന് മിന്നുന്ന തുടക്കമാണ് ഓപ്പണര്‍മാരായ ജേസണ്‍ റോയ്-ജോനി ബെയര്‍സ്റ്റോ സഖ്യം നല്‍കിയത്.

ഒരു വിക്കറ്റിനായി സകല തന്ത്രങ്ങളും മെനഞ്ഞ ഇന്ത്യ 22-ാം ഓവറില്‍ ഒടുവില്‍ ലക്ഷ്യം കണ്ടത്. കുല്‍ദീപിനെ അതിര്‍ത്തി കടത്താനുള്ള റോയിയുടെ ശ്രമം പകരക്കാരനായി ഫീല്‍ഡിങ്ങിനിറങ്ങിയ രവീന്ദ്ര ജഡേജയുടെ കെെകളില്‍ അവസാനിച്ചു. പിന്നീട് ജോ റൂട്ട് 54 പന്തില്‍ 44 റണ്‍സെടുത്ത് ഭേദപ്പെട്ട പ്രകടനം നടത്തിയെങ്കിലും അവസാന ഓവറുകളിലെ വെടിക്കെട്ടോടെ 54 പന്തില്‍ നേടിയ 79 റണ്‍സാണ് ഇംഗ്ലണ്ടിന് മികച്ച സ്കോര്‍ സമ്മാനിച്ചത്.

ഇന്ത്യന്‍ പേസര്‍മാര്‍ മികച്ച പ്രകടനം പുറത്തെടുത്തപ്പോള്‍ സ്പിന്നര്‍മാരെ കണക്കറ്റ് ഇംഗ്ലീഷ് ബാറ്റ്സ്മാന്മാര്‍  ശിക്ഷിച്ചു. 10 ഓവറില്‍ 88 റണ്‍സാണ് ചഹാല്‍ വഴങ്ങിയത്. ജേസണ്‍ റോയിയുടെ വിക്കറ്റ് സ്വന്തമാക്കി ടീമിന് ബ്രേക് ത്രൂ നല്‍കിയെങ്കിലും 10 ഓവറില്‍ 72 റണ്‍സ് കുല്‍ദീപും വഴങ്ങി. ലോകകപ്പില്‍ ഇന്ത്യയുടെ ആദ്യ തോല്‍വി മാത്രമാണിത്.