ലണ്ടന്‍: അഫ്ഗാനിസ്ഥാനെതിരായ  ലോകകപ്പ് സന്നാഹ മത്സരത്തില്‍ ഇംഗ്ലണ്ടിന് ജയം. ഇന്ന് നടന്ന മത്സരത്തില്‍ അഫ്ഗാനിസ്ഥാനെ ഒമ്പത് വിക്കറ്റിനാണ് ഇംഗ്ലണ്ട് തകര്‍ത്തത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ അഫ്ഗാന്‍ 38.4 ഓവറില്‍ 160ന് എല്ലാവരും പുറത്തായി. മറുപടി ബാറ്റിങ്ങില്‍ ഇംഗ്ലണ്ട് 17.3 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. 46 പന്തില്‍ 89 റണ്‍സ് നേടിയ ഓപ്പണര്‍ ജേസണ്‍ റോയ് ആണ് ഇംഗ്ലണ്ടിന്റെ വിജയം എളുപ്പമാക്കിയത്. 

റോയ്ക്ക് പുറമെ ജോ റൂട്ട് (29)  പുറത്താവാതെ നിന്നു. ജോണി ബെയര്‍സ്‌റ്റോയാണ് (22 പന്തില്‍ 39) പുറത്തായ താരം. 11 ഫോറും നാല് സിക്‌സും അടങ്ങുന്നതായിരുന്നു റോയ്‌യുടെ ഇന്നിങ്‌സ്. നേരത്തെ മൂന്ന് വിക്കറ്റ് വീതം നേടിയ ജോഫ്ര ആര്‍ച്ചര്‍, ജോ റൂട്ട് എന്നിവരുടെ മൂന്ന് വിക്കറ്റ് പ്രകടനമാണ് അഫ്ഗാനെ തകര്‍ത്തത്. 

മുഹമ്മദ് നബിയുടെ 44 റണ്‍സാണ് അഫ്ഗാനെ 150 കടത്തിയത്. ഓപ്പണര്‍ നൂര്‍ അലി സദ്രാന്‍ 30 റണ്‍സെടുത്തു. സ്ഥിരം ഓപ്പണര്‍ മുഹമ്മദ് ഷെഹ്‌സാദ് ഇല്ലാതെയാണ് അഫ്ഗാന്‍ കളിക്കാനിറങ്ങിയത്. ഹസ്രത്തുള്ള സസൈ (11), റഹ്മത്ത് ഷാ (3), ഹഷ്മത്തുള്ള ഷഹീദി (19), അസ്ഗര്‍ അഫ്ഗാന്‍ (10), ഗുല്‍ബാദിന്‍ നെയ്ബ് (14), നജീബുള്ള സദ്രാന്‍ (1), റാഷിദ് ഖാന്‍ (0), അഫ്താബ് ആലം (6) എന്നിവരാണ് പുറത്തായ മറ്റു താരങ്ങള്‍. ദ്വാളത് സദ്രാന്‍ (20) പുറത്താവാതെ നിന്നു.

ആര്‍ച്ചര്‍ക്കും റൂട്ടിനും പുറമെ ബെന്‍ സ്റ്റോക്‌സ്, മൊയീന്‍ അലി എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി.